വാങ്ങി കുറച്ച് നാൾ കഴിയുമ്പോൾ നിറം മങ്ങുകയും നൂല് പൊങ്ങുകയും ചെയ്യുന്ന ഒന്നാണ് പാൻ്റുകൾ. അത്തരത്തിൽ കീറിയതും, നിറം മങ്ങിയതും, നൂല് പൊങ്ങിയതുമായ പാൻ്റുകൾ സാധാരണ കളയുകയാണ് പതിവ്. എന്നാൽ കളയാൻ വെച്ചിരിക്കുന്ന പാൻ്റ് കൊണ്ട് വർഷങ്ങളോളം ഉപയോഗിക്കാവുന്ന ഒരു സൂത്രമുണ്ടാക്കാം. നമ്മളിൽ പലരും മാർക്കറ്റിൽ പോകുമ്പോൾ സഞ്ചികൾ കയ്യിൽ കരുതാറുണ്ട്. എന്നാൽ പലർക്കും ഇങ്ങനെ സഞ്ചികൾ കൊണ്ട് നടക്കാൻ മടിയാണ്. ഇത് പരിഹരിക്കുന്നതിന് ഒരു അടിപൊളി ഫോൾഡബിൾ ബാഗ് പഴയ പാൻ്റ് ഉപയോഗിച്ച് നിർമ്മിച്ചെടുക്കാം.
ബാഗ് ഉണ്ടാക്കുന്നതിനായി പഴയ പാൻ്റിൻ്റെ ക്രോച്ച് ഭാഗത്ത് മുറിച്ച് കൊടുത്ത് കാലുകൾ രണ്ട് പീസുകളാക്കി വേർതിരിക്കുക. ശേഷം രണ്ട് കാലിൻ്റെയും ഒരു വശം വെട്ടി കൊടുക്കുക. പാൻ്റിൻ്റെ താഴത്ത് മടക്കി അടിച്ച ഭാഗം മുറിച്ച് മാറ്റി വെക്കുക. കാലിൻ്റെ രണ്ട് പീസുകളും ഒന്നിച്ച് വെച്ച ശേഷം താഴെ നിന്നും മുകളിലേക്ക് മടക്കുക. മടക്കുമ്പോൾ ഇരു വശത്തും തുണി അധികമായി കാണാം. ചെറിയ പീസിൻ്റെ അതേ ലെവലാകാൻ ഈ അധികമായ തുണി മുറിച്ച് മാറ്റാം. മടക്ക് നിവർത്തുമ്പോൾ ഒരു റക്ടാങ്കിൾ ആകൃതിയിലാകും. ശേഷം താഴെ നിന്നും അളവ് ടേപ്പിൽ 24 ഇഞ്ച് നിളം അടയാളപ്പെടുത്തി ബാക്കി ഭാഗം മുറിച്ച് കളയുക. ഒരേ അളവിലെ രണ്ട് പീസുകളാക്കിയെടുക്കുക. അതിന് ശേഷം പാൻ്റിൻ്റെ മുറിച്ച് മാറ്റിയ മുകൾ ഭാഗത്ത് നിന്നും ഒരേ അളവിൽ 2 പീസുകൾ വെട്ടിയെടുക്കുക. ഇത് തയ്ച്ചെടുക്കേണ്ടതുണ്ട്. വെട്ടിയെടുത്ത ചെറിയ പീസുകൾ 6 ഇഞ്ച് നീളവും വീതിയിലും ഒരു ചതുരം വരച്ച് 3 വശങ്ങളും തയ്ച്ചെടുക്കുക. നല്ല വശം അകത്താകുന്ന വിധം വേണം തയ്ക്കാൻ. മറിച്ചിടുമ്പോൾ ഇത് ഒരു പോക്കറ്റ് പോലെ കിട്ടും. ഇതിൽ ഓപ്പൺ ആയ വശം അരിക് മടക്കി അടിച്ച് അതിൻ്റെ സെൻ്റർ മാർക്ക് ചെയ്യുക. ശേഷം പാൻ്റിൻ്റെ ഒരു പീസ് എടുത്ത് അതിൻ്റെ സെൻ്റർ അടയാളപ്പെടുത്തുക. പാൻ്റ് പീസിൻ്റെ സെൻ്റർ പോയിൻ്റിൽ ഒരു ഇഞ്ച് താഴ്ത്തി പോക്കറ്റിൻ്റെ സെൻ്റർ പോയിൻ്റ് വെച്ച് തയ്ച്ചെടുക്കാം.
പാൻ്റിൻ്റെ പടിയിലുള്ള ബെൽറ്റ് അഴിച്ചെടുത്ത് തയ്ക്കുന്നതിൻ്റെ ഒരു വശത്ത് മടക്കി വെച്ച് അതും കൂട്ടി തയ്ക്കുക. ഇതിന് മുകളിലേക്ക് പാൻറിൻ്റെ രണ്ടാമത്തെ പീസ് നല്ല വശം ഉള്ളിലാക്കി തയ്ച്ചെടുക്കുക. തയ്ക്കുമ്പോൾ മുകൾ ഭാഗം മടക്കിയടിച്ച ശേഷം 3 വശങ്ങളും തയ്ച്ചെടുക്കുക. അതിന് ശേഷം തുറന്ന വശം മടക്കി അടിച്ചെടുക്കുക. ആദ്യം മുറിച്ച് മാറ്റിയ പാൻ്റിൻ്റെ താഴത്തെ മടക്കിയടിച്ച കഷ്ണം വീണ്ടും മടക്കി അടിച്ച് 16 ഇഞ്ച് നീളം വരുന്ന രണ്ട് സ്ട്രാപ്പുകൾ ആക്കുക. ശേഷം തുറന്ന ഭാഗത്തിൻ്റെ സെൻ്റർ മാർക്ക് ചെയ്ത് അതിൽ നിന്നും 3 ഇഞ്ച് അകലത്തിൽ വള്ളി തയ്ച്ച് പിടിപ്പിക്കാം. വള്ളി ഉറച്ചിരിക്കാൻ 5-6 അടികൾ ഇട്ട് തയ്ക്കുക. മറിച്ചിടുമ്പോൾ ബാഗ് റെഡി. ഇതിൻ്റെ എല്ലാ വശങ്ങളും മടക്കി ഈ പോക്കറ്റിനുള്ളിലാക്കി മാർക്കറ്റിൽ കൊണ്ട് പോകാം. പാൻ്റായതിനാൽ തുണിക്ക് നല്ല കട്ടിയുണ്ടാകും. മാത്രമല്ല ചെറുതായതിനാൽ സഞ്ചിയാണെന്ന് ആർക്കും മനസ്സിലാകില്ല. ഇനി പഴയ പാൻറുകൾ കളയാതെ ഇത് പോലെ ഫോൾഡബൾ ബാഗ് തയ്ച്ചെടുക്കാം.