മുഖത്ത് മാത്രം ഒതുങ്ങി നില്ക്കുന്നതല്ല സൗന്ദര്യ സംരക്ഷണം. പലരും മുഖം വെളുക്കാനും തിളങ്ങാനും വിവിധ തരം ഫേസ്ക്രീമുകളും, ഒറ്റമൂലികളും പരീക്ഷിക്കാറുണ്ട്. എന്നാൽ കൈ കാലുകൾ സംരക്ഷിക്കാൻ പലരും വിട്ടു പോകും. മുഖം പോലെ തന്നെ സംരക്ഷിക്കേണ്ടതാണ് കൈകളും പാദങ്ങളും. ചർമ്മം വെളുത്തിരിക്കുന്നത് സൗന്ദര്യത്തിൻ്റെ ലക്ഷണമാണെന്ന് പറയാനാവില്ല. കൈ കാലുകളിൽ വെയിലേറ്റും മറ്റും നിറവ്യത്യാസമുണ്ടാകാറുണ്ട്. വൃത്തിയോടെയും നിറവ്യത്യാസമില്ലാതെയും ഇരിക്കുന്നത് സൗന്ദര്യത്തിൻ്റെ ലക്ഷണമായി കരുതാം.
ദിവസേന ഏൽക്കുന്ന വെയിലും പൊടിയും കാലുകളെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. കാലുകളുടെ വിരലുകൾക്കിടയിലും നഖങ്ങളിലും അഴുക്ക് ഉള്ളതിനാൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. കാലിലെ വരണ്ട ചർമ്മങ്ങളും കളയേണ്ടതുണ്ട്. കൈ കാലുകളുടെ കറുപ്പ് നിറമില്ലാതെ ചർമ്മത്തിൻ്റെ നിറം വീണ്ടെടുക്കാൻ പല മാർഗ്ഗങ്ങളുമുണ്ട്. പാർലറുകളിൽ പോയി പണം കൊടുത്ത് പെഡിക്യൂറും മാനിക്യൂറും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഇതിനായി സമയം ലഭിക്കാത്തവർക്ക് പാദങ്ങൾക്കുള്ള സംരക്ഷണം പെടിക്യൂർ ചെയ്യുന്നത് പോലെ വീട്ടിൽ ചെയ്യാനാകും. കാലുകളുടെ കറുപ്പ് നിറം മാറ്റി തിളക്കം കൂട്ടാൻ വീട്ടിലിരുന്ന് തയ്യാറാക്കാവുന്ന ഈ അടിപൊളി കൂട്ട് സഹായിക്കും.
കൂട്ട് തയ്യാറാക്കുന്നതിന് ഒരു ബൗളിലേക്ക് 1/4 ടീ സ്പൂൺ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേക്ക് പകുതി ചെറുനാരങ്ങയുടെ നീര് മാത്രം ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യാം. കാലുകൾ തിളങ്ങുന്നതിന് 1 ടീസ്പൂൺ വെളിച്ചെണ്ണ ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇവയെല്ലാം നന്നായി മിക്സ് ചെയ്ത് കാലിൽ വിരലുകൾക്കിടയിലും, നഖത്തിനുള്ളിലും തേച്ച് പിടിപ്പിച്ച് കുറച്ചധികം നേരം നന്നായി മസാജ് ചെയ്ത് കൊടുക്കാം. ശേഷം തണുത്ത വെള്ളത്തിൽ കാലുകൾ കഴുകാം. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ കൈ കാലുകൾക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍ ഈ കൂട്ട് വളരെ ഫലപ്രദമാണ്.