നമ്മളിൽ പലർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ് ചപ്പാത്തി. ഗോതമ്പ് മാവുപയോഗിച്ച് തയ്യാറാക്കുന്ന ഇവ വളരെ പോഷക സമൃദ്ധവുമാണ്. അതിനാൽ തന്നെ മിക്കവരും ഗോതമ്പ്മാവ് ഉപയോഗിച്ചുള്ള ചപ്പാത്തിയും പൂരിയും ഭക്ഷണ ശീലങ്ങളിൽ സ്ഥിരമാക്കിയിട്ടുണ്ട്. രാത്രി ചോറിന് പകരം ചപ്പാത്തി കഴിക്കുന്നവരും കൂടി വരുന്നു. ഗോതമ്പ് മാവ് ഉപയോഗിച്ച് പല തരം പലഹാരങ്ങൾ ഉണ്ടാക്കാനും ഏറെ പേർ ഇഷ്ടപ്പെടുന്നു. ചപ്പാത്തിയും പൂരിയും മൃദുവായി കഴിക്കാനാണ് ഏവർക്കും ഇഷ്ടം. അതിനാൽ തന്നെ റെസ്റ്റോറൻ്റുകളിൽ പോയി മൃദുവായ ചപ്പാത്തി കഴിക്കുന്നവരുമുണ്ട്. ഇങ്ങനെ ചപ്പാത്തിയും പൂരിയും മൃദുവായി തയ്യാറാക്കുന്നതിന് അവയുടെ മാവ് നന്നായി സമയമെടുത്ത് കുഴച്ചെടുക്കേണ്ടതുണ്ട്. പലപ്പോഴും ചപ്പാത്തി ഹാർഡായി പോകുന്നത് ശരിയായി മാവ് കുഴച്ചെടുക്കാത്തതിനാലാണ്. എന്നാൽ പറയുന്നത് പോലെ അത്ര എളുപ്പമില്ല മാവ് കുഴയ്ക്കാൻ. മാവ് എത്രത്തോളം മൃദുവാകുന്നുവോ അത്രത്തോളം നിങ്ങളുടെ ചപ്പാത്തിക്കും രുചി കൂടും.
കൈ വേദനയുള്ളവർക്ക് ചപ്പാത്തി മാവ് സമയമെടുത്ത് ശക്തിയായി കുഴച്ചെടുക്കുന്നത് വളരെ പ്രയാസമാണ്. അത് പോലെ, തിരക്കുള്ളവർക്കും അധികം സമയം ഇതിനായി മാറ്റി വെക്കാനാവില്ല. എന്നാൽ നിമിഷ നേരം കൊണ്ട് ചപ്പാത്തി മാവ് പഞ്ഞി പോലെ മൃദുവാകാൻ ഒരു എളുപ്പവഴിയുണ്ട്. കൈ നനയാതെ തന്നെ വെറും ഒരു മിനിറ്റിൽ മിക്സിയിൽ ഗോതമ്പ് മാവ് കുഴച്ചെടുക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് 1 1/4 കപ്പ് ഗോതമ്പ് മാവ് എടുത്ത ശേഷം 1/2 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. പൊടി ഇട്ടതിന് ശേഷം മാത്രം ജാറിലേക്ക് വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. മിക്സിയുടെ ആദ്യത്തെ സ്പീഡായ ഒന്നിൽ 40 സെക്കൻ്റ് അടിക്കുക. അതിന് ശേഷം പൾസ് മോഡിൽ 5 തവണ മാവ് കറക്കിയെടുക്കാം. ശേഷം മാവ് ഒരു പാത്രത്തിലേക്ക് മാറ്റി കൈയ്യിൽ എണ്ണ പുരട്ടി ഉരുളകളാക്കാം. മിക്സിയുടെ ജാറിലേക്ക് 1 കപ്പ് പൊടി മാത്രം എപ്പോഴും ഇടാൻ ശ്രദ്ധിക്കുക. കൂടുതൽ മാവ് ആവശ്യമെങ്കിൽ തവണകളായി ഇതുപോലെ കുഴച്ചെടുക്കാം. ഇങ്ങനെ ചെയ്യുന്ന മാവ് കൈ കൊണ്ട് കുഴച്ചെടുക്കുന്നതിലും മൃദുവാകുകയും ഒട്ടിപിടിക്കാതെ എടുക്കാനും സാധിക്കും. ഇനി ഈ രീതിയിൽ ഗോതമ്പ് മാവ് കുഴച്ചെടുത്ത് നോക്കൂ. മൃദുവുമായ ചപ്പാത്തിയും പൂരിയും കഴിക്കാം. മൃദുവായതിനാൽ രുചി കൂടുമെന്നതിൽ സംശയമില്ല.