അച്ഛൻ ക്ഷേത്രത്തിൽ പാചകക്കാരൻ.. മകൾ എയർ ഫോർസിലെ ഫ്ലൈയിംഗ് ഓഫീസർ. പതിനെട്ട് മാസത്തെ കഠിന പ്രയത്നവും പരിശീലനവും കൊണ്ട് ഫ്ലൈയിംഗ് ഓഫീസർ റാങ്കിൽ വഡോദരയിലെ എയർ ഫോർസ് ആസ്ഥാനത്ത് ടെക്‌നിക്കൽ ഓഫീസറായി രശ്മി ജി ഭട്ട് നിയമിക്കപ്പെട്ടു. ഗോപിനാഥ ഭട്ടിൻ്റെയും ശോഭ ഭട്ടിൻ്റെയും മകളാണ് രശ്മി. ജീവിത ദുരിതത്തിലും തളരാതെ തൻ്റെ ജീവിത സ്വപ്നം കൈവിടാതെ കുതിച്ചുയർന്നതിൻ്റെ വിജയമാണിത്. ഒതുങ്ങാത്ത കഷ്ട്ടപാടുകൾക്കിടയിൽ തൻ്റെ കുടുംബം സ്തംഭിച്ച് നിന്നപ്പോഴും തൻ്റെ സ്വപ്നത്തിൽ നിന്നും കരുത്താർജിച്ച് പറന്നുയർന്നു രശ്മി.
കൊച്ചിയിലെ മട്ടാഞ്ചേരി തിരുമല ക്ഷേത്രത്തിലെ പാചകക്കാരനാണ് അച്ഛൻ. അമ്മ വീട്ടമ്മ. അച്ഛന് രണ്ടാം ക്ലാസ്സും അമ്മക്ക് എട്ടാം ക്ലാസ്സും വിദ്യാഭ്യാസമെങ്കിലും മകൾ ഒരോ ക്ലാസ്സിലും ഉന്നത വിജയം നേടുമ്പോൾ ഒരുപാട് സന്തോഷമാണ്. എങ്കിലും മുന്നോട്ട് എങ്ങനെ പഠിപ്പിക്കും എന്നോർത്ത് ഉരുകിയ നിമിഷങ്ങളുണ്ടായിട്ടുണ്ട്. അമ്പലത്തിലെ ജോലി ചെയ്തു കിട്ടുന്ന വരുമാനത്തിൽ ആണ് കുടുംബം ജീവിച്ചത്. ആശങ്കകൾ മനസ്സിനെ അലട്ടിയിരുന്നെങ്കിലും തിരുമല അപ്പൻ അനുഗ്രഹിക്കുമെന്ന വിശ്വാസത്തിൽ മുന്നോട്ട് നീങ്ങി. സന്മനസ്സുകളുടെ സഹായത്താൽ രശ്മി തൻ്റെ വിദ്യാഭ്യാസം പൂർത്തിയാക്കി.
പത്താം ക്ലാസ്സിൽ മട്ടാഞ്ചേരി ടി. ഡി. ഹൈസ്ക്കൂളിൽ നിന്നും എല്ലാ വിഷയത്തിനും പ്ലസ് നേടി വിജയം. പന്ത്രണ്ടാം ക്ലാസ്സിൽ 94 % നേടി തോപ്പുംപടി സെൻ്റ്. സെബാസ്റ്റ്യൻസിൽ നിന്നും പഠിച്ചിറങ്ങി. വിശ്വ കൊങ്കിണി അസോസ്സിയേഷൻ്റെ സഹായത്താൽ ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻസിൽ ബി.ടെക് പൂർത്തിയാക്കി. കാമ്പസ് സെലക്ഷനിലൂടെ ബാംഗലൂർ ടി.സി.എസ്സിൽ ജോലി നേടി. എന്നാൽ രശ്മിയുടെ ലക്ഷ്യം നാവിക സേനയായിരുന്നു. അതിനായി പിന്നീട് ആ ജോലി ഉപേക്ഷിച്ച് ഹൈദരാബാദിലെ എയർ ഫോർസ് അക്കാദമിയിൽ ചേർന്നു. ബാംഗലൂരിൽ ഒരു വർഷത്തെ പഠനവും ശേഷം എ.എഫ്. സി. ഐ.ടിയിൽ പതിനെട്ട് മാസത്തെ ട്രെയിനിംഗിന് ശേഷമാണ് നിയമനം നേടിയത്.ആ ബാച്ചിലെ ഏക വനിതാ ഓഫീസർ രശ്മിയായിരുന്നു. ഗൗഡ സരസ്വതി ബ്രാഹ്മിൻ കമ്മ്യൂണിറ്റിയിലെ ആദ്യത്തെ മലയാളി ഫ്ലൈയിംഗ് ഓഫീസറാണ് രശ്മി ജി ഭട്ട്.
ജോയിൻ ചെയ്യുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും നേരിട്ട് വന്ന് കണ്ട് അനുഗ്രഹം വാങ്ങാനാവാത്ത വിഷമത്തിലാണ് രശ്മി. ജോയിനിംഗ് ഡേറ്റിന് മുൻപ് പതിനഞ്ച് ദിവസം ലഭിച്ചെങ്കിലും ക്വാരൻ്റീനിൽ കഴിയേണ്ടി വരുന്നതിനാൽ കേരളത്തിലേക്ക് വരാനാകില്ല. ഒരായുസ്സ് മുഴുവൻ അനുഭവിച്ച സഹനത്തിൻ്റെയും ദുരിതത്തിൻ്റെയും പ്രതിഫലമാണെന്നും തിരുമല അപ്പൻ്റെ അനുഗ്രഹമായും മകളുടെ ഈ നേട്ടത്തെ കാണുന്നുവെന്ന് അച്ഛനും അമ്മയും പറയുന്നു