ഇന്ത്യയിൽ വെളിച്ചെണ്ണയുടെ ഉപയോഗം ഒഴിച്ചുകൂടാൻ പറ്റാത്തവയിൽ ഒന്നാണ്. എണ്ണയുടെ ഉപയോഗം കൂടുതലായതിനാൽ തന്നെ വിപണിയിലും ഇവ ലാഭമുണ്ടാക്കുന്നുണ്ട്. വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല, വീട്ടിലെ മറ്റുപല ആവശ്യങ്ങൾക്കും ഉപയോഗപ്രദമാണ്. മുടി സംരക്ഷണത്തിനും ചർമ്മത്തിൻ്റെ സംരക്ഷണത്തിനും എണ്ണ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ, എണ്ണയുടെ രസകരമായ മറ്റ് ഉപയോഗങ്ങളും അറിയേണ്ടതുണ്ട്. നമ്മുടെ വീട്ടിലെ വെളിച്ചെണ്ണ ഇനി പല പ്രശ്നങ്ങൾക്കും പരിഹാരം കാണും.
വെളിച്ചെണ്ണ ഒരു ആഫ്റ്റർഷേവ് ലോഷനായി ഉപയോഗിക്കാം. പുരുഷന്മാർക്ക് താടി ഷേവ് ചെയ്തതിനു ശേഷം വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. അത് ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യുകയും ചെറിയ മുറിവുകൾ ഉണങ്ങാനും സഹായിക്കും. കാലുകളും കൈകളും ഷേവ് ചെയ്യുന്ന സ്ത്രീകൾക്കും ആഫ്റ്റർ ഷേവ് ലോഷൻ ഇല്ലെങ്കിൽ ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്. ചർമ്മത്തെ മിനുസമാർന്നതും തിളക്കമുള്ളതുമാക്കാൻ വെളിച്ചെണ്ണ പുരട്ടുന്നതും ഫലപ്രദമാണ്.
ആരോഗ്യകരമായതും പ്രകൃതിദത്തവുമായ ടൂത്ത് പേസ്റ്റ് വെളിച്ചെണ്ണ ഉപയോഗിച്ച് വീട്ടിൽ നിർമ്മിക്കാം.
ബേക്കിംഗ് സോഡയും അൽപം കുരുമുളകും എണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് ടൂത്ത് പേസ്റ്റായി ഉപയോഗിക്കാം. ഇത് നിങ്ങളുടെ പല്ലുകളും മോണകളും ആരോഗ്യകരമായി നിലനിർത്തും.
വെളിച്ചെണ്ണ മികച്ച മോയിസ്ച്ചറൈസറായതിനാൽ, വളർത്തുമൃഗത്തിന്റെ കൈകളിലെ മുറിവുകൾക്കും വരൾച്ചയ്ക്കും ചികിത്സയായി പോലും ഇത് ഉപയോഗിക്കാം. ദിവസേന അവയുടെ പാദങ്ങളിൽ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വരണ്ട ഭാഗങ്ങൾ കൂടുതൽ മൃദുവാക്കുകയും തിളങ്ങാനും സഹായിക്കും. നിങ്ങളുടെ പഴയ തടി ഫർണിച്ചറുകളുടെ തിളക്കം വർധിപ്പിക്കാൻ ഒരു കോട്ടൺ തുണി വെളിച്ചെണ്ണയിൽ മുക്കി എല്ലാ ഭാഗങ്ങളും തുടച്ച് കൊടുക്കാം. നിങ്ങളുടെ തടി ഫർണിച്ചറുകൾ ഉടൻ തന്നെ പുതിയത് പോലെ തിളങ്ങുന്നത് കാണാം.
എണ്ണയ്ക്ക് സ്വാഭാവിക രോഗശാന്തി ഗുണങ്ങളുണ്ടെന്നതും ഒരു സവിശേഷതയാണ്.
ചെറിയ വണ്ടുകളുടെ കടിയോ കൊതുക് കടിയോ ഏറ്റാൽ ചികിത്സിക്കാൻ വെളിച്ചെണ്ണ ഉത്തമമാണ്. ചൊറിച്ചിലും ചുവപ്പും, തടിപ്പുകളും കുറയ്ക്കാൻ ചർമ്മത്തിൽ എണ്ണ പുരട്ടുക. ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ എണ്ണ തൂത്ത് കൊടുക്കുന്നത് ഗുണം ചെയ്യും. മേക്കപ്പ് നീക്കം ചെയ്യാനും വെളിച്ചെണ്ണ ഉപയോഗിക്കാം. അതിനായി മുഖം വെള്ളത്തിൽ കഴുകിയ ശേഷം കോട്ടൺ പാഡ് അല്ലെങ്കിൽ തുണി ഉപയോഗിച്ച് മുഖം തുടക്കുകയും കോട്ടൺ എണ്ണയിൽ കുതിർത്തി മുഖത്തുള്ള മേക്കപ്പ് തുടച്ച് മാറ്റാം. ഇത് യാതൊരു തരത്തിലും ചർമ്മത്തെ ദോഷയായി ബാധിക്കില്ലെന്ന് മാത്രമല്ല തിളക്കവും നല്കും. വെളിച്ചെണ്ണ ഉപയോഗിച്ച് മേക്കപ്പ് ബ്രഷുകളും വൃത്തിയാക്കാം. ചെറുചൂടുള്ള വെള്ളത്തിൽ അല്പം വെളിച്ചെണ്ണ ചേർത്ത് ഒരു രാത്രി മുഴുവൻ ബ്രഷുകൾ ഇതിൽ മുക്കിവയ്ക്കുക. രാവിലെ ബ്രഷുകളെല്ലാം വൃത്തിയായി പുതിയത് പോലെയാകും. വെളിച്ചെണ്ണ ഉപയോഗിക്കുന്നവർക്ക് അതിൻ്റെ ഇത്തരം അറിയാതെ പോയ
പ്രയോഗങ്ങൾ കൂടി പരീക്ഷിക്കാവുന്നതാണ് .