ഒട്ടുമിക്ക കുട്ടികളും ചിത്രം വരയും എഴുത്തുകളും ആദ്യം തുടങ്ങുന്നത് ചുവരുകളിൽ ആയിരിക്കും. പേപ്പർ നല്കിയാലും കുട്ടികൾക്ക് ഏറെ ഇഷ്ടം ചുവരിൽ വരയ്ക്കാനാകും. അവർ പെൻസിലും പേനയും കളറുകളുമൊക്കെ ഉപയോഗിച്ച് അവരുടേതായ രീതിയിൽ കുത്തിക്കുറിക്കും. എന്നാൽ ഇത് മാതാപിതാക്കൾക്ക് വലിയൊരു തലവേദനയാണ്. കുരുത്തക്കേട് കാണിക്കരുതെന്ന താക്കീതും ശിക്ഷയും കുട്ടികൾക്ക് പതിവാണ്.
എല്ലാ മാതാപിതാക്കൾക്കും കുട്ടികൾ വരയ്ക്കുന്നതിൽ അഭിമാനമാണ്. എന്നാൽ ചുവരുകൾ കാൻവാസാകുമ്പോഴാണ് പ്രശ്നം. വില കൂടിയ പെയിൻ്റടിച്ച് മനോഹരമാക്കിയ ചുവരുകൾ നിമിഷ നേരം കൊണ്ട് കുട്ടികൾ വൃത്തികേടാക്കും. കുട്ടികളുള്ള വീട്ടിൽ ഇത് സ്ഥിരമാണ്. എന്നാൽ അവർ വരക്കുന്നതിലും എളുപ്പത്തിൽ ഈ പാടുകൾ കളയാനാകും. വരച്ചയിടത്ത് അതിൻ്റെ ഒരു പാടുകളുമില്ലാതെ തന്നെ വൃത്തിയാക്കിയെടുക്കാം. അത് പേനയോ, പെൻസിലോ, ക്രെയോണോ എന്തുമാകട്ടെ ഒട്ടും പ്രയാസമില്ലാതെ വൃത്തിയാക്കാൻ ഒരു വിദ്യയുണ്ട്.
വൃത്തിയാക്കുന്നതിന് പുറത്ത് നിന്നും വിലയേറിയ ലോഷനോ ക്ലീനറോ യാതൊന്നും തന്നെ ആവശ്യമില്ല. നമ്മുടെ വീട്ടിലെ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിനായി ഡിഷ് വാഷ് ലിക്യുഡ്, കോൾഗേറ്റ്, ചെറുനാരങ്ങ, ടൂത്ത് ബ്രഷ് എന്നിവയാണ് വേണ്ടത്. ഒരു ബൗളിലേക്ക് ഡിഷ് വാഷ് ലിക്യുഡ്, കോൾഗേറ്റ്, ചെറുനാരങ്ങ നീര് എന്നിവ തുല്യ അളവിലെടുത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക. ഈ മിശ്രിതം ചുവരിൽ കുട്ടികൾ വരച്ചതിന് മുകളിൽ ടൂത്ത് ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കൊടുക്കാം. നിമിഷ നേരം കൊണ്ട് എല്ലാ പാടുകളും പോകുന്നത് കാണാം. ശേഷം ഒരു ഉണങ്ങിയ ടവ്വൽ ഉപയോഗിച്ച് തുടച്ചെടുക്കാം. ചുവരിലെ എല്ലാ കളറും പോയി യഥാർത്ഥ നിറം വീണ്ടെടുക്കാനാകും. ഇനി കുട്ടികൾ ചുവരിൽ വരയ്ക്കുമ്പോൾ ഈ ഉപായം ഒന്ന് പരീക്ഷിച്ച് നോക്കൂ.