ഓറഞ്ച് വാങ്ങുമ്പോൾ സാധാരണ നമ്മൾ തൊലി കളയാറാണ് പതിവ്. എന്നാൽ ഇനി ഓറഞ്ചിൻ്റെ തൊലി കളയാതെ ഉപകാരപ്പെടുത്താം. ഓറഞ്ച് തൊലിക്ക് പല ഉപയോഗങ്ങളുണ്ടെന്ന് അറിയാമെങ്കിലും പലരും അത് ചെയ്യാൻ മടിക്കാറുണ്ട്. ഓറഞ്ച് തൊലി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന, എന്നാൽ എല്ലാ വീട്ടിലും ആവശ്യമായ ഒരു ഉപകാരമുണ്ട്. നമ്മുടെ അടുക്കളയിലും മുറികളിലുമായി തങ്ങി നിൽക്കുന്ന ദുർഗന്ധം മാറ്റി സുഗന്ധം നിറയ്ക്കാൻ ഓറഞ്ച് തൊലി ഉപയോഗിക്കാം.
ഓറഞ്ചിൻ്റെ തൊലി കളയുമ്പോൾ സാധാരണ ചെറിയ കഷ്ണങ്ങളായാണ് നമ്മൾ കളയുന്നത്. എന്നാൽ നല്ല വൃത്തിയായി തൊലി കളഞ്ഞ് എടുക്കാൻ നാരങ്ങ മുറിക്കുന്നത് പോലെ ഓറഞ്ചിൻ്റെ നടുഭാഗത്തായി ചെറുതായി വരഞ്ഞ് കൊടുക്കുക. കത്തി ആഴത്തിൽ ഉള്ളിലേക്കിറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണം. വരഞ്ഞ ശേഷം ഓറഞ്ച് എളുപ്പത്തിൽ ഊരിയെടുക്കാം. ഊരിയെടുക്കുമ്പോൾ തൊലിയുടെ ഒരു ഭാഗം ചെറിയ ദ്വാരമുള്ളതും മറ്റേ ഭാഗം ഒരു തിരി പോലെയും ലഭിക്കും. ഇതിൽ തിരി പോലെയുള്ള ഭാഗം ഒരു ചെറിയ പാത്രത്തിൽ വെക്കുക. ശേഷം തൊലിയുടെ ഉള്ളിലേക്ക് എണ്ണ ഒഴിച്ച് തിരി കത്തിച്ച് കൊടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട് മുഴുവൻ ഓറഞ്ചിൻ്റെ സുഗന്ധം നിലനിർത്താൻ സഹായിക്കും. കടകളിൽ നിന്നും വാങ്ങുന്ന എയർ ഫ്രഷ്നറുകളെക്കാൾ നാച്ചുറൽ സുഗന്ധം ഇത് നല്കും.