ഡ്രൈവ് ചെയ്യുമ്പോൾ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ജീവൻ രക്ഷിക്കും

ഡ്രൈവ് ചെയ്യുമ്പോഴുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങളിലേക്ക് നയിക്കാം. ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിസ്സാരമാക്കാതെ പാലിച്ചാൽ വലിയ അപകടങ്ങൾ മാത്രമല്ല പരുക്കുകളും ഒഴിവാക്കാം. പ്രധാനമായ 4 കാര്യങ്ങൾ ഡ്രൈവ് ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഡ്രൈവ് ചെയ്യുമ്പാൾ പാസ്സ് ലൈറ്റ് ഒരു വാർണിംഗ് ലൈറ്റാണ്. നിരത്തിലെ മറ്റുള്ള ഡ്രൈവർമാർക്ക് കൊടുക്കാവുന്ന ഒരു സിഗ്നലായി പാസ് ലൈറ്റിനെ ഉപയോഗപ്പെടുത്താം. പാസ് ലൈറ്റിൻ്റെ ഉപയോഗം കൃത്യമായി അറിയാത്ത ധാരാളം പേരുണ്ട്. നിർണായകമായ ഉപയോഗം എന്തെന്നാൽ നിങ്ങൾ ഒരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ചിലപ്പോഴെങ്കിലും അപ്രതീക്ഷിതമായി എതിർ ദിശയിൽ നിന്നും വേഗത്തിൽ മറ്റൊരു വാഹനം വന്നേക്കാം. ഇത്തരം സാഹചര്യത്തിൽ പാസ് ലൈറ്റിട്ടാൽ എതിർ ദിശയിലെ ഡ്രൈവറിന് നല്കുന്ന വാർണിംഗാണ്. ഇത് കണ്ടാൽ ആ ഡ്രൈവർ തൻ്റെ വാഹനത്തിൻ്റെ സ്പീഡ് കുറയ്ക്കുകയും നിങ്ങൾക്ക് സുരക്ഷിതമായി ഓവർടേക്ക് ചെയ്യാനുമാകും. പലർക്കും ഈ ഉപയോഗം അറിയില്ല. ഇത് ഉപകാരപ്പെടുത്തിയാൽ നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനാകും. കാറിൻ്റെ ഇൻഡിക്കേറ്റർ ലിവർ നേരെ മുകളിലേക്ക് പ്രസ്സ് ചെയ്ത് പിടിക്കുമ്പോൾ കാറിൻ്റെ ഹെഡ് ലൈറ്റ് ഹൈ ബീമിലാകും ഓണാകുന്നത്. അതിന് ശേഷം ആ ലിവർ വിട്ട് കൊടുക്കുമ്പോൾ ലൈറ്റ് ഓഫാകും. ഇതിനെയാണ് പാസ് ലൈറ്റ് എന്ന് പറയുന്നത്. വളരെ പെട്ടെന്ന് ഉപയോഗിക്കാവുന്നതാണിത്. പല ആവശ്യഘട്ടത്തും ബുദ്ധിപൂർവ്വം ഇത് ഉപയോഗപ്പെടുത്തിയാൽ പല അപകടങ്ങളും ഒഴിവാക്കാം.

മോശം കാലാവസ്ഥയുള്ള സമയത്ത് കാർ ഡ്രൈവ് ചെയ്യുമ്പോൾ വിസിബിലിറ്റി കുറവായിരിക്കും. മഴ, മൂടൽമഞ്ഞ് എന്നിവയുള്ളപ്പോൾ കാർ ഡ്രൈവ് ചെയ്യുന്നത് കുറച്ച് പ്രയാസമാണ്. മഴയത്ത് ഡ്രൈവ് ചെയ്യുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരും. പലരും മറക്കുന്ന ഒന്നാണ് ഹെഡ് ലൈറ്റ് ഓൺ ചെയ്യുക എന്നത്. മഴയുള്ള സമയത്ത് ഹെഡ് ലൈറ്റ് ഓൺ ചെയ്ത് ഡ്രൈവ് ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കനത്ത മഴയിൽ പോലും പലരും ഹെഡ് ലൈറ്റ് ഓണാക്കാതെ നിരത്തിലിറങ്ങും. ഇത് വളരെ അപകടം പിടിച്ചതാണ്. മഴ കാരണം വിസിബിലിറ്റി കുറയുന്നതോടൊപ്പം വിൻഡ് ഷീൽഡിൽ ഫോഗ് രൂപാന്തരപെടുന്നു. ഇത്തരം സാഹചര്യത്തിൽ മറ്റ് വാഹനം ജഡ്ജ് ചെയ്യാൻ പ്രയാസമാകുകയും അപകട സാധ്യത കൂടുതലുമാണ്. ഹെഡ് ലൈറ്റിടുന്നത് നിങ്ങളുടെയും മറ്റുള്ളവരുടെ വിസിബിലിറ്റിക്ക് പ്രയോജനം ചെയ്യും. ചെറിയ ചാറ്റൽ മഴയുള്ളപ്പോൾ പാർക്ക് ലൈറ്റ് ഓണാക്കി ഡ്രൈവ് ചെയ്യാവുന്നതാണ്.

ഇപ്പോൾ ഇറങ്ങുന്ന മിക്ക കാറുകളിലും എയർ ബാഗ് സേഫ്റ്റി സിസ്റ്റം അടങ്ങിയിട്ടുണ്ട്. ഇത്തരം കാറുകൾ ഡ്രൈവ് ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴും പലരും 10:2 അതായത് 10:10 എന്ന സമയത്തിൻ്റെ സൂചികളെ അടിസ്ഥാനമാക്കിയ ഹാൻ്റ് പൊസിഷനാണ് ഫോളോ ചെയ്യുന്നത്. ഡ്രൈവിംഗ് സ്കൂളിൽ ഇപ്പോഴും ഇത് പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇറങ്ങുന്ന എയർ ബാഗ് സേഫ്റ്റിയുള്ള കാറുകൾ ഈ ഹാൻ്റ് പൊസിഷനിൽ ഓടിക്കുന്നത് തെറ്റാണ്. സ്റ്റിയറിംഗിൻ്റെ നടുവിലായാണ് എയർ ബാഗ് ഇരിക്കുന്നത്. അത് നല്ല ഫോർസിൽ ആകും വരുന്നത്. 10:2 എന്ന ഹാൻ്റ് പൊസിഷനിൽ ഡ്രൈവ് ചെയ്യുമ്പോൾ വളക്കുന്ന സമയത്ത് കൈ സ്റ്റിയറിങ്ങിന് ഉള്ളിലാകും. ഈ സാഹചര്യത്തിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഫോർസ് കൊണ്ട് കൈ നിങ്ങളുടെ നെറ്റിയിൽ ഇടിക്കാനിടയുണ്ട്. ഇത്തരത്തിൽ ധാരാളം ഗുരുതരമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ റെക്കമെൻ്റഡ് ഹാൻ്റ് പൊസിഷൻ 9:3 എന്നതാണ്. അതായത് 9:15 എന്ന സമയം അടിസ്ഥാനമാക്കിയത്.

കാറിൻ്റെ സ്റ്റിയറിംഗ് പലരും പല വിധത്തിലാകും പിടിക്കുന്നത്. തള്ള വിരൽ സ്റ്റിയറിംഗിനകത്തേക്ക് പോകുന്ന രീതിയിൽ കൊളുത്തി പിടിക്കുന്നത് തെറ്റായ രീതിയാണ്. ഇങ്ങനെ പിടിക്കുമ്പോൾ കുഴികളും കല്ലുകളുമുള്ള ഓഫ് റോഡ്‌ പോലത്തെ വഴികളിൽ ഓടിക്കുമ്പോൾ കാർ എവിടെയെങ്കിലും തട്ടിയാൽ പ്രതീക്ഷിക്കാത്ത വശത്തേക്ക് സ്റ്റിയറിംഗ് റൊട്ടേറ്റ് ചെയ്യാനിടയുണ്ട്. ഇങ്ങനെ സ്റ്റിയറിംഗ് പിടിക്കുമ്പോൾ കൈയ്യും അതാടൊപ്പം തിരിഞ്ഞ് വിരലുകൾക്ക് കാര്യമായ പരുക്ക് പറ്റാൻ സാധ്യതയുണ്ട്. തുടക്കക്കാർക്ക് വരുന്ന മറ്റൊരു പ്രശ്നമാണ് ഗിയർ ഷിഫ്റ്റ് ഇടുമ്പോൾ ഒരു കൈ കൊണ്ട് തള്ളവിരൽ കൊളുത്തി സ്റ്റിയറിംഗ് പിടിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ സ്റ്റിയറിംഗിൻ്റെ കണ്ട്രോൾ പോകാൻ സാധ്യത കൂടുതലാണ്. അതിനാൽ സ്റ്റിയറിംഗ് പിടിക്കുമ്പോൾ തള്ളവിരൽ സ്റ്റിയറിംഗിന് പുറത്തായി വെക്കുക. ഡ്രൈവ് ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി നിങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാനാകും. വലിയ അപകടങ്ങളും ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *