കിച്ചൻ സിങ്കിലെ ദുർഗന്ധം എളുപ്പത്തിൽ മാറ്റാം

എല്ലാവരും അടുക്കള ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. വീട്ടിലുള്ളവരുടെ ആരോഗ്യത്തിന് അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാൽ പലർക്കും ഏറ്റവും മടി തോന്നുന്നതും ഇഷ്ടപ്പെടാത്തതുമായ വീട്ട് ജോലിയാണ് പാത്രം കഴുകൽ. ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാൾ സമയവും അധ്വാനവും പാത്രം കഴുകാൻ വേണ്ടി വരും. പാത്രം കഴുകി കഴിഞ്ഞ് സിങ്കും വൃത്തിയാക്കേണ്ടത് ആവശ്യമാണ്. വൃത്തിയില്ലാത്ത സിങ്കിൽ പാത്രം കഴുകുന്നത് വഴി അണുക്കൾ കൂടുകയാണ് ചെയ്യുന്നത്. വൃത്തിയായി കഴുകിയില്ലെങ്കിൽ നിരന്തരം ഭക്ഷണത്തിൻ്റെ അംശങ്ങൾ വീണ് സിങ്കിൽ ദുർഗന്ധവുമുണ്ടാകും. പിന്നീട് അത് സിങ്ക് ബ്ലോക്ക് ആകാനും കാരണമാകും. അതിനാൽ സിങ്ക് വളരെ ശ്രദ്ധയോടെ വൃത്തിയാക്കേണ്ട ഒന്നാണ്.

സിങ്ക് വൃത്തിയാക്കുന്നതിന് പ്രത്യേകമായി വിപണിയിൽ പലതരം ക്ലീനിംഗ് ലോഷൻ, സ്പ്രേ എന്നിവ ലഭ്യമാണ്. ഇത് വാങ്ങാനായി നമ്മളിൽ പലരും പണം ചിലവാക്കാറുമുണ്ട്. എന്നാൽ ഇതിൻ്റെയൊന്നും ആവശ്യമില്ലാതെ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തന്നെ കിച്ചൻ സിങ്ക് വൃത്തിയായി സൂക്ഷിക്കാനാകും. എല്ലാ ദിവസവും വെറും ഒരു മിനിറ്റ് ഇതിനായി മാറ്റി വെച്ചാൽ ദുർഗന്ധവും, ബ്ലോക്കുമില്ലാത്ത വൃത്തിയായ കിച്ചൻ സിങ്ക് നിങ്ങൾക്ക് സ്വന്തമാക്കാം.

വിനാഗിരി കിച്ചന്‍ സിങ്കിന് തിളക്കവും, വൃത്തിയും നല്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉണ്ടാകാറുമുണ്ട്. ഇതുപയോഗിക്കുന്നത് സിങ്കിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും, രോഗാണുക്കളെ നശിപ്പിക്കാനും സഹായിക്കും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കിച്ചന്‍ സിങ്കുകളില്‍ രൂക്ഷമായ വസ്തുക്കളായ അമോണിയ, ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിക്കാൻ പാടില്ല. അതുപോലെ ലോഹങ്ങൾ ഉപയോഗിച്ചുള്ള സ്ക്രബ്ബർ കൊണ്ട് ഉരച്ച് കഴുകുന്നത് പോറൽ വീഴാനിടയാകും. അതിനാൽ പ്രകൃതിദത്തമായ ക്ലീനിംഗ് ഉപായങ്ങൾ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. നാരങ്ങയും വിനാഗിരിയും ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് സിങ്ക് വൃത്തിയാക്കാനാകും. ഇതിനായി ഫ്രഷ് നാരങ്ങ തന്നെ വേണമെന്നില്ല. നമ്മൾ ഉപയോഗിച്ചതിൻ്റെ ബാക്കി പകുതി നാരങ്ങയിലും ഇത് തയ്യാറാക്കാം. ബാക്ടീരിയകളെ നശിപ്പിക്കാൻ നാരങ്ങയും വിനാഗിരിയും വളരെ നല്ലതാണ്. നാരങ്ങ ഏറ്റവും ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഐസ് ട്രേയിലേക്ക് നിറയ്ക്കുക. ഓരോ ക്യൂബിലും രണ്ടോ മൂന്നോ കഷ്ണങ്ങൾ വെക്കാവുന്നതാണ്. ശേഷം ട്രേയിൽ നിറയുന്ന വിധത്തിൽ ഓരോ ക്യൂബിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കാം. പാത്രങ്ങൾ കഴുകി കഴിഞ്ഞ ശേഷം സിങ്കിലേക്ക് ഈ ക്യൂബുകൾ 2 – 3 എണ്ണം വീതം ഇട്ട് കൊടുക്കാം. ഇറച്ചി മീൻ തുടങ്ങിയവ കഴുകിയ വെള്ളം സിങ്കിൽ ഒഴിച്ചാൽ വൃത്തിയാക്കിയ ശേഷം ഈ ക്യൂബിട്ട് കൊടുക്കുന്നത് ദുർഗന്ധം ഉടൻ മാറാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപ് സിങ്കിൽ ഈ ക്യൂബ് ഇട്ട് വെക്കുന്നത് സിങ്ക് വൃത്തിയായി തിളങ്ങാൻ സഹായിക്കും. ഒപ്പം ദുർഗന്ധവും ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *