കട്ടൻ ചായ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. പലർക്കും ദിവസേന കട്ടൻ ചായ കുടിക്കുന്നത് ഒരു ശീലമാണ്. എന്നാൽ കട്ടൻ ചായ കുടിക്കുന്നവർ ഈ കാര്യങ്ങൾ കൂടി അറിയുക. കട്ടൻ ചായ കുടിക്കാൻ മാത്രമല്ല, നമ്മൾ വീട്ടിൽ എന്നും ചെയ്യുന്ന ചില കാര്യങ്ങൾക്ക് ഈ കട്ടൻ ചായ ഉപകാരപ്രദമാക്കാം. നിത്യ ജീവിതത്തിലെ പല പ്രശ്നങ്ങളും കട്ടൻ ചായ പരിഹരിക്കും. കട്ടൻ ചായയിൽ അടങ്ങിയിട്ടുള്ള അസിഡിറ്റി പൊടിയും അഴുക്കും കളയാൻ ഉത്തമമാണ്.
നമ്മുടെ വീട്ടിലെ തടിയുടെ ഫർണിച്ചറുകൾ വൃത്തിയാക്കാനും അത് തിളങ്ങാനും കട്ടൻ ചായ ഫലപ്രദമാണ്. കട്ടൻ ചായ നന്നായി തിളപ്പിച്ച് ചൂടാറിയ ശേഷം ഒരു തുണിയിൽ മുക്കി മൃദുവായി ഫർണിച്ചറുകൾ തുടച്ച് കൊടുത്താൽ അവ വെട്ടിത്തിളങ്ങും. അത് പോല നമ്മുടെ വീട്ടിലെ കണ്ണാടികൾ തിളങ്ങാനും കട്ടൻ ചായ സഹായിക്കും. നല്ല കടുപ്പത്തിൽ കട്ടൻ ചായ തയ്യാറാക്കി ചൂടാറിയ ശേഷം തുണി മുക്കി കണ്ണാടി ചില്ലുകൾ തുടച്ച് വൃത്തിയാക്കാം. കണ്ണാടികൾ മാത്രമല്ല, ജനലുകളുടെയും മറ്റും ചില്ലുകൾ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം. ചില്ലുകളിലെ പാടുകളെല്ലാം പൂർണ്ണമായി മാറി തിളങ്ങുന്നത് കാണാം. കാർപ്പറ്റുകളിൽ നിന്നും വമിക്കുന്ന ദുർഗന്ധം മാറാൻ ചായപ്പൊടി ഉപയോഗിക്കാവുന്നതാണ്. ചായ ഉണ്ടാക്കിയ ശേഷം അരിച്ചെടുക്കുന്ന പൊടി ഉണക്കിയതോ ഉപയോഗിക്കാത്ത ചായ പൊടിയോ എടുക്കാം. ഉണങ്ങിയ ചായ പൊടി കാർപ്പറ്റിന് മുകളിലായി തൂകി കൊടുത്ത് 15 മിനിറ്റ് വെക്കുക. ശേഷം കാർപ്പറ്റ് നന്നായി വാക്ക്വം ചെയ്തെടുക്കുക. ഫ്ലേവറുള്ള ചായ പൊടി ഉപയോഗിച്ചാൽ കൂടുതൽ സുഗന്ധവും ലഭിക്കും. അത് പോലെ ഫ്രിഡ്ജിൽ നിന്നും ചീത്ത മണം മാറി സുഗന്ധം നിറയാൻ ഒരു ചെറിയ കുപ്പിയിൽ നന്നായി ഉണങ്ങിയ ഈർപ്പമില്ലാത്ത ചായപ്പൊടി എടുത്ത് ഫ്രിഡ്ജിൻ്റെ ഒരു കോണിലായി തുറന്ന് വെക്കാം. ഇത് ഫ്രിഡ്ജിനുളളിലെ ചീത്ത മണം വലിച്ചെടുക്കും. ഒപ്പം ചായപ്പൊടിയുടെ സുഗന്ധം ഫ്രിഡ്ജ് മുഴുവൻ പരത്തും. എന്നാൽ ഈ ചായപ്പൊടി പിന്നീട് ഉപയോഗിക്കാനാവില്ല.
നമ്മൾ ഈച്ചി, മീൻ, വെളുത്തുള്ളി, സവാള തുടങ്ങിയവ അരിഞ്ഞ് കഴിയുമ്പോൾ കൈയ്യിൽ ഇവയുടെ മണം നില്ക്കാറുണ്ട്. എത്ര കഴുകിയാലും ഇവയുടെ കറയും മണവും മാറാൻ പ്രയാസമാണ്. ചായപ്പൊടി ഉപയോഗിച്ച് കൈ നന്നായി തിരുമി കഴുകുന്നത് നല്ലതാണ്. ഇതല്ലെങ്കിൽ കടുപ്പമുള്ള കട്ടൻ ചായ ഉപയോഗിച്ച് നന്നായി കൈ കഴുകി വൃത്തിയാക്കാം. മണവും കറയും പോയി കൈ വൃത്തിയാകും. നമ്മളിൽ പലരുടെയും പ്രശ്നമാണ് മുടിയുടെ നിറം മങ്ങുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടാകാം. എന്നാൽ മുടിയുടെ നിറം നിലനിർത്താൻ ആഴ്ച്ചയിലൊരിക്കൽ കട്ടൻ ചായ ഉപയോഗിച്ച് മുടി നന്നായി കഴുകുക. കട്ടൻ ചായ നന്നായി തിളപ്പിച്ച് ചൂടാറിയ ശേഷം അതുപയോഗിച്ച് മുടി കഴുകി, തണുത്ത വെള്ളമൊഴിച്ച് കഴുകി കളയാം. മുടി തോർത്തി കഴിഞ്ഞ് മുടിയുടെ നിറത്തിൽ വ്യത്യാസവും തിളങ്ങുന്നതും കാണാം. നമ്മുടെ അലമാരയിലും ഡ്രോയറിലും തുണി സൂക്ഷിക്കുമ്പോൾ പ്രത്യേക തരം മണം അനുഭവപ്പെടാറുണ്ട്. ഒരു ചെറിയ കഷ്ണം തുണിയിൽ 1-2 ടേബിൾ സ്പൂൺ ചായപ്പൊടിയെടുത്ത് കെട്ടി ഒരു കോണിലായി വെച്ചാൽ ഇത്തരം മണം മാറി അലമാര നിറയെ ചായപ്പൊടിയുടെ സുഗന്ധം നിറയും.
നമ്മുടെ പൂന്തോട്ടം നിറയെ പൂക്കളുണ്ടാകാനും ചായപ്പൊടി വളരെ ഫലപ്രദമാണ്. ഉപയോഗിച്ച ചായപ്പൊടി നന്നായി ഉണക്കി മുട്ടത്തോട് പൊടിച്ചതുമായി ചേർത്ത് പൂച്ചെടികൾക്ക് വളമാക്കുന്നത് നിറയെ പൂക്കളുണ്ടാകാൻ സഹായിക്കും. 10 ദിവസത്തിനുള്ളിൽ തന്നെ റിസൾട്ട് കാണാൻ കഴിയും. അതുപോലെ നമ്മുടെ വീട്ടിലെ കൊതുക് ശല്ല്യം മാറ്റാനും ചായപ്പൊടി ഉപയോഗിക്കാം. ഉപയോഗിച്ച ശേഷം ഉണക്കിയതോ ഉപയോഗിക്കാത്തതോ ആയ ചായപ്പൊടി 2-3 ടേബിൾ സ്പൂൺ ഒരു പാനിൽ എടുത്ത് നന്നായി വറക്കുക. ഇതിൻ്റെ ഗന്ധം വീട് മുഴുവൻ നിറയും. ഈ ഗന്ധം കൊതുകുകൾക്ക് അസ്ഥതയുണ്ടാക്കുന്നതിനാൽ അവ വീടിനകത്ത് കടക്കുകയില്ല. മാത്രമല്ല വീടിനുള്ളിലെ ചീത്ത മണം ഇത് വലിച്ചെടുത്ത് സുഗന്ധം നിറയ്ക്കും. നമ്മുടെ കട്ടൻ ചായക്ക് ഇത്ര മാത്രം ഗുണങ്ങളുണ്ടെന്ന് ഇനി അറിയാതെ പോകരുത്.