എല്ലാവർക്കും, പ്രത്യേകിച്ചും നമ്മൾ മലയാളികൾക്ക് സ്വർണ്ണത്തോട് ഇഷ്ടം കൂടുതലാണ്. സ്വർണ്ണം കൂടുതലായി ഉപയോഗിക്കുന്നത് ഇന്ത്യയും ചൈനയുമാണ്. സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലൊന്നായതിനാൽ സ്വർണ്ണത്തിൽ പണം നിക്ഷേപിക്കാൻ എല്ലാ കാലത്തും ആളുകൾക്ക് താല്പര്യം കൂടുതലാണ്. കാലം പോകുന്തോറും മൂല്യം കൂടുന്നതും ഗുണമാണ്. മിക്ക ആളുകളും ഇൻവെസ്റ്റ് ചെയ്യുന്നത് സ്വർണാഭരണങ്ങളിലാണ്. സ്വർണ്ണം കൊണ്ടുള്ള ആഭരണങ്ങൾ ഒരു ഇൻവെസ്റ്റ്മെൻ്റ് ആയി കണക്കാക്കാനാകില്ല .കാരണം അതിൽ പണിക്കൂലി, പണി കിഴിവ് , കല്ലുകളുണ്ടെങ്കിൽ അവയെല്ലാം ചേർന്ന് വരും. സ്വർണാഭരണം സൂക്ഷിക്കാനും പ്രയാസമാണ്. അതിനാൽ സ്വർണം ആഭരണങ്ങളിൽ ഇൻവെസ്റ്റ് ചെയ്യുന്നത് ബുദ്ധിയല്ല. അത് പോലെ, ചിലർ ഗോൾഡ് കോയിനായി ഇൻവെസ്റ്റ് ചെയ്യാറുണ്ട്. ഇതിൽ പണിക്കൂലി, പണി കിഴിവ് പോലുള്ള പ്രശ്നമില്ലെങ്കിലും ഇത് സൂക്ഷിക്കുന്നത് പ്രയാസമാണ്. കളവ് പോകാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതിനാൽ ഗോൾഡ് അസറ്റ് ക്ലാസ്സിനോട് താല്പര്യമുള്ളവർക്ക് സ്റ്റോറേജിനുള്ള പ്രയാസം ഒഴിവാക്കാൻ ഡിജിറ്റൽ ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് തിരഞ്ഞെടുക്കാം. മൂച്വൽ ഫണ്ടിലൂടെയോ, ഇ ടി എഫിൽ കൂടെയോ, ആർ ബി ഐയുടെ ഗോൾഡ് സോവറിയൻ ബോണ്ടിലൂടെയോ ഇൻവെസ്റ്റ് ചെയ്യാം. സോവറിയൻ ബോണ്ടിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഗുണം എന്തെന്ന് വച്ചാൽ എല്ലാ വർഷവും 2.5 % ഇൻ്ററസ്റ്റ് കിട്ടും. 8 വർഷം കഴിഞ്ഞ് റഡീം ചെയ്താൽ ടാക്സ് ഒഴിവായി കിട്ടുമെന്നതാണ്. ഇൻവെസ്റ്റ് ചെയ്യാൻ ഒരു ഗ്രാം എങ്കിലും വാങ്ങണ്ടേ ? മൂച്വൽ ഫണ്ടെങ്കിൽ മാസാമാസം 500 രൂപ എങ്കിലും അടക്കണ്ടേ? എന്നീ ആശങ്കകൾ പലർക്കുമുണ്ട്. എന്നാൽ വെറും 50 രൂപ കൊടുത്താൽ ഇന്ത്യയിൽ ഗോൾഡ് ബീസ് അഥവ ഗോൾഡ് ഇ ടി എഫ് ( എക്സ്ചേഞ്ച് ട്രേഡിംഗ് ഫണ്ട് ) എന്ന സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റഡായ ഗോൾഡിൻ്റെ ഒരു യൂണിറ്റ് വാങ്ങാനാകും.
ഗോൾഡ് ബീസ് എന്താണെന്ന് ചിന്തിക്കുന്നവർ ഉണ്ടാകും. ഗോൾഡിൻ്റെ അതേ വില തന്നെയായിരിക്കും നമ്മൾക്ക് ഗോൾഡ് ഡിജിറ്റലി വാങ്ങാനാകുന്നത്. ഇതിനായി ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഏതെങ്കിലും സ്റ്റോക്ക് ബേക്കറുടെ അടുത്ത് പോയി ഒരു ഡീമാറ്റ് അക്കൗണ്ട് നമ്മുടെ പേരിൽ ഓപ്പൺ ചെയ്ത് ഗോൾഡിൻ്റെ ഓരോരോ യൂണിറ്റുകൾ ഗോൾഡ് ബീസായി നമുക്ക് വാങ്ങാനാകും. ഒരു ഗ്രാമിന് എത്രയാണോ വില അതിൻ്റെ 1/100 ആകും ഇതിൻ്റെ വില. ഉദാഹരണത്തിന് സ്വർണം ഒരു ഗ്രാമിന് 4900 രൂപ ആണെങ്കിൽ 49 രൂപയാകും ഇതിൻ്റെ വില. 5000 രൂപയെങ്കിൽ ഒരു യൂണിറ്റിന് 50 രൂപ വരും. അത്രയും ചെറിയ അളവിലും സ്വർണം വാങ്ങാൻ നമുക്ക് സൗകര്യമുണ്ട്. ഇത് പോലെ ഗോൾഡ് ബീസ് നമ്മുടെ കയ്യിലുള്ള പണമനുസരിച്ച് വാങ്ങാം.
ഇത്തരം ഗോൾഡ് ബീസ് വാങ്ങാൻ ഡീമാറ്റ് അക്കൗണ്ട് തുടങ്ങണം. നമ്മൾ ഷെയർസും ഇത്തരം ബോണ്ടുകളും വാങ്ങാൻ ഉപയോഗിക്കുന്നതാണ് ഡീമാറ്റ് അക്കൗണ്ട്. പണ്ട് ഷെയർസ് വാങ്ങുമ്പോൾ കിട്ടിയിരുന്ന ഡോക്കുമെൻറിനെ ഇലക്ട്രോണിക് രീതിയിൽ സൂക്ഷിക്കുന്നതാണിത്. ബാങ്ക് ലോക്കർ പോലെ ഇവയുടെയെല്ലാം കടപത്രങ്ങൾ വയ്ക്കുന്നതിന് ഈ അക്കൗണ്ട് ഉപകാരമാകും. ഈ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് പാൻ കാർഡ്, ആധാർ കാർഡ്, ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ്, ചെക്ക് ലീഫ്, ഫോട്ടോ എന്നിവയാണ് ആവശ്യമായുള്ളത്. ഒരിക്കൽ അക്കൗണ്ട് ഓപ്പണായി കഴിഞ്ഞാൽ ഓരോ വർഷവും മെയിൻ്റനൻസ് ഫീസ് കൊടുക്കണ്ടി വരും. ഓരോ തവണ ട്രാൻസാക്ഷൻ നടത്തുമ്പോൾ ബ്രോക്കറിന് ബ്രോക്കറേജ് കൊടുക്കണം. ഇവ രണ്ടും കൂട്ടിയാലും നമ്മൾ വാങ്ങുന്ന സ്വർണത്തിന് ഇത് മെച്ചമാണ്. ചെറിയ ഇൻവെസ്റ്റ്മെൻ്റിലൂടെ സ്വർണം വാങ്ങിയെടുക്കാനാകും. സ്വർണാഭരണങ്ങൾ സൂക്ഷിക്കാനും, പണിക്കൂലി പണി കിഴിവ് എന്നിവ ഒഴിവാക്കാനും ഇത് ഉത്തമമാണ്. ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പണം ഒന്നിച്ചെടുക്കാനാകാത്തവർക്ക് ഇത് ഉപകരിക്കും.