ഉപ്പ് ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ അറിയാതെ പോകരുത്

നിത്യ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഉപ്പ്‌. പാചകത്തിനും നമ്മുടെ ആരോഗ്യത്തിനും ഉപ്പിൻ്റെ പങ്ക് വലുതാണ്‌. ഉപ്പില്ലാത്ത കറികളെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല.  എന്നാൽ ഭക്ഷണത്തിന് രുചി നല്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിലെ പല ആവശ്യങ്ങൾക്കും ഉപ്പ് ഒരു പരിഹാരമാണ്. സൗന്ദര്യ വർദ്ധക ഗുണങ്ങളുമുണ്ട്. പച്ചക്കറികളും ഇറച്ചികളും കേടാകാതെ സൂക്ഷിക്കാനും ഉപ്പ് സഹായിക്കും. വീട്ടിലെ പല വസ്തുക്കളും ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കാനാകും. 

അടുക്കളയിൽ ചിലപ്പോഴെങ്കിലും നമ്മുടെ അശ്രദ്ധ കാരണം മുട്ട വീണ് പൊട്ടാറുണ്ട്.  തുണിയോ പേപ്പറോ ഉപയോഗിച്ച് വൃത്തിയാക്കിയാലും മുട്ട വീണ സ്ഥലത്ത് വഴുവഴുപ്പ് നിലനില്ക്കും. എന്നാൽ വഴുവഴുപ്പോ മണമോ ഒന്നുമില്ലാതെ തന്നെ ഉപ്പ് ഉപയോഗിച്ച് ഇത് വൃത്തിയായി തുടച്ചെടുക്കാനാകും. മുട്ട വീണ് പൊട്ടിയാൽ അതിന് മുകളിലായി ഉപ്പ് തൂകി കൊടുക്കുക. 5 മിനിറ്റിന് ശേഷം ഒരു തുണി ഉപയോഗിച്ച് ഇത് തുടച്ച് മാറ്റാം. പിന്നീട് സാധാരണ വൃത്തിയാക്കുന്നത് പോലെ വെള്ളമുപയോഗിച്ച് തുടക്കാം. മുട്ടയുടെ മണവും ഒട്ടലുമില്ലാതെ നന്നായി വൃത്തിയാക്കാൻ സാധിക്കും. കടയിൽ നിന്നും വാങ്ങുന്ന മുട്ട നല്ലതാണോ ചീഞ്ഞതാണോ എന്ന് പരിശോധിക്കാൻ ഉപ്പ് ഉപയോഗിച്ച് ഒരു സൂത്രമുണ്ട്. ഒരു ഗ്ലാസ്സിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു ടീ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം മുട്ട പതുക്കെ ഈ വെള്ളത്തിലേക്ക് ഇറക്കി കൊടുക്കാം. മുട്ട ഫ്രഷാണെങ്കിൽ വെള്ളത്തിൽ താഴെ കിടക്കുന്നതായി കാണാം. അഥവ മുട്ട വെള്ളത്തിന്  മുകളിൽ പൊങ്ങി കിടക്കുന്നെങ്കിൽ മുട്ട ചീഞ്ഞതാണ് എന്നർത്ഥം. വാങ്ങുന്ന മുട്ടകൾ ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഒന്ന് പരിശോധിച്ച ശേഷം ഇനി ഉപയോഗിക്കാം. 

 

നമ്മൾ എന്നും പാത്രം കഴുകാൻ സ്ക്രബ്ബർ  ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ മിക്കവാറും കഴുകാൻ വിട്ടു പോകാറുണ്ട്. ദിവസേനയോ രണ്ട് ദിവസം കൂടുമ്പോഴോ ഇത് കഴുകേണ്ടത് ആവശ്യമാണ്. നമ്മൾ ഉപയോഗിക്കുന്ന സ്ക്രബ്ബറിനുള്ളിൽ ധാരാളം അഴുക്കും ബാക്ടീരിയയും ഉള്ളതിനാൽ ഇത് വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് രോഗങ്ങൾക്ക് കാരണമായേക്കാം. എല്ലാ ദിവസവും രാത്രി പാത്രങ്ങൾ കഴുകിയ ശേഷം ഈ സ്ക്രബ്ബർ വൃത്തിയാക്കാം. വൃത്തിയാക്കുന്നതിനായി ഒരു ബൗളിൽ വെട്ടിത്തിളക്കുന്ന വെള്ളമെടുത്ത് അതിലേക്ക് ഒരു ടീ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഉപയോഗിച്ച സ്ക്രബ്ബർ മുക്കി വെച്ച് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി അമർത്തി കൊടുക്കാം. ശേഷം ഒരു രാത്രി മുഴുവൻ സക്രബ്ബർ ഈ വെള്ളത്തിൽ കിടക്കേണ്ടതുണ്ട്. പിറ്റേന്ന് രാവിലെ സ്ക്രബ്ബർ കഴുകി പിഴിഞ്ഞ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് സ്ക്രബ്ബറിലുള്ള ബാക്ടീരികൾ നശിക്കാനും രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *