നമ്മുടെ എല്ലാവരുടെയും വീടുകളിൽ പ്ലാസ്റ്റിക്ക് മഗ്ഗുകൾ ഉപയോഗിക്കുന്നുണ്ടാകും. ഇവ നിരന്തരം ഉപയോഗിച്ചാൽ പൊട്ടുന്നതും നിറം മങ്ങുന്നതും സാധാരണമാണ്. പൊട്ടിയ മഗ്ഗുകൾ വലിയ ഉപയോഗമില്ലാത്തതിനാൽ കളയാൻ ആരും തന്നെ മടിക്കാറില്ല. എന്നാൽ പൊട്ടിയതോ നിറം മങ്ങിയതോ ആയ മഗ്ഗ് കളയാതെ റീയൂസ് ചെയ്യാനാകും. പ്ലാസ്റ്റിക്ക് കളയുന്നത് വഴി പ്രകൃതിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ചെറുതല്ല. അതിനാൽ പല സാധനങ്ങളും ഇത്തരത്തിൽ റീയൂസ് ചെയ്യുന്നത് വീടിനും നാടിനും ഉപകാരമാണ്.
പൊട്ടിയ ഈ മഗ്ഗ് എങ്ങനെ വീണ്ടും ഉപയോഗിക്കാനാകുന്നത് എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. നമ്മൾ എല്ലാവരും തന്നെ വീട് മനോഹരമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിൻ്റെ പ്രാധാന്യം കൂടി വരുന്നതോടെ വോൾ ഡെക്കോറുകളുടെ വില്പനയും കൂടുന്നുണ്ട്. ഇന്നത്തെ കാലത്ത് വിപണിയിൽ ഇത്തരം സാധനങ്ങൾ വാങ്ങാൻ നല്ല ഒരു തുക വേണ്ടി വരും. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഫ്ലവർ വേസുകളും, ഫ്രേമുകളുമൊക്കെ ആണെങ്കിലും വിപണിയിലെത്തുമ്പോൾ നിസ്സാര വിലയല്ല. ഇങ്ങനെ പണം മുടക്കി വാങ്ങാതെ വീട്ടിൽ സ്വന്തമായി വോൾ ഡെക്കോറുകൾ നിർമ്മിക്കാം. ഉയോഗശൂന്യമായ ഒരു പഴയ മഗ്ഗ് ഉപയോഗിച്ച് ഉഗ്രൻ വോൾ ഫ്ലവർ വേസ് ഉണ്ടാക്കാം.
അതിനായി പഴയ ഒരു മഗ്ഗ് എടുത്ത്, ചൂടാക്കിയ കത്തി ഉപയോഗിച്ച് നടുവേ മുറിച്ച് രണ്ട് കഷ്ണങ്ങളാക്കാം. മഗ്ഗിൻ്റെ ഹാൻ്റിൽ മുറിച്ച് മാറ്റിയ ശേഷം മഗ്ഗിൻ്റെ തുറന്ന ഭാഗങ്ങളിൽ അതേ ആകൃതിയിൽ കാർഡ് ബോർഡ് വെട്ടി ഒട്ടിക്കാം. അതിന് ശേഷം മഗ്ഗിൻ്റെ രണ്ട് ഭാഗങ്ങളും കയറ് കൊണ്ട് ചുറ്റി കൊടുക്കാം. കയറിന് പകരം പല നിറത്തിലെ കമ്പിളി നൂലോ, ലേസോ ഉപയോഗിക്കാവുന്നതാണ്. ആദ്യത്തെ ചുറ്റലുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച് ഉറപ്പിച്ച് കൊടുക്കാം. കയറുകൾ അടുക്കി ചുറ്റി കൊടുക്കാൻ ശ്രിക്കുക. താഴത്തെ ഭാഗവും ഉറച്ചിരിക്കുന്നതിന് ഒട്ടിച്ച് കൊടുക്കാം. മഗ്ഗിൻ്റെ കയറ് ചുറ്റാനാവാത്ത ഭാഗങ്ങളിൽ ഏതെങ്കിലും നിറത്തിലെ അക്രിലിക് പെയിൻ്റ് ചെയ്ത് കൊടുക്കുക. അതിന് ശേഷം ഇത് കൂടുതൽ മനോഹരമാക്കാൻ മുത്തുകളും മറ്റും ഒട്ടിച്ച് അലങ്കരിക്കാം. അലങ്കരിച്ച ശേഷം ഇവയുടെ ചുവടുകൾ തമ്മിൽ ഒട്ടിച്ച് ഒരു വേസാക്കി ഉപയോഗിക്കാം. അല്ലെങ്കിൽ ചുവടുകൾ ഒട്ടിക്കാതെ രണ്ട് വേസുകളായും ഉപയോഗിക്കാം. ഇത് ഒരു ഡബിൾ സൈഡ് ടേപ്പ് കൊണ്ട് വോളിൽ ഒട്ടിച്ച ശേഷം ഭംഗിയുള്ള പ്ലാസ്റ്റിക്ക് പൂക്കൾ വെച്ച് വാൾ ഡെക്കോറായി ഉപയോഗിക്കാവുന്നതാണ്. പഴയ പൊട്ടിയ മഗ്ഗ് കൊണ്ട് ഒരു സൂപ്പർ ഫ്ലവർ വേസ് നമുക്ക് വീട്ടില്‍ തന്നെ സ്വയം ഉണ്ടാക്കി എടുക്കാവുന്നതാണ്.