തക്കാളി ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും വളരെ ഫലപ്രദമായ ഒന്നാണ്. തക്കാളിയിലെ ലൈക്കോപീൻ മുഖത്തെ ചുളിവുകൾ മാറ്റി തിളക്കം നല്കാൻ വളരെയേറെ സഹായിക്കും. ലൈക്കോപീൻ ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആൻ്റി ഓക്സിഡൻ്റാണ്. പല തരം പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്ന തക്കാളി ചർമ്മത്തിൽ ഉണ്ടാക്കുന്ന എല്ലാ വിധ പ്രശ്നങ്ങളെയും പരിഹരിക്കാൻ ഫലപ്രദമാണ്.
തക്കാളിയിൽ ചെറിയ തോതിൽ അസിഡിക് അംശവും ഉയർന്ന തോതിൽ പൊട്ടാസ്യം, വൈറ്റമിൻ സി എന്നിവയുണ്ട്. മുഖത്തെ ചുളിവുകളും,പാടുകളും പോകുന്നതിനും , ചർമ്മത്തിലെ റ്റാൻ മാറ്റാനും ഉത്തമമാണ്. ചർമ്മത്തിലെ അധികമായി രൂപപ്പെടുന്ന സൈബത്തെ കുറച്ച് എണ്ണമയം നിയന്ത്രിക്കുകയും ചെയ്യും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ചർമ്മത്തിലെ തുറന്ന സുഷിരങ്ങളെ ചുരുക്കാനും ഉത്തമമാണ്. ചർമ്മം വൃത്തിയായി സൂക്ഷിക്കുന്നതിനും ദൃഢതയുള്ളതാക്കാനും സഹായിക്കും. ഇത്തരത്തിൽ ചർമ്മത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ തക്കാളി മികച്ച ഒരു ആരോഗ്യ വിധിയാണ്.
തക്കാളി ഉപയോഗിച്ചുള്ള പല ചർമ്മ സംരക്ഷണ വിദ്യകൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും ഫലപ്രദമായതും എന്നാൽ ചുരുങ്ങിയ സമയത്തിൽ ചെയ്യാവുന്നതുമായ ഒരു വിദ്യയുണ്ട്.
മൂന്ന് തക്കാളി നന്നായി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഇത് മിക്സിയുടെ ചെറിയ ജാറിലിട്ട് ഒന്നര ടീ സ്പൂൺ വെള്ളവും ചേർത്ത് അടിച്ചെടുക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി 1/4 ടീ സ്പൂൺ മഞ്ഞൾ പൊടി, 1 ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. നാരങ്ങ നീര് ഇതോടൊപ്പം ചേർക്കാവുന്നതാണ്. മഞ്ഞളിന് പകരം കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. അതിന് ശേഷം ഒരു ഐസ് ട്രേയിലേക്ക് ഈ മിശ്രിതം ഒഴിച്ച് 2-3 മണിക്കൂർ ഫ്രീസ് ചെയ്യാൻ വെക്കാം. ഫ്രീസറിൽ സൂക്ഷിക്കുന്ന ഈ തക്കാളി ക്യൂബുകളിൽ നിന്നും എല്ലാ ദിസവും ഒരോ ക്യൂബ് വീതമെടുത്ത് മുഖത്ത് തേച്ച് കൊടുക്കാം. ഇത് സ്ക്രബ്ബർ പോലെയും ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു ചെറിയ ബൗളിൽ കുറച്ച് പഞ്ചസാരയെടുത്ത് അതിൽ തക്കാളി ക്യൂബ് മുക്കി മുഖത്ത് സ്ക്രബ് ചെയ്ത് കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വളരെ ഫലപ്രദമാണ്. മുഖം തക്കാളി പോലെ ചുവക്കാനും, ചർമ്മം മൃദുവാകാനും തിളങ്ങാനും ഇത് സഹായിക്കും. ഇനി വാങ്ങുന്ന തക്കാളിയിൽ നിന്നും ഒന്നോ രണ്ടോ തക്കാളി മാറ്റി വെച്ച് ഇങ്ങനെ ചെയ്ത് നോക്കാം.