സൂചിയും നൂലും ഉണ്ടെങ്കിൽ ഈ ട്രിക്ക് ആർക്കും പരീക്ഷിക്കാം

നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ളതാണ് സൂചിയും നൂലും. അത്യാവശ്യം ഒരു ബട്ടൺ തുന്നി പിടിപ്പിക്കാനെങ്കിലും നമ്മൾ ഇത് ഉപയോഗിക്കാറുണ്ട്. സൂചിയും നൂലും പഴയ തുണികളുമുണ്ടെങ്കിൽ അടിപൊളി ഡോർ മാറ്റ് അല്ലെങ്കിൽ കാർപ്പെറ്റ് ആർക്കും വീട്ടിൽ നിർമ്മിക്കാം. വീടിൻ്റ നിറത്തിന് ചേരുന്ന അഴകേകുന്ന കർപ്പെറ്റുകൾ സ്വയം നിർമ്മിച്ച് എടുക്കാം . ഒരു നല്ല കാർപ്പെറ്റ് വാങ്ങാൻ വലിയ തുകയാകാറുണ്ട്. മഴക്കാലം വന്നാൽ കാർപ്പെറ്റുകൾ എത്ര ഉണ്ടെങ്കിലും പോരാതെ വരും. ഓരോ സമയത്തും മാറ്റി വേറെയിടാൻ കാർപ്പെറ്റുകൾ വാങ്ങുന്നതിന് വലിയൊരു തുക കൊടുക്കേണ്ടി വരും. എന്നാൽ നിമിഷ നേരത്തിനുള്ളിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാം.

കാർപ്പെറ്റ് തയ്യാറാക്കാൻ ഒരു പഴയ ചുരിദാറോ നൈറ്റിയോ എടുക്കുക. സ്റ്റിറ്റിൻ്റെ ഭാഗത്ത് വെച്ച് ചുരിദാർ രണ്ടായി മടക്കി കൊടുക്കാം. ചീത്ത വശം പുറത്തും നല്ല വശം ഉള്ളിലുമാകുന്ന വിധം വേണം വെക്കാൻ. മടക്കുമ്പോൾ മുകൾ ഭാഗത്തായി ഷോൾഡർ 1 1/2 ഇഞ്ച് വിട്ട് അതിന് താഴെ വരുന്ന രീതിയിൽ മടക്കിയെടുക്കുക. ശേഷം സ്ലിറ്റിൻ്റെ രണ്ട് വശങ്ങളും ഇരുവശത്തേക്കുമാക്കി മടക്കുക. ഇങ്ങനെ മടക്കുമ്പോൾ ചുരിദാറിൻ്റെ ബോഡി ഉള്ളിലാകും. അതിന് ശേഷം ചുരിദാറിൻ്റെ സ്ലീവുകൾ അകത്തേക്ക് മടക്കുക. ഇപ്പോൾ നല്ല വശം പുറത്തു വരുന്ന വിധത്തിലാണുള്ളത്. സൂചിയിൽ നൂല് കോർത്ത് രണ്ടിഴയും കെട്ടി കൊടുത്ത് തുണിയുടെ നാല് വശവും അരികുകൾ തയ്ച്ച് കൊടുക്കാം. വീട്ടിൽ തയ്യിൽ മെഷിനുള്ളവർക്ക് അതിൽ തയ്ച്ചെടുക്കാവുന്നതാണ്.

നാല് വശവും തുന്നിയ ശേഷം, ചെറിയ കഷ്ണം തുണിയെടുത്ത് രണ്ടാക്കി മടക്കി വൃത്തത്തിൽ വരച്ചെടുക്കാം. ഒരു പാത്രം വെച്ച് വൃത്തം വരച്ചെടുക്കാവുന്നതാണ്. വൃത്തം മുറിച്ചെടുത്ത് വെച്ച ശേഷം ഹെമ്മിംഗ് ചെയ്യുന്നത് പോലെ നൂലെടുത്ത് വൃത്തത്തിൻ്റെ ഒരു പീസെടുത്ത് ചുറ്റും നൂല് കോർത്തെടുക്കുക. അതിന് ശേഷം നൂല് വലിച്ച് ഒരു പൂവ് പോലെയാക്കി എടുക്കുക. ഇതിന് നടുവിൽ തുന്നി ഉറപ്പിച്ച് കെട്ടിട്ട് തയ്ച്ചെടുക്കാം. ഇത്തരത്തിൽ കുറച്ച് പൂക്കൾ ഉണ്ടാക്കി മുൻപ് ചെയ്ത് വെച്ച തുണിയുടെ മുകളിലായി ഡിസൈനിൽ തയ്ച്ച് പിടിപ്പിക്കാം. മനോഹരമായ പൂക്കളോട് കൂടിയ കാർപ്പെറ്റ് റെഡി.

Leave a Reply

Your email address will not be published. Required fields are marked *