തലേദിവസത്തെ ബാക്കി വന്ന ഭക്ഷണം പിറ്റേന്ന് ചൂടാക്കി കഴിക്കുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. രണ്ടും മൂന്നും ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുമുണ്ട്. ആ ഭക്ഷണം തീരുന്നത് വരെയും ചൂടാക്കി കഴിക്കുന്ന പതിവുള്ളവർ ഇത് ഒഴിവാക്കേണ്ടതുണ്ട്. ഇങ്ങനെ ചൂടാക്കി കഴിക്കുന്നത് പണിയും സമയവും ലാഭിക്കാമെന്ന് കരുതുന്നവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം. സമയക്കുറവും തിരക്കും കൊണ്ടാകാം ഇങ്ങനെ ചെയ്യുന്നതെങ്കിലും ചില ഭക്ഷണങ്ങൾ എത്ര തിരക്കാണെങ്കിലും വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരവും രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതിന് തുല്ല്യവുമാണ്.
ഒരുകാരണവശാലും വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഒന്നാണ് മുട്ട. മുട്ടയില്‍ ഉയര്‍ന്നതോതിലുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. എന്നാൽ വീണ്ടും ചൂടാക്കുന്നതു വഴി ഈ പ്രോട്ടീനുകൾ വിഷമയമാകുകയും ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനാൽ മുട്ട രണ്ടാമത് ചൂടാക്കി കഴിക്കുന്നത് പൂർണമായും ഒഴിവാക്കുക. ചിക്കൻ ബീഫ് തുടങ്ങിയ ഇറച്ചികൾ വീണ്ടും ചൂടാക്കുമ്പോൾ രുചി കൂടും. എന്നാൽ ഇവയിൽ അടങ്ങിയ പ്രോട്ടീനും ദോഷമായ ഫലം ചെയ്യും. വീണ്ടും ചൂടാക്കുമ്പേൾ പ്രോട്ടീനുകൾ വിഘടിച്ച് ദഹന പ്രശ്നങ്ങളുണ്ടാക്കാം. അതിനാൽ ഇവ രണ്ടിൽ കൂടുതൽ ദിവസം ചൂടാക്കി ഉപയോഗിക്കുന്നത് ദോഷകരമാണ്. അത് പോലെ, കൂൺ അല്ലെങ്കിൽ മഷ്റൂം ചൂടാക്കി കഴിക്കുന്നത് അവയുടെ ഗുണവും രുചിയും നഷ്ടപ്പെടുത്തി പ്രോട്ടീൻ വിഷമായി മാറും.
നമ്മളിൽ പലരും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവരാണ്. ഒരിക്കൽ ഉപയോഗിച്ച എണ്ണം പല രീതിയിൽ പല കറികളിലായി ഉപയോഗിക്കാറുണ്ട്. എണ്ണ വീണ്ടും ചൂടാക്കുമ്പോൾ വരുന്ന പുക ശ്വസിക്കുന്നത് ശ്വാസകോശത്തിന് വളരെ ദോഷകരമാണ്. എപ്പോഴും ആവശ്യത്തിനുള്ള എണ്ണ മാത്രം എടുക്കാൻ ശ്രമിക്കുക. അധികമായാൽ എണ്ണ കളയാൻ തന്നെ മുതിരുക. കാരണം അസുഖം വരുന്നതിലും എന്ത് കൊണ്ടും ഭേദമാണ് ഇങ്ങനെ ചെയ്യുന്നത്. നമ്മളിൽ പലരും സാധാരണയായി കഴിക്കുന്ന ഒന്നാണ് ഉരുള കിഴങ്ങ്. നമ്മൾ പാകം ചെയ്ത ഉരുള കിഴങ്ങ് അധിക നേരം സാധാരണ ഊഷ്മാവിൽ വെക്കുന്നത് അവയിൽ ബോട്ടുലിസം എന്ന ഒരു ബാക്ടീരിയ പെരുകുന്നതിനിടയാക്കും. ഇത് വീണ്ടും ചൂടാക്കിയാലും ഈ ബാക്ടീരിയകൾ നശിക്കില്ല. അതിനാൽ ഉരുളക്കിഴങ്ങ് ആവശ്യത്തിന് മാത്രം എടുക്കാനും, അന്നന്ന് തന്നെ ഭക്ഷിക്കാനും ശ്രദ്ധിക്കുക. ഫ്രിഡ്ജിൽ വെച്ച് ചൂടാക്കിയാലും ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
ചില അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഫംഗ്ഷന് പോകുമ്പോൾ അവിടെ ബാക്കി വരുന്ന ഭക്ഷണം വീട്ടിൽ കൊണ്ട് വരുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. ഇത്തരം ഭക്ഷണങ്ങൾ മണിക്കൂറുകളോളം വെക്കുന്നതിനാൽ ഇതിൽ പല മാരകമായ ബാക്ടീരിയകൾ ഉണ്ടാകാം. കൊണ്ട് വന്നയുടനെ ഇത് കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇവ വീണ്ടും ദിവസങ്ങളോളം ചൂടാക്കി കഴിക്കുന്നത് വളരെ ദോഷകരമാണ്. ഭക്ഷ്യവിഷബാധയ്ക്കും മറ്റ് രോഗങ്ങൾക്കും ഇത് കാരണമാകും.
ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നമ്മളായി കൊണ്ട് വരുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കും.