അതിഥി ദേവോ ഭവ എന്ന ആശയം മുറുകെ പിടിക്കുന്നവരും അതിഥിയെ സൽക്കരിച്ച് സന്തോഷിക്കുന്നവരുമാണ് നമ്മളിലേറെയും. എന്നാൽ നല്ല ആതിഥേയരാകാൻ അവരെയും സന്തോഷിപ്പിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് വീടും ചുറ്റുപാടും വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കേണ്ടത്. പലപ്പോഴും അതിഥികൾ വരുന്നതിന് 15 – 20 മിനിറ്റ് മുൻപായിരിക്കും നമ്മളെ അറിയിക്കുക. അത്തരം സാഹചര്യത്തിൽ വീട് മുഴുവൻ വൃത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ 15 മിനിറ്റിൽ നമുക്ക് പെട്ടെന്ന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതിഥികൾ പെട്ടെന്ന് ശ്രദ്ധിക്കാനിടയുള്ള സ്ഥലങ്ങൾ വൃത്തിയാക്കാം.
അതിഥികൾ കയറി വരുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്ന ഒന്നാണ് സിറ്റൗട്ടിലെ ഷൂ റാക്ക്. അവിടെ ചെരിപ്പുകളെല്ലാം അലക്ഷ്യമായി കിടക്കുന്നത് ആദ്യം തന്നെ മാറ്റേണ്ടതുണ്ട്. അത് പോലെ സിറ്റൗട്ടിലെ മാറ്റും കുടഞ്ഞ് വൃത്തിയാക്കിയിടാം. ടീ പോയ് ഉണ്ടെങ്കിൽ അതിന് മുകളിൽ പേപ്പറുകളും മറ്റും ഒതുക്കി വെക്കാൻ ശ്രദ്ധിക്കുക. ഫസ്റ്റ് ഇംപ്രഷന് നല്ല അടുക്കും ചിട്ടയുമുള്ള സിറ്റൗട്ട് ഒരുക്കാം. പിന്നീട് അവർ വന്നിരിക്കുന്ന ലോഞ്ച് റൂം വൃത്തിയാണെന്ന് ഉറപ്പ് വരുത്തുക. എല്ലാം അടുക്കും ചിട്ടയോടെയും വെക്കുക. ടിവിയുടെ മുകളിലും പരിസരത്തുമായുള്ള പൊടി തൂത്ത് മാറ്റുക. സോഫ ഒതുക്കിയിടുക. അവയുടെ കവറുകൾ മുഷിഞ്ഞതെങ്കിൽ മാറ്റിയിടുക. റഗ് ഉണ്ടെങ്കിൽ അതിലെ പൊടി തട്ടി തൂത്ത് മാറ്റാം. ഫാനിൽ മാറാല ഉണ്ടെങ്കിൽ അതും പെട്ടെന്ന് പൊടി മാറ്റാം. ലോഞ്ച് റൂമിലെ ടീപ്പാേയ് ഒതുക്കി ബുക്സ്, വേസ് എന്നിവ അടുക്കി വെക്കാം.
ബാത്റൂമും ശുചിയായി സൂക്ഷിക്കുക. വൃത്തിയുള്ള ടവ്വലുകൾ, ലിക്വിഡ് ഹാൻഡ്വാഷ്, ടോയ്ലറ്റ് പേപ്പർ തുടങ്ങിയവയുണ്ടെന്ന് ഉറപ്പു വരുത്തുക. ബക്കറ്റ് മഗ്ഗ് എന്നിവ ഉണ്ടെന്നും പൈപ്പിൽ വെള്ളമുണ്ടെന്നും ഉറപ്പ് വരുത്താം. ക്ലോസറ്റ് റിങ്ങും സീറ്റും വൃത്തിയാക്കാം . വൃത്തിയാക്കാൻ സമയം കിട്ടിയില്ലെങ്കിൽ ഡിഷ് വാഷ് ലിക്യുഡ്, ഫാബ്രിക് കണ്ടീഷ്ണർ, ഷാംപൂ എന്നിവയിൽ ഏതെങ്കിലും ടാങ്കിൽ ഒഴിച്ച് ഫ്ലഷ് ചെയ്ത് കൊടുക്കാം. ബാത് റൂമീൻ്റെ ചവുട്ടിയും വൃത്തിയാക്കുകയോ മാറ്റി വേറെയിടുകയോ ചെയ്യാം.
അതിഥികളെത്തുമ്പോൾ കഴിവതും അവരോടൊപ്പം സമയം ചിലവഴിക്കാൻ ശ്രദ്ധിക്കുക. അടുക്കള പണി ഒതുക്കി ഭക്ഷണം നേരത്തേ ഉണ്ടാക്കി വയ്ക്കാം. അപ്രതീക്ഷിത അതിഥികൾക്കായി എപ്പോഴും കുറച്ച് സ്നാക്സ് കരുതി വെക്കുക. ഡൈനിംഗ് ടേബിളും ചെയറുകളും വൃത്തിയാക്കുക. എയർ ഫ്രഷ്നർ മുറികളിൽ സ്പ്രേ ചെയ്യുക. ഒപ്പം നല്ല വസ്ത്രങ്ങളണിഞ്ഞു അതിഥികളെ സ്വീകരിക്കാം.