ഇക്കാലത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്നവർ വരെ കൃഷി ചെയ്യുന്നവരാണ്. ഈ അടുത്ത കാലത്തായി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. സ്വന്തം വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറി വീട്ടിൽ തന്നെ കൃഷി ചെയ്യുന്നവരുമുണ്ട്. സ്വയം കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന തൃപ്തി വളരെ വലുതാണ്. നമ്മൾ എല്ലാവരും കറിക്കും ഫ്രൈഡ് റൈസിനും ഉപയോഗിക്കുന്ന ഒന്നാണ് സ്പ്രിങ്ങ് ഒനിയൻ. നമ്മളിൽ പലരും ഇത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ മുളപ്പിച്ചെടുക്കാവുന്ന ഒന്നാണിത്. വളരെ അധികം ഗുണങ്ങളടങ്ങിയതാണ് ഉള്ളിയിലയും ഉള്ളി തണ്ടും. വിപണിയിൽ ലഭിക്കുന്നവയിൽ അധികവും കീടനാശിനികൾ തളിച്ചതാണ്. അവ പെട്ടെന്ന് ചീയാനുമിടയാകും. അതിനാൽ ഇത് വീട്ടിൽ വളർത്തുന്നത് വളരെ ഗുണകരമാണ്.
ആർക്കും കൃഷി ചെയ്യാവുന്ന ഒന്നാണ് സ്പ്രിങ്ങ് ഒനിയൻ. അടുക്കള തോട്ടത്തിലോ, ടെറസിലോ ബാൽക്കണിയിലോ വരെ ചെയ്യാനാകും. പഴയ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പിയിൽ കൃഷി ചെയ്യാവുന്നതാണ്. മുളപ്പിക്കുന്നതിനായി വീട്ടിൽ വാങ്ങിയ ഒരു സവാള മാത്രം മതി. ഉള്ളിയുടെ വേസ്റ്റിൽ നിന്നും കൃഷി ചെയ്യാം. ഒരു രൂപ പോലും ചിലവില്ലാതെ ഇത് ചെയ്യാനാകുമെന്നത് പ്രധാനം. ചെടിച്ചട്ടിക്ക് പകരം പാലിൻ്റെയോ, കോളയുടെയോ കുപ്പി ഉപയോഗിക്കാം.
മുളപ്പിക്കുന്നതിനായി ഒരു പഴയ വലിയ കുപ്പിയെടുത്ത് മുറിച്ച് ചെടിച്ചട്ടിയാക്കാം. വേരിറങ്ങാവുന്ന തരത്തിലെ കുപ്പിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുപ്പിയുടെ ചുവട്ടിലായി 3 – 4 ദ്വാരങ്ങളിട്ട് കൊടുക്കുക. കുപ്പിയിൽ വെള്ളം കെട്ടുന്നത് ഉള്ളി ചീയാനിടയാകും. വളമുള്ള മണ്ണ് സ്പ്രിങ്ങ് ഒനിയൻ പെട്ടെന്ന് കരുത്തോടെ വളരാൻ സഹായിക്കും. എന്നാൽ വളം പുറത്ത് നിന്നും വാങ്ങാതെ വീട്ടിലെ പച്ചക്കറി വേസ്റ്റ് വളമാക്കാൻ ശ്രമിക്കുക. ദിവസേന ഉപയോഗിക്കുന്ന ഉള്ളിയുടെ വേസ്റ്റ് വളമാക്കാവുന്നതാണ്. മുളപ്പിക്കുന്നതിനായി മൂത്ത സവാള എടുക്കാൻ ശ്രദ്ധിക്കുക. കുപ്പിയിലേക്ക് മണ്ണ് നിറച്ച ശേഷം മുട്ടത്തോട്, ഓറഞ്ച് തൊലി, പച്ചക്കറിയുടെ വേസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കാം. അതിന് ശേഷം മൂത്ത വലിയ ഉള്ളിയുടെ മുകൾ ഭാഗം മുറിക്കുക. ഉള്ളിയുടെ വേരിൻ്റ ഭാഗം കട്ടി കൂടിയതും മുറിക്കുമ്പോൾ മുള വന്നതുമായ സവാളയെടുക്കുക. മുറിച്ച സവാളയുടെ വേര് മണ്ണിലാകുന്ന രീതിയിൽ കുപ്പിയിൽ വെച്ച ശേഷം മുകളിൽ കുറച്ച് മണ്ണിട്ട് മൂടാം. മുള ഭാഗം മാത്രം മണ്ണിന് മുകളിയായി കാണുന്നത് പോലെ മണ്ണ് മാറ്റി കൊടുക്കുക. കുറച്ച് വെള്ളം തളിച്ച് നനച്ച് കൊടുത്ത ശേഷം 2-3 ദിവസം അനക്കാതെ വെക്കുക. ഇതിൽ 3 ദിവസത്തിനുള്ളിൽ തന്നെ മുള വരും. മുള വന്ന ശേഷം മാറ്റി നടാവുന്നതാണ്. വീട്ടിലേക്ക് ആവശ്യമുള്ള ഉള്ളിയിലയും ഉള്ളി തണ്ടും ഇങ്ങനെ സ്വയം കൃഷി ചെയ്തെടുക്കാം.