തേങ്ങ നമ്മൾ മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. തേങ്ങ ഉപയോഗിക്കാത്ത ഒരു മലയാളികളും കാണില്ല. തേങ്ങ മലയാളികളുടെ ഭക്ഷണ രീതികളിൽ അത്രത്തോളം പ്രധാനമാണ്. പായസത്തിലും, പലഹാരത്തിലും , കറികളിലും ഒക്കെയായി നാം തേങ്ങ ഉപയോഗിക്കാറുണ്ട്. തേങ്ങാ പാൽ ഉപയോഗിച്ച് വെക്കുന്ന എല്ലാ ഭക്ഷണവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ തേങ്ങാ പാൽ എടുത്ത ശേഷം ബാക്കി വരുന്ന തേങ്ങ പീര നമ്മൾ കളയുകയാണ് പതിവ്. എന്നാൽ ഈ പീരയുടെ ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ഇനി ഇത് കളയില്ല.
തേങ്ങ പീരയ്ക്ക് നിരവധി ഉപയോഗങ്ങളുണ്ട്. ധാരാളം ഫൈബറും, ന്യൂട്രിയൻ്റ്സും അടങ്ങുന്ന ഇവയിൽ ഗ്ലൂട്ടണില്ലെന്നും, ലോ കാർബോയും, ലോ ഫാറ്റാണെന്നതും പ്രധാനം. നമ്മൾ ഉപയോഗിക്കുന്ന പൊടികളിൽ ഗോതമ്പ് പൊടിയാണ് ആരോഗ്യത്തിന് നല്ലതെന്ന് പറയപ്പെടുന്നു. എന്നാൽ തേങ്ങ പീര ഉപയോഗിച്ചുള്ള തേങ്ങ പൊടി, ഗോതമ്പ് പൊടിയുടെ അഞ്ച് മടങ്ങ് ഫലപ്രദമെന്ന് പല പഠനങ്ങളും തെളിയിച്ചു. തേങ്ങ പൊടി വീട്ടിൽ തയ്യാറാക്കുന്നതിനായി പാൽ പിഴിഞ്ഞ ശേഷം പീര ഒരു പാനിലാക്കി 15 മിനിറ്റ് നേരം അടുപ്പിൽ വെച്ച് നന്നായി ഈർപ്പം കളഞ്ഞ് ഉണക്കി എടുക്കുക. ഇതല്ലെങ്കിൽ വെയിലത്ത് വെച്ചും ഉണക്കാവുന്നതാണ്. ചൂടാറിയ ശേഷം ഇത് മിക്സിയിൽ ഒന്നു പൊടിച്ചെടുക്കുക. ഈ പൊടി ഉപയോഗിച്ച് ദോശ, പാൻ കേക്ക് തുടങ്ങി നിങ്ങൾക്കിഷ്ടമുള്ളവ തയ്യാറാക്കാം. നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഗോതമ്പ് പൊടിയെ അപേക്ഷിച്ച് ഇത് വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമാണ്.
തേങ്ങ പാൽ എടുത്തതിന് ശേഷമുള്ള പീര ഒരു കണ്ടെയ്നറിലാക്കി ഫ്രീസറിൽ സൂക്ഷിച്ച് പിന്നീട് തേങ്ങ ഉപയോഗിച്ചുള്ള തോരനോ മറ്റോ ഉണ്ടാക്കുമ്പോൾ ഈ തേങ്ങ പീര ചേർത്ത് കൊടുക്കാവുന്നതാണ്. ലോ ഫാറ്റ് ആയതിനാൽ തന്നെ കൊളസ്ട്രോൾ പേടിയുള്ളവർക്കും, ഡയറ്റ് ചെയ്യുന്നവർക്കും ധൈര്യമായി ഇത് കഴിക്കാവുന്നതാണ്. ഈ തേങ്ങ പീര ഉപയോഗിച്ച് ആർക്കും കഴിക്കാവുന്ന ഇഷ്ടമുള്ള മധുര പലഹാരങ്ങളും ചോക്ലേറ്റുകളും വരെ ഉണ്ടാക്കാം. നമ്മൾ വീട്ടിൽ കട്ലെറ്റ് പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ കോട്ടിംഗിനായി ബ്രഡ് ക്രംബ്സ് ഉപയോഗിക്കാറുണ്ട്. എന്നാൽ അതിന് പകരം ഈ തേങ്ങ പീര ക്രംബ്സ് ഉപയോഗിക്കാവുന്നതാണ്. തേങ്ങ പീര നന്നായി ഒന്ന് വറുത്തെടുത്ത് ചൂടാറിയ ശേഷം കോക്കനട്ട് ക്രംബ്സായി ഉപയോഗിക്കാം. തേങ്ങയുടെ രുചിയും ഒപ്പം വളരെയേറെ ഗുണവുമുള്ള പലഹാരങ്ങൾ തയ്യാറാക്കാം.
അതുപോലെ, തേങ്ങ പീര കൊണ്ട് പ്രകൃതിദത്ത ഫേസ്പാക്കും ഉണ്ടാക്കാം. ജപ്പാനിലെ ആളുകൾ ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ചർമം മൃദുവാകാൻ ഇത് വളരെ ഉപകരിക്കും. ഫേസ് പാക്ക് തയ്യാറാക്കുന്നതിന് 1-2 ടേബിൾ സ്പൂൺ തേങ്ങ പൊടി, അതേ അളവിൽ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതോടൊപ്പം അലോ വേര ജെൽ ചേർത്ത് കൊടുക്കുന്നതും നല്ലതാണ്. ഈ മിശ്രിതം മുഖത്ത് തേച്ച് 15 മിനിറ്റ് കഴിഞ്ഞ് 2 മിനിറ്റ് നന്നായി സ്ക്രബ്ബ് ചെയ്ത് കൊടുക്കാം. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകി കളയാം. മുഖം നന്നായി തിളങ്ങി മൃദുവാകുന്നത് കാണാം. നമ്മൾ എല്ലാവരും തന്നെ വീട്ടിൽ പലതരം ഷേക്കുകൾ ഉണ്ടാക്കാറുണ്ട്. ഷേക്ക് ഉണ്ടാക്കുമ്പോൾ 1 ടേബിൾ സ്പൂൺ തേങ്ങ പൊടി ചേർത്ത് മിക്സിയിൽ അടിക്കുന്നത് ഒരു ഐസ്ക്രീമും ചേർക്കാതെ തന്നെ ഷേക്ക് നന്നായി കുറുകാൻ സഹായിക്കും. ഇനി തേങ്ങയുടെ പാൽ എടുത്താൽ പീര കളയാതെ ഇത് പോലെ പല രീതിയിൽ ഉപകാരപ്പെടുത്താം.