ഐസ്ക്രീം എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും വായിൽ വെള്ളം നിറയും. ഓരോരോ പുതിയ ഫ്ലേവറുകളിൽ ഐസ് ക്രീമുകൾ ഇന്ന് വിപണിയിലുണ്ട്. എല്ലാവർക്കും ഒരേ പോലെ ഇഷ്ടമാണെങ്കിലും കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ഐസ് ക്രീം . പല കുട്ടികളും പുറത്ത് പോയാൽ ആദ്യം വാശി പിടിക്കുന്നത് ഇതിനാകും. എത്ര വാശി പിടിച്ചാലും പല മാതാപിതാക്കളും കുട്ടികൾക്ക് ഇത് വാങ്ങി കൊടുക്കാൻ മടിക്കുന്നത് അവയിൽ രാസവസ്തുക്കൾ അടങ്ങുന്നു എന്ന് കരുതിയാണ്. ഇത് പരിഹരിക്കാൻ വീട്ടിൽ തന്നെ ഐസ് ക്രീം ഉണ്ടാക്കാം.
വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് ഐസ് ക്രീം ഉണ്ടാക്കാം. വെറും 4 ചേരുവകൾ മാത്രമാണ് ഇതിനാവശ്യമുള്ളത്. പുറത്ത് നിന്നും വാങ്ങുന്ന ഫ്രഷ് ക്രീം, ഡബിൾ ക്രീം, വിപ്പ്ഡ് ക്രീം, കണ്ടൻസ്ഡ് മിൽക് ഇവയൊന്നും വേണ്ട എന്നതാണ് പ്രധാനം. എെസ് ക്രീം ഉണ്ടാക്കുന്നതിനായി ആദ്യം ചുവട് കട്ടിയുള്ള ഒരു പാത്രം ലോ ഫ്ലെയിമിൽ ചൂടാക്കി അതിലേക്ക് ഒരു കപ്പ്( 200 ml ) പാല് ഒഴിച്ച് 3/4 കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാം. പഞ്ചസാര നിങ്ങളുടെ ആവശ്യത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഒരു ബൗളിൽ മൂന്ന് ടേബിൾ സ്പൂൺ ഗോതമ്പ് പൊടി എടുത്ത് അത് മിക്സ് ചെയ്യാൻ പാകത്തിന് 1/2 -3/4 കപ്പ് അളവിൽ പാൽ ബൗളിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇത് പേസ്റ്റ് പരുവത്തിലായ ശേഷം ചൂടാക്കാൻ വെച്ച പാത്രത്തിലേക്ക് ചേർത്ത് കൈ വിടാതെ ഇളക്കി കൊണ്ടിരിക്കുക. ഇത് നന്നായി കുറുകുന്നത് വരെ ലോ ഫ്ലെയിമിൽ തന്നെ ഇളക്കി കൊടുക്കാം. ഈ മിശ്രിതം കുറുകി കണ്ടൻസ്ഡ് മിൽക്ക് പരുവത്തിലാകുമ്പോൾ മറ്റൊരു പത്രത്തിലേക്ക് മാറ്റി ചൂടാറാൻ വെക്കാം.
അതിന് ശേഷം മിക്സി ജാറിൽ രണ്ട് ടേബിൾ സ്പൂൺ ബട്ടർ എടുക്കാം. ബട്ടർ ഫ്രിഡ്ജിൽ നിന്നും 10 മിനിറ്റ് മുമ്പ് പുറത്തെടുത്ത് വെച്ച ശേഷം വേണം ജാറിലിടാൻ. ജാറിലേക്ക് 1 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് 40 സെക്കൻ്റ് അടിച്ചെടുക്കാം. അടിച്ചെടുത്ത മിശ്രിതം ഫ്രീസറിൽ 10 മിനിറ്റ് വെച്ച് പുറത്തെടുത്ത് വീണ്ടും മിക്സിയിൽ 40 സെക്കൻ്റ് അടിച്ചെടുക്കുക. ഇതിലേക്ക് ചൂടാറാൻ വെച്ച ഗോതമ്പിൻ്റെ മിശ്രിതം പകുതി മാത്രം ചേർത്ത് 40 സെക്കൻ്റ് അടിച്ച ശേഷം ബാക്കി കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി 3 മണിക്കൂർ ഫ്രീസ് ചെയ്തെടുക്കാം. വെക്കുന്ന പാത്രം ഫോയിൽ പേപ്പറോ ഫിലിം പേപ്പറോ വെച്ച് മൂടുന്നത് ഇതിലേക്ക് എെസ് വീഴാതെ സഹായിക്കും. ശേഷം അടപ്പിട്ട് വെച്ച് ഫ്രീസ് ചെയ്തെടുക്കുമ്പോൾ ക്രീമി ഐസ് ക്രീം റെഡി. യാതൊരു വിധ പ്രിസർവേറ്റീവ്സും ചേർക്കാതെ വളരെ ഹെൽത്തിയായ ഐസ് ക്രീം ആണിത്. കുട്ടികൾ വാശി പിടിക്കുമ്പോൾ ഇനി എളുപ്പത്തിൽ രുചികരമായ ഈ ഐസ് ക്രീം തയ്യാറാക്കി കൊടുക്കാം.