കാർ ഉപയോഗിക്കുന്നവരും തുടക്കക്കാരും പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഡ്രൈവിംഗിലെ പ്രധാനമായ 10 തെറ്റുകൾ. കാർ ഡ്രൈവ് ചെയ്യുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ. പലരും അറിഞ്ഞും അറിയാതെയും ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നുണ്ടാകും. നിങ്ങൾ ചെയ്യുന്ന ഇത്തരം ചെറിയ തെറ്റുകൾ നിങ്ങൾക്കും നിങ്ങളുടെ കാറിനും വലിയ ദോഷം ചെയ്യും. അതിനാൽ ഇവ മനസ്സയാക്കി ഒരിക്കലും ആവർത്തിക്കാതിരിക്കുക.
കാർ ഡ്രൈവ് ചെയ്യുമ്പോൾ പലർക്കുമുള്ള ഒരു പ്രവണതയാണ് ഇടത് കൈ കാറിൻ്റെ ഗിയർ നോബിന് മുകളിൽ വെച്ച് ഡ്രൈവ് ചെയ്യുക. അങ്ങനെ ചെയ്താൽ ഉണ്ടാകുന്ന പ്രശ്നം അറിയാത്തതിനാലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കാറിൻ്റെ ട്രാൻസ്മിഷൻ സിസ്റ്റത്തിന് വലിയ കേട് പാടുകൾ സംഭവിക്കും. ആവശ്യമായ സമയത്ത് ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ ക്ലച്ച് ചവുട്ടിയാണ് ഗിയർ മാറ്റുന്നത്. ക്ലച്ച് ചവുട്ടി പിടിക്കുമ്പോൾ എൻജിൻ്റെ പവർ ട്രാൻസ്മിഷൻ സിസ്റ്റത്തിൽ വരുന്നില്ല. ഗിയർ ഷിഫ്റ്റ് ചെയ്ത ശേഷം ക്ലച്ചിൽ നന്നും കാലെടുത്ത് എൻജിൻ്റെ പവർ ട്രാൻസ്മിഷൻ സിസ്റ്റത്തിലേക്ക് വരും. ഈ സമയത്ത് ഓടികൊണ്ടിരിക്കുമ്പോൾ കൈ ഗിയർ നോബിൽ വെക്കുമ്പോൾ നിങ്ങളുടെ കൈയ്യുടെ ഭാരത്താൽ ഒരു പ്രഷർ ട്രാൻസ്മിഷൻ സിസ്റ്റത്തിലെ പല ഭാഗങ്ങളിലേക്ക് വരുകയും അതേ പ്രഷർ തുടർന്നും നില നിൽക്കുമ്പോൾ ട്രാൻസ്മിഷന് കേട് പാട് സംഭവിക്കും. ഇത് റിപ്പയർ ചെയ്യുന്നതിന് വലിയ ഒരു തുക ആവശ്യമായി വരും.
കാർ ഡ്രൈവ് ചെയ്യുന്ന സമയത്ത് ചിലപ്പോൾ കാറിൽ നിന്നും അസാധാരണമായ ശബ്ദങ്ങൾ കേൾക്കേണ്ടി വരാം. എൻജിൻ്റെ ശബ്ദമല്ലാതെ മറ്റ് ശബ്ദങ്ങൾ കേൾക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് കാർ നിർത്തി ശബ്ദം എവിടെ നിന്നാണ് കേൾക്കുന്നത് എന്ന് മനസ്സിലാക്കുക. നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ചെറിയ പ്രശ്നമല്ല എന്നുണ്ടെങ്കിൽ ഒരു മെക്കാനിക്കിനെ വിളിക്കുകയോ, അടുത്തുള്ള വർക്ക് ഷോപ്പിൽ കൊണ്ട് പോയി കാണിക്കുകയോ ചെയ്യുക. അല്ലാതെ, അത് കണ്ടില്ലെന്ന് വെച്ച് വീണ്ടും ദീർഘദൂരം ആ ശബ്ദത്തോടെ ഓടിക്കുന്നത് കാർ ബ്രേക്ക് ഡൗൺ ആകാൻ സാധ്യതയുണ്ട്. ഒരു കാർ പാർക്ക് ചെയ്ത് പോകുമ്പോൾ നിർബന്ധമായും ഹാൻ്റ് ബ്രേക്ക് ഇടേണ്ടതുണ്ട്. ഹാൻ്റ് ബ്രേക്കിനെ പാർക്കിംഗ് ബ്രേക്ക് എന്നാണ് പറയുന്നത്. പലരും നിരപ്പായ സ്ഥലത്ത് പാർക്ക് ചെയ്യുമ്പോൾ ഹാൻ്റ് ബ്രേക്ക് ഉപയോഗിക്കാറില്ല. ഇങ്ങനെ ചെയ്യുമ്പോൾ ഫർസ്റ്റ് ഗിയറിലിടാതെ ന്യൂട്രലിൽ ഇട്ട് ഹാൻ്റ് ബ്രേക്ക് ഇടാതെ പാർക്ക് ചെയ്ത് പോകുന്നത് എങ്കിൽ നിരപ്പായ സ്ഥലമെങ്കിൽ പോലും അപകട സാധ്യതയുണ്ട്. നിരപ്പായ സ്ഥലത്ത് പാർക്ക് ചെയ്യുമ്പോൾ പോലും തീർച്ചയായും ഫസ്റ്റ് ഗിയറിലേക്ക് മാറ്റി ഹാൻ്റ് ബ്രേക്കും അപ്ലൈ ചെയ്യുക. അല്ലാത്തപക്ഷം അപകട സാധ്യത കൂടുതലാണ്. ഹാൻ്റ് ബ്രേക്ക് തീരെ ഉപയോഗിച്ചില്ലെങ്കിൽ അതിൻ്റെ ഭാഗങ്ങൾ തുരുമ്പ് പിടിക്കുകയും ഒരാവശ്യ സമയത്ത് ഹാൻ്റ് ബ്രേക്ക് ഇടുമ്പോൾ അത് പ്രവർത്തിച്ചെന്ന് വരില്ല. ദീർഘകാലം കാർ ഉപയോഗിക്കാതെ പാർക്ക് ചെയ്യ്തിരിക്കുന്നുവെങ്കിൽ 4-5 ദിവസം കൂടുമ്പോൾ 5-6 തവണ ഹാൻ്റ് ബ്രേക്ക് അപ്ലൈ ചെയ്യുകയും റിലീസ് ചെയ്യുകയും ചെയ്യുക.
ഒരു കാറിൻ്റെ ടാങ്കിൽ നിന്നും ഇന്ധനം എൻജിനിലേക്ക് പമ്പ് ചെയ്യുന്നത് ഫ്യുവൽ പമ്പാണ്. ഇത് സുഗമമായി പ്രവർത്തിക്കുന്നതിന് മിനിമം അളവിലെങ്കിലും ഇന്ധനം ടാങ്കിലുണ്ടാക്കിക്കണം. ചില സാഹചര്യങ്ങളിൽ വളരെ കുറച്ച് ഇന്ധനം വെച്ച് പലരും ഡ്രൈവ് ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്ന സമയത്ത് ഇന്ധനം തീർന്ന് വഴിയിൽ നിന്നു പോകാനും ഫ്യുവൽ പമ്പിന് കേട് പാടുകൾ സംഭവിക്കാനുമിടയാകും. ഫ്യുവൽ പമ്പ് ഓവർ ഹീറ്റാകുകയും ടാങ്കിൻ്റെ അടിയിൽ അടിഞ്ഞ് കൂടിയ മാലിന്യം കയറാനും സാധ്യതയുണ്ട്. ഫ്യുവൽ പമ്പിന് കേട് വന്നാൽ വലിയ തുക ചിലവാക്കേണ്ടി വരും.
കാറിൻ്റെ എൻജിൻ ഓവർ ഹീറ്റാകാതെ നിർത്തുന്നത് റേഡിയേറ്ററാണ്. അതിനായി കൂളൻ്റ് ആവശ്യമാണ്. 20000 കി.മി അല്ലെങ്കിൽ 2 വർഷം ഇതിൽ ഏതാണോ ആദ്യം വരുന്നത് ആ സമയത്താണ് കൂളൻ്റ് മാറ്റേണ്ടത്. പലരും കൂളൻ്റിന് പകരം താല്കാലികമായി വെള്ളം ഒഴിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ റേഡിയേറ്ററിൻ്റെ ഇമ്പല്ലറും പമ്പും തുരുമ്പ് പിടിച്ച് ബ്ലോക്കാകാൻ സാധ്യതയുണ്ട്. അത് എൻജിൻ ഓവർ ഹീറ്റായി കേട് പാടുകൾ സംഭവിക്കും. കുളൻ്റ് ശരിയായി ഉപയോഗിച്ച് കൃത്യമായ കാലയളവിൽ മാറ്റി കൊടുക്കേണ്ടതുണ്ട്. താല്കാലികമായി വെള്ളം ഒഴിച്ച് കൊടുക്കുന്നതിന് പകരം ഡിസ്റ്റിൽഡ് വാട്ടർ അല്ലെങ്കിൽ ഡിഅയോണൈസ്ഡ് വാട്ടർ ഉപയോഗിക്കുക.
ഒരു വാഹനം സ്വന്തമായി ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് എൻജിൻ ഓയിൽ. അത് കൃത്യമായി മാറ്റാതിരിക്കുന്നതിനാലാണ് എൻജിൻ റിപ്പയർ ചെയേണ്ടി വരുന്നത്. കൃത്യമായ സമയത്ത് എൻജിൻ ഓയിൽ മാറ്റാത്തത് ഏറ്റവും വലിയ ഒരു തെറ്റാണ്. ഒരു കാർ ഡ്രൈവ് ചെയ്യുമ്പോൾ അവയുടെ ടയറുകളിൽ കൃത്യമായ എയർ പ്രഷറുണ്ടായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. 30-35 PSI അളവിലാണ് എയർ പ്രഷർ വേണ്ടത്. ഓരോ മോഡലുകൾ അനുസരിച്ച് ഇതിന് വ്യത്യാസം വരാം. നിങ്ങളുടെ കാറിന് ആവശ്യമായ എയർ പ്രഷർ ഉണ്ടോയെന്ന് 3 ആഴ്ച്ച കൂടുമ്പോൾ ചെക്ക് ചെയ്യുക. ഇത് മെയിൻ്റെയിൻ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ലോ എയർ പ്രഷറിൽ വാഹനം ഓടിച്ചാൽ ടയറിൻ്റെ സർഫേസ് ഏരിയ കൂടുതലായി റോഡിൽ മുട്ടുകയും അവ തമ്മിലുള്ള ഫ്രിക്ഷൻ കൂടി ഓവർ ഹീറ്റായി ടയർ പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്. ഒപ്പം ടയറിന് പെട്ടെന്ന് തേയ്മാനം സംഭവിക്കും.
ചിലർ ഡ്രൈവ് ചെയ്യുമ്പോൾ അനാവശ്യമായി ബ്രേക്ക് പെടലിൽ കാല് വെച്ച് ഇടയ്ക്കിടെ ബ്രേക്ക് ചെയ്യുകയും അനാവശ്യമായി ഇടയ്ക്ക് സഡൻ ബ്രേക്ക് ഇടുകയും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ബ്രേക്ക് പാഡിന് തേയ്മാനം വരുത്തുകയും ചെയ്യും. അത് പോലെ, വലിയ ഇറക്കങ്ങൾ ഇറങ്ങുമ്പോൾ ഫോർത്ത് ഗിയറിലിട്ട് ഓടിക്കുമ്പോൾ കൂടുതലായി ബ്രേക്ക് ചവുട്ടേണ്ടി വരും. ഇത് ബ്രേക്ക് പ്രവർത്തനരഹിതമാക്കാൻ കാരണമാകും. അത്യവശ്യ സമയങ്ങളിൽ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോൾ പ്രവർത്തിച്ചില്ലെങ്കിൽ വലിയ അപകടമുണ്ടാകാം.
ഒരു കാറിൽ കൃത്യമായ കാലയളവിൽ റീപ്ലേസ് ചെയ്യേണ്ട ഒന്നാണ് ഫ്യുവൽ ഫിൽറ്റർ. പെട്രോളെങ്കിൽ 60000 കിലോ മീറ്ററും ഡീസൽ ആണെങ്കിൽ 30000 കിലോ മീറ്ററിലും ഫിൽറ്റർ മാറ്റി കൊടുക്കേണ്ടതുണ്ട്. ഇത് ചെയ്തില്ലെങ്കിൽ ഫിൽറ്റർ ക്ലോഗ് ആകാനും എൻജിൻ്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഒരു വലിയ വാഹനത്തെ ഓവർ ടേക്ക് ചെയ്യുമ്പോൾ എൻജിന് കൃത്യമായ പുളളിംഗ് ലഭിക്കാതെ വന്നാൽ അപകടമാണ്. ഒരു കാർ ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് എൻജിൻ ഓയിലും കൂളൻ്റും മാത്രമല്ല ചെക്ക് ചെയ്യേണ്ടത്. ഗിയർ ഓയിലുകളായ ബ്രേക്ക് ഫ്ലുയിഡ്, ട്രാൻസ്മിഷൻ ഫ്ലുയിഡ്, പവർ സ്റ്റിയറിംഗ് ഫ്ലുയിഡ് എന്നിവ ചെക്ക് ചെയ്യാൻ ശ്രദ്ധിക്കുക. മാസത്തിലൊരിക്കലെങ്കിലും എല്ലാ ഫ്ലുയിഡുകളും ചെക്ക് ചെയ്ത് ആവശ്യമെങ്കിൽ ഫിൽ ചെയ്തും റീപ്ലേസ് ചെയ്തും കൊടുക്കുക. ഈ തെറ്റുകൾ ചെയ്യാതിരിക്കുന്നത് ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.