‘ടെലിവിഷൻ സീരിയലിലൂടെയും കോമഡി ഷോയിലൂടെയും താരമായ നടൻ അനീഷ് രവി ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ നടനാണ്. കാര്യം നിസ്സാരം എന്ന സീരിയലിൽ വില്ലേജ് ഓഫിസറായാണ് അനീഷ് രവി ഏറെ ശ്രദ്ധനേടിയത്. ആദർശവാനായ മോഹനകൃഷ്ണൻ അല്ലെങ്കിൽ ‘അളിയൻ Vs അളിയൻ’ എന്ന സീരിയലിലെ കനകനെ അറിയാത്തവർ ചുരുക്കം. അനീഷ് രവി എന്ന നടനെ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുത്താൻ ഈ രണ്ടു കഥാപാത്രങ്ങൾ ധാരാളം. മെഗാസീരിയൽ രംഗത്ത് ശബ്ദം കൊണ്ടു പോലും പ്രേക്ഷകർക്കു തിരിച്ചറിയാൻ കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ. പല കഥാപാത്രങ്ങളിലൂടെ അനീഷ് എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ പ്രോഗ്രാമുകൾക്ക് അവതാരകനായും തിളങ്ങി.
മലയത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ നാടായ ചിറയൻകീഴിൽ നിന്നും വന്ന പരിചയപെടുത്തലുകൾ ആവിശ്യമില്ലാത്ത സജീവ സാന്നിധ്യമായി അനീഷ് വളർന്നതിനു പിന്നിൽ കാലങ്ങളുടെ അധ്വാനവും പരിശ്രമവും ഉണ്ട്. എന്നാൽ ആ ജീവിതയാത്രയിൽ മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദർഭങ്ങൾ അനീഷിന്റെ ജീവിതത്തിൽ ഉണ്ട് .
ഈ ലോക്ക്ഡൗൺ കാലത്ത് തുടർച്ചയായി 51 ദിവസം ഫേസ്ബുക്കിൽ ലൈവിൽ എത്തി പ്രേക്ഷകരുമായി സംവദിക്കാനും,പലതരം ആശങ്കകളുമായി ജീവിക്കുന്നവരെ മോട്ടിവേറ്റ് ചെയ്തു സംസാരിക്കാനും സാധിച്ചത് സ്വന്തം ജീവിതത്തിലെ ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ എന്ന് അദ്ദേഹം പറയുന്നു .
പലതരം പ്രതിസന്ധികൾ നേരിട്ട തനിക്ക് മരണത്തെ മുഖാമുഖം കണ്ട നിരവതി സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടെന്നും താരം പറഞ്ഞു. അതിൽ ഒന്നു ഏറെ കാലം തന്നെ ഉറക്കത്തിലും വേട്ടയാടിയിരുന്നു. കടുത്ത തലവേദനയിൽ നിന്നുമൊരു മോചനമായിരുന്നു അതെന്ന് അനീഷ്.
2006-2007കാലത്ത് മിന്നുകെട്ട് എന്ന സീരിയലിൽ അഭിനയിക്കുന സമയം. സൂപ്പർഹിറ്റായി സംപ്രേക്ഷണം ചെയ്യുകയായിരുന്ന മിന്നുകെട്ടിലെ വിമൽ ആർ മേനോൻ എന്ന കഥാപാത്രം
ശ്രദ്ധേയമായിരുന്നു. അപ്പോഴാണ് വില്ലന്റെ രൂപത്തിൽ തലവേദന എത്തുന്നത്. എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് തലവേദന എത്തി. ചികിത്സിച്ചെങ്കിലും ഭേദമായില്ല. തലവേദനക്കുള്ള കാരണം മനസിലാകാത്തതിനാൽ ഒന്നും ചെയ്യാനായില്ല. ഗുളികകൾ കഴിച്ചിട്ടും നെറ്റി പൊള്ളുന്നത് വരെ വേദനസംഹാരികൾ ഉപയോഗിച്ചെങ്കിലും വേദന അസഹ്യമായി തുടർന്നു. എങ്കിലും കടുത്ത വേദന സഹിച്ചും അഭിനയം തുടർന്നു. വിമൽ എന്ന കഥാപാത്രം ഉറക്കെ സംസാരിക്കുന്ന കോമഡി പറയുന്ന തരത്തിലായിരുന്നു. ഒരു നിമിഷം ജീവിതവും കരിയറും കൈവിട്ടു പോകുന്നതായി തോന്നി. ചിറയിൻകീഴുള്ള ദേവി ക്ഷേത്രത്തിൽ പോയി ദേവിക്ക് മുന്നിൽ നിര കണ്ണുകളോടെ തൊഴുതു. ഒന്നും വേണ്ട പൂർണ ആരോഗ്യത്തോടെ നിവർന്നു നിൽക്കാനാവണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു. ഭാര്യയുടെ ചേച്ചി ഡോക്ടർ രാജലക്ഷ്മി വഴി ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ന്യൂറോസർജനായ ഡോക്ടർ ഈശ്വരുടെ അടുത്തെത്തി. തന്റെ തലച്ചോറിൽ ഒരു സ്പോട് രൂപപ്പെട്ടിരുന്നുവെന്ന് അറിയിച്ചതോടെ സർജറി വേണ്ടി വരുമോ എന്ന ആശങ്കയായി. ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത് ഡോക്ടറാണെന്നും അനീഷ് പറഞ്ഞു. ഡോക്ടർ തനിക്ക് നല്കിയ ആത്മവിശ്വാസം ചെറുതല്ലെന്നും ഇതൊന്നും കാര്യമാക്കണ്ട എളുപ്പത്തിൽ മാറ്റാം എന്നിങ്ങനെയുള്ള വാക്കുകൾ തനിക്ക് കരുത്ത് നല്കിയെന്നും താരം. ട്രീറ്റ്മെൻ്റ് തുടങ്ങി ഡോക്ടറെ കാണുന്നത് പോലും സന്തോഷവും ആശ്വാസവും നൽകി. ഒപ്പം ലൊക്കേഷനിൽ ഏവരുടെയും പിന്തുണ ലഭിച്ചിരുന്നു എന്നും അനീഷ് വ്യക്തമാക്കി.
2 വർഷത്തോളം നീണ്ടു നിന്ന ചികിത്സയിലൂടെ വേദനക്ക് ശമനമുണ്ടായി. ഇപ്പോൾ അനീഷ് അതിൽനിന്നും പൂർണമായും ഭേദമാണ്. തന്റെ ജീവിതത്തിൽ പ്രധാനപെട്ട ഒരു ഘട്ടത്തിൽ ഈശ്വരതുല്യനായി വന്നയാളാണ് ഡോക്ടർ ഈശ്വർ എന്നും താൻ താണ്ടിയ മനോവേദനകളുടെയും പ്രയാസങ്ങളുടെയും ആഴം എന്നും തൻ്റെ ഉള്ളിൽ ഉണ്ടാകുമെന്നും അനീഷ്.
ലോക്കഡോൺ സമയത്ത്, എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 10 മിനിറ്റോളം താരം ഫേസ്ബുക്കിൽ ലൈവിൽ വന്ന് ആരാധകരുമായി സംവദിച്ചിരുന്നു.
കൊറോണ വൈറസ് ജീവിതത്തെ എങ്ങനെ ബാധിക്കുന്നു, എടുക്കേണ്ട മുൻകരുതലുകൾ, പൊതുവായ അവബോധം എന്നിങ്ങനെ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ ചിന്തകളും അനീഷ് പങ്കുവെച്ചിരുന്നു.