ഒട്ടുമിക്ക വീട്ടമ്മമാരുടെയും പരാതിയാണ് ഫ്രിഡ്ജ് എത്ര ഒതുക്കിയാലും അത് ഒതുങ്ങി ഇരിക്കാതെ വൃത്തിയില്ലാതെയിരിക്കുന്നത്. ഫ്രിഡ്ജിൽ സാധനങ്ങൾ വെക്കുമ്പോഴും എടുക്കുമ്പോഴും ഭക്ഷണത്തിൻ്റെ അംശങ്ങൾ ഫ്രിഡ്ജിൽ വീഴുന്നതും ഒരു വലിയ പ്രശ്നമാണ്. അങ്ങനെ വന്നാൽ സമയമെടുത്ത് ഫ്രിഡ്ജ് മുഴുവൻ വൃത്തിയാക്കേണ്ടി വരാറുണ്ട്. ചില സമയങ്ങളിൽ ഭക്ഷണ സാധനങ്ങളിരുന്ന് ഫ്രിഡ്ജിൽ നിന്നും ദുർഗന്ധം വരാറുണ്ട്. എന്നാൽ ഇവയെല്ലാം പരിഹരിച്ച് ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ കുറച്ച് കാര്യങ്ങൾ ചെയ്താൽ മതി.
ആദ്യം ഫ്രിഡ്ജ് നന്നായി വൃത്തിയാക്കുക. സാധാരണ നമ്മൾ ഫ്രിഡ്ജിൻ്റെ റാക്കുകളിലേക്ക് നേരിട്ട് സാധനങ്ങൾ വെക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഫിലിം പേപ്പർ ഉപയോഗിച്ച് റാക്കുകൾ പൊതിഞ്ഞ ശേഷം സാധനങ്ങൾ വെക്കുമ്പോൾ ഭക്ഷണത്തിൻ്റെ അംശങ്ങൾ റാക്കിൽ വീണാലും ഈ പേപ്പർ മാത്രം മാറ്റിയാൽ മതി. ഫ്രിഡ്ജ് മുഴുവൻ വൃത്തിയാക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ പഴയത് മാറ്റി പുതിയ പേപ്പർ വെക്കാം. പച്ചക്കറികൾ, പഴങ്ങൾ, എന്നിവയൊക്കെ പ്രത്യേകം ബാസ്കറ്റുകളോ ട്രേയിലോ വെക്കുന്നത് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കും. സ്റ്റേഷനറി കടകളിൽ നിന്നും വാങ്ങാവുന്ന പ്ലാസ്റ്റിക്ക് ബാസ്കറ്റുകൾ, ട്രേ തുടങ്ങിയവയിൽ സാധനങ്ങൾ തരം തിരിച്ച് വെക്കാം. ട്രേയിലും ഫിലിം പേപ്പറിലായി സാധനങ്ങൾ വെക്കുമ്പോൾ ഇവ കേടായാലും അതിൽ നിന്നും വരുന്ന വെള്ളവും മറ്റും പേപ്പറിലാവുകയും അത് മാറ്റുകയും ചെയ്യാം. ട്രേകൾ കഴുകേണ്ട ആവശ്യം വരില്ല. ചീസ്, ബട്ടർ, ക്രീം എന്നിവ ഒന്നിച്ച് തരം തിരിച്ച് വെക്കുമ്പോൾ സാൻ്റ് വിച്ചോ മറ്റോ ഉണ്ടാക്കുമ്പോൾ ആ ബാസ്ക്കറ്റ് മാത്രം പുറത്തെടുത്താൽ മതിയാകും. ഫ്രിഡ്ജ് മുഴുവൻ പരതേണ്ട ആവശ്യം വരില്ല. ഇത്തരത്തിൽ തരംതിരിക്കാവുന്ന സാധനങ്ങൾ തരം തിരിച്ച് വെക്കുക. ഉപയോഗിച്ച സാധാനങ്ങളുടെ ബാക്കിയും, പൊട്ടിച്ച ജാം, സോസുകൾ, പാല്, തൈര് തുടങ്ങിയവ പെട്ടെന്ന് എടുക്കാനും അവ മറന്ന് പോകാതിരിക്കാനുമായി സൈഡിലെ റാക്കിൽ വെക്കാം.
ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധമകറ്റാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ടിപ്പുണ്ട്. വാനില എസ്സൻസ്, പൈനാപ്പിൾ എസൻസ്, റോസ് വാട്ടർ ഇവയിൽ ഏതെങ്കിലും ഒന്ന് ഒരു ടീസ്പൂൺ അളവിൽ ഒരു ബൗളിലെടുത്ത് അതിലേക്ക് 2 ടീസ്പൂൺ വെള്ളം ചേർത്ത് മിക്സ് ചെയ്ത ശേഷം പഞ്ഞിയോ ടിഷ്യു പേപ്പറോ ചെറിയ ബോളുകളാക്കി ഇതിൽ മുക്കി ഫ്രിഡ്ജിൻ്റെ എല്ലാ ഭാഗങ്ങളിലും തൂത്ത് കൊടുക്കാം. ഫ്രിഡ്ജിൽ പലതരം ഭക്ഷണ സാധനങ്ങൾ വെക്കുന്നതിനാലുണ്ടാകുന്ന ദുർഗന്ധം മാറി ഫ്രിഡ്ജ് തുറക്കുമ്പോൾ നല്ല സുഗന്ധമുണ്ടാകും. എസ്സൻസ് ഇല്ലെങ്കിൽ ഒരു ചെറിയ ഗ്ലാസ്സിലോ കുപ്പിയിലോ ഒരു ടേബിൾ സ്പൂൺ കാപ്പി പൊടിയെടുത്ത ശേഷം കപ്പ് കേക്ക് ലൈനറോ, ഓയിൽ പേപ്പറോ ഉപയോഗിച്ച് മൂടി കെട്ടുക. ശേഷം കാപ്പി പൊടിയുടെ സുഗന്ധം വരാൻ പേപ്പറിൽ 3-4 ചെറിയ ദ്വാരങ്ങളിട്ട് കൊടുക്കാം. ഈ കുപ്പി ഫ്രിഡ്ജിൽ ഏതെങ്കിലും കോണിലായി വെക്കുമ്പോൾ ദുർഗന്ധം ഇത് വലിച്ചെടുത്ത് ഫ്രിഡ്ജിൽ സുഗന്ധം നിറയ്ക്കും. ഒരു മാസം ഉപയോഗിച്ച ശേഷം ഇത് മാറ്റി വീണ്ടും ഇങ്ങനെ ചെയ്യാം. ഇത്തരം ടിപ്പുകൾ ചെയ്താൽ എല്ലാ ആഴ്ചയിലും ഫ്രിഡ്ജ് മുഴുവൻ വൃത്തിയാക്കേണ്ട ആവശ്യം വരില്ല. ഫ്രിഡ്ജ് എപ്പോഴും ഒതുങ്ങി വൃത്തിയായി ഇരിക്കും.