ഏത് വസ്ത്രവും തയിക്കുമ്പോൾ തുടക്കക്കാർക്ക് ഏറ്റവും പ്രയാസമായ കാര്യമാണ് കട്ടിംഗ് ചെയ്യുന്നത്. ശരിയായി ചെയ്തില്ലെങ്കിൽ തുണി തയിക്കാനാവാത്ത വിധമാകും. എന്നാൽ ആരുടെയും സഹായമില്ലാതെ സ്വന്തമായി എളുപ്പത്തിൽ ചുരിദാർ കട്ട് ചെയ്യാം. നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന അളവ് കൃത്യമായ ഒരു ചുരിദാർ വെച്ച് തയിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും എളുപ്പമായ രീതിയിൽ ചുരിദാർ കട്ട് ചെയ്തെടുക്കാം. പ്രത്യേകിച്ചും തുടക്കക്കാർക്ക് ഈ ട്രിക്ക് വളരെ ഉപകരിക്കും. വെറും 5 മിനിറ്റിൽ ചുരിദാർ കട്ട് ചെയ്തെടുക്കാം.
ചുരിദാർ മെറ്റീരിയൽ രണ്ടാക്കി മടക്കി ബോർഡർ വശം ഒന്നു കൂടി മടക്കി 4 മടക്ക് ആക്കുക . കൃത്യമായ അളവിലെ ഒരു ടോപ്പ് എടുത്ത് ഇതിന് മുകളിലായി വെക്കുക. ബോർഡറില്ലാത്ത ഭാഗം കൈ വെട്ടുന്നതിനാണ്. ആ ഭാഗം കൂട്ടാതെ വേണം 4 മടക്ക് ഇടാൻ. അളവ് ടോപ്പ് തുണിയ്ക്ക് മുകളിൽ രണ്ടായി മടക്കി വെക്കുക. ടോപ്പിൻ്റെ മടക്കും തുണിയുടെ മടക്കും ഒന്നിച്ച് ആകുന്ന രീതിയിൽ വേണം വെക്കാൻ. തുണിയുടെ താഴെ 2 ഇഞ്ച് കൂട്ടിയിടുക. ചുരിദാറിൻ്റെ കൈ തുടങ്ങുന്നിടത്ത് 1/2 ഇഞ്ച് കൂട്ടിയിട്ട് മാർക്ക് ചെയ്ത ശേഷം ഷോൾഡറിന് മുകളിലായി വരച്ച് കൊടുക്കുക. കൈക്കുഴിയുടെ 1/4 ഇഞ്ച് മുകളിലായി മാർക്ക് ചെയ്ത ശേഷം ബോഡിയുടെ ഷേപ്പ് അനുസരിച്ച് തയ്യൽ തുമ്പ് 1 1/2 ഇഞ്ച് കൂട്ടിയിട്ട് വരച്ച് കൊടുക്കുക. അതിന് ശേഷം കൈക്കുഴിയും ഷോൾഡറും ജോയിൻ ചെയ്യുക. ടോപ്പിൻ്റെ കൈയ്യുടെ അളവ് അടയാളപ്പെടുത്തി വരച്ച് കൊടുക്കാവുന്നതാണ്. ബോഡി അടയാളപ്പെടുത്തുമ്പോൾ വേയിസ്റ്റിൻ്റെ ഭാഗത്ത് 1 1/2 ഇഞ്ച് തയ്യൽ തുമ്പ് കൂട്ടിയിടാം. സ്ലിറ്റ് ഭാഗത്ത് 1 1/4 ഇഞ്ച് ഇട്ടാൽ മതിയാകും. താഴെ വരെ ബോഡിയുടെ ഷേപ്പ് നോക്കി വരച്ച് എടുക്കാം. തയ്യൽ തുമ്പ് കൂട്ടിയിട്ട് വരച്ചതിന് അനുസൃതമായി മുറിച്ചെടുക്കാം.
ചുരിദാറിൻ്റെ ബോഡി മുറിച്ച ശേഷം മുകളിലെ മടക്ക് ഭാഗം ഒന്ന് മുറിച്ച് അടയാളപ്പെടുത്താം. ബാക്കി തുണിയിൽ സ്ലീവ് വെട്ടാൻ ബോർഡനുസരിച്ച് 4 ആയി മടക്കി വെച്ചത് എടുക്കുക. തുണിയുടെ മുകളിലായി അളവ് ടോപ്പിൻ്റെ കൈ ഭാഗം ബോർഡനുസരിച്ച് വെക്കുക. മുൻപ് കൈക്കുഴി വെട്ടിയപ്പോൾ തയ്യൽ തുമ്പ് ഇട്ടതിനാൽ കൈ വെട്ടുമ്പോൾ തയ്യൽ തുമ്പ് ആവശ്യമില്ല. കൈയ്യുടെ ആകൃതി അടയാളപ്പെടുത്തി വെട്ടിയെടുക്കാം. വെട്ടിയ ശേഷം മുകളിൽ മടക്ക് ഭാഗം കട്ട് ചെയ്ത് കൊടുക്കുക. ശേഷം സാധാരണ ചെയ്യുന്നത് പോലെ തയ്ച്ചെടുക്കാം. ചുരിദാർ ധരിക്കാൻ ഇഷ്ടപ്പെടുന്നവരും മക്കൾക്കും കൂട്ടുകാർക്കും തയ്ച്ച് കൊടുക്കുന്നവർക്കും ഇത് പോലെ എളുപ്പത്തിൽ നല്ല അടിപൊളി ചുരിദാർ തയ്ച്ചെടുക്കാം.