ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

നമ്മളിൽ പലരും വീട്ടിൽ ഇറച്ചി വാങ്ങുന്നവരാണ്. പാകം ചെയ്യുന്നതിന് മുൻപ് ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ട്. അത് ഇറച്ചിയിലെ ബാക്ടീരിയകൾ പെരുകുന്നത് കുറയ്ക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഭക്ഷണം കേടുകൂടാതെ ഇരിക്കുമെന്ന വിശ്വാസത്തിലാണ് പലരും ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ ഇവ എത്ര ദിവസം വരെ നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്? ദിവസങ്ങളോളം ഇറച്ചികൾ ഫ്രിഡ്ജിൽ വെക്കുന്നതിലൂടെ രാസമാറ്റം സംഭവിക്കുകയും അത് ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് ഒരു കാലയളവുണ്ട്. പല തരം ഇറച്ചിക്കും ഈ കലയളവ് വ്യത്യസ്തമാണ്. കൂടുതൽ ദിവസം ഇവ സൂക്ഷിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. അതിനാൽ ഈ കാലയളവ് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ചിക്കൻ വാങ്ങി കഴുകി വൃത്തിയാക്കിയ ശേഷം ഫ്രിഡ്ജിൽ 2 ദിവസം മാത്രമാണ് വെക്കാനാവുന്നത്. എന്നാൽ ഫ്രിഡ്ജിൻ്റെ ടെംപറേച്ചർ 4° എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഫ്രീസറിൽ സൂക്ഷിക്കുന്നതെങ്കിൽ – 17° ടെംപറേച്ചറിൽ ഒരു വർഷം വരെയും ഈ ചിക്കൻ കേട് കൂടാതെയിരിക്കും. ഇതിൽ കൂടുതൽ ദിവസം ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്നതിൽ സംശയമില്ല.

ബീഫ്, പോർക്ക്, മട്ടൻ എന്നിവ അഞ്ച് ദിവസം വരെ ഫ്രിഡ്ജിനകത്ത് ഒരു കേടുപാടുമില്ലാതെ ഇരിക്കും. ഫ്രീസറിൽ 4-12 മാസം വരെ ഇവ സൂക്ഷിക്കാം. ഇനി ഇവ പാകം ചെയ്തതെങ്കിൽ കേട് കൂടാതെ 4 ദിവസം വരെ സൂക്ഷിക്കാനാകും. നാല് ദിവസത്തിൽ കൂടുതൽ സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. കീമ അല്ലെങ്കിൽ ഗ്രൗണ്ട് മീറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഏറിയാൽ 2 ദിവസം വരെ മാത്രം വെക്കാം. അതിൽ കൂടുതൽ നാൾ സൂക്ഷിക്കാവുന്നതല്ല. ഫ്രോസൻ കീമയെങ്കിൽ 4 മാസം വരെയും സൂക്ഷിക്കാം.

ദീര്‍ഘനാള്‍ ഇവ ശീതികരിച്ച് വെച്ച ശേഷം കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. ഇത്തരത്തിൽ ശീതികരിച്ച ഇറച്ചിയുടെ സ്വാഭാവിക രുചിയും മണവും നഷ്‌ടമാകുന്നത് ബാക്ടീരിയകള്‍ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. അതിനാൽ അധികനാൾ ഇവ സൂക്ഷിക്കാതെ എത്രയും വേഗം പാകം ചെയ്യുന്നതാണ് നല്ലത്. ഇനി ഇറച്ചികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇത് പോലെയുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *