കപ്പ നമ്മൾ എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണമാണ്. പൂള, മരച്ചീനി, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്ന പേരുകളിലും കപ്പ അറിയപ്പെടുന്നു. കപ്പ കിഴങ്ങു വർഗത്തിലെ രാജാവായി കരുതപ്പെടുന്നു. കപ്പയുടെ ജന്മദേശം ബ്രസീലാണ്. കേരളത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായ കാലത്ത് വിശാഖം തിരുനാൾ മഹാരാജാവാണ് ഇത് കേരളീയർക്ക് പരിചയപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി ഇന്ത്യയിൽ കപ്പ കൃഷി ചെയ്ത് വരുന്നു.
കേരളത്തിൽ മിക്കവരും കപ്പ കൃഷി ചെയ്യാറുണ്ട്. വീട്ട് പറമ്പിലോ കൃഷി സ്ഥലത്തോ വളരെ എളുപ്പത്തിൽ വിളവെടുക്കാവുന്ന ഒന്നാണ് കപ്പ. നല്ല സൂര്യപ്രകാശവും ചൂടുമാണ് കപ്പ കൃഷിക്ക് ഏറ്റവും അത്യാവശ്യം. എന്നാൽ കപ്പ കൃഷി ചെയ്യുന്ന പലരും നേരിടുന്ന പ്രശ്നമാണ് ഒരു കടയിൽ കുറവ് കപ്പ വിളയുന്നത്. കപ്പക്ക് കൂടുതൽ വേര് പൊട്ടാനും അത് വഴി കൂടുതൽ കപ്പ ലഭിക്കാനും ഒരു സൂത്രം ചെയ്താൽ മതി.
ഒരു കടയിൽ തന്നെ ധാരാളം കപ്പ വിളയിച്ചെടുക്കാൻ കടയിൽ നിന്നും മണ്ണ് മാറ്റി തണ്ട് വശത്തിൽ കുറച്ച് താഴെയായി ഒരു കത്തി ഉപയോഗിച്ച് ചുറ്റും വരഞ്ഞ് കൊടുക്കുക. ചെറുതായി വരഞ്ഞു കൊടുക്കുമ്പോൾ വെള്ള നിറത്തിൽ പശ വരുന്നത് കാണാം. വരുമ്പോൾ ആഴത്തിൽ മുറിയാതെ തൊലി മാത്രം വരയാൻ പ്രത്യേകം ശ്രദ്ധിക്കുക. വരഞ്ഞ ശേഷം കടല പിണ്ണാക്ക് നല്ലത് പോലെ കുതിർത്ത് പേസ്റ്റ് പരുവത്തിലാക്കി വരഞ്ഞ ഭാഗത്ത് തേച്ച് കൊടുക്കുക. പേസ്റ്റ് ചുറ്റും പൊത്തിയ ശേഷം 2 – 3 കപ്പ് ആട്ടിൻകാട്ടം പൊടിച്ചത് കടയ്ക്ക് ചുറ്റും ഇട്ട് കൊടുക്കാം. ആട്ടിൻകാട്ടം മണ്ണുമായി ചേരാൻ നന്നായി ഇളക്കി കൊടുത്ത ശേഷം 1 ലിറ്റർ വെള്ളത്തിൽ ബാക്കി കടലപിണ്ണാക്ക് പേസ്റ്റ് ചേർത്തിളക്കി കടയിൽ ഒഴിച്ച് കൊടുക്കുക. അതിന് ശേഷം മണ്ണ് നല്ലത് പോലെ കേറ്റിയിട്ട് കൂന പോലെ വെച്ച് കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ വേര് പൊട്ടി കപ്പ ലഭിക്കാൻ സഹായിക്കും. വളരെ ഫലപ്രദമായ ഒരു ഉപായമാണിത്. അത് പോലെ കപ്പയുടെ ഇലകൾ ചുരുളുന്നത് സാധാരണമാണ്. എന്നാൽ ധാരാളമായി എല്ലാ ഇലകളും ചുരുണ്ട് വന്നാൽ ആ തണ്ട് മുറിച്ച് മാറ്റുന്നതാണ് ഉത്തമം.