നമ്മളിൽ പലരുടെയും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് ഹാർപിക്. ഹാർപിക്കിൻ്റെ ബോട്ടിൽ ഉപയോഗശേഷം നമ്മൾ കളയാറാണ് പതിവ്. എന്നാൽ അത് റീയൂസ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? എല്ലാവരും മൊബൈൽ ഫോൺ ചാർജ് ചെയ്യുമ്പോൾ പ്ലഗ് പോയിൻ്റിന് മുകളിലായും ടേബിളിലുമായാണ് വെക്കുന്നത്. ചിലർ ഇതിനായി കാശ് മുടക്കി പ്രത്യേകം ഹോൾഡർ വാങ്ങാറുണ്ട്. എന്നാൽ ഹാർപിക് ബോട്ടിൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു മൊബൈൽ ഫോൺ ഹോൾഡർ നിർമ്മിക്കാം.
ആദ്യം തന്നെ ഉപയോഗം കഴിഞ്ഞ ഹാർപിക് ബോട്ടിൽ നന്നായി കഴുകി വൃത്തിയാക്കി എടുക്കാം. ശേഷം അതിൻ്റെ നീണ്ട് നില്ക്കുന്ന മുകൾഭാഗം മുറിച്ച് മാറ്റി ബോട്ടിൽ റെക്ടാങ്കിൾ ആകൃതിയിൽ ആക്കുക. കുപ്പിയുടെ നാല് വശങ്ങളിൽ പിറക് വശം മാത്രം നീണ്ട് നില്കുന്നത് പോലെയാക്കി, കുറച്ച് താഴെയായി ബാക്കി എല്ലാ വശവു മുറിച്ച് മാറ്റാം. അതിന് ശേഷം ഈ ബോട്ടിൽ ഭംഗിയാക്കാൻ അലങ്കരിക്കേണ്ടതുണ്ട്. ഗ്ലിറ്റർ ടേപ്പോ, തുണിയോ, പെയിൻ്റോ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം ഇത് ഭംഗിയാക്കാം. ചുറ്റും നന്നായി മറച്ച് വെക്കാൻ ശ്രദ്ധിക്കുക. പിന്നീട് നിങ്ങളുടെ ചാർജർ അഡാപ്റ്ററിൻ്റെ അളവെടുത്ത് അഡാപ്റ്റർ മാത്രം കേറാവുന്ന പാകത്തിന് പിറക് വശത്ത് ഉയർന്ന് നില്ക്കുന്ന ഭാഗത്തായി ഒരു ദ്വാരമിടാം. അഡാപ്റ്ററിൻ്റെ ആകൃതിയിൽ തന്നെ ദ്വാരമിടാൻ പ്രത്യേകം ശ്രദ്ധിക്കുക. ദ്വാരത്തിലേക്ക് അഡാപ്റ്റർ കയറ്റിയ ശേഷം പ്ലഗ്ഗിൻ ചെയ്ത ശേഷം കേബിൾ കണക്റ്റ് ചെയ്ത് ഫോൺ ബോട്ടിലിനകത്തായി വെച്ച് കൊടുക്കാം. നിങ്ങളുടെ ഫോണിന് ചാർജിംഗ് ഹോൾഡർ റെഡി. നമ്മുടെ ദൈനംദിന ജീവിതത്തിൽ വെറുതെ കളയുന്ന പല സാധനങ്ങളും ഇത് പോലെ റീയൂസ് ചെയ്ത് ഉപയോഗിക്കാം.