ഈ കാര്യങ്ങൾ അറിഞ്ഞാൽ മറ്റ് വാഹനങ്ങളെ ധൈര്യമായി ഓവർടേക്ക് ചെയ്യാം

അമിതവേഗത്താലും തെറ്റായ ഓവർ ടേക്കിംഗ് രീതികളും കാരണം കേരളത്തിലെ റോഡുകളിൽ ദിവസേന നിരവധി ജീവിതങ്ങളാണ് ഇല്ലാതാകുന്നത്. വളരയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ് ഓവർടേക്കിംഗ്. ശരിയായ രീതിയിൽ ഓവർടേക്ക് ചെയ്താൽ പല അപകടങ്ങളും നമുക്ക് ഒഴിവാക്കാം. സുരക്ഷിതമായും ധൈര്യമായും ഓവർടേക്ക് ചെയ്യാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

മറ്റ് ഹൈവേകളെ അപേക്ഷിച്ച് സിംഗിൾ ലൈൻ ഹൈവേകളിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ കുറച്ചധികം ശ്രദ്ധയും, കൃത്യമായ ജഡ്ജ്മെൻ്റും ആവശ്യമാണ്. പലർക്കും ഡ്രൈവ് ചെയ്യാമെങ്കിലും സിംഗിൾ ലൈൻ ഹൈവേയിൽ ഓവർടേക്ക് ചെയ്യാൻ ഭയമാണ്. ഓവർ ടേക്ക് ചെയ്യണോ വേണ്ടയോ എന്ന് ചിന്തിച്ച് പകച്ച് നിക്കുന്നവരുമുണ്ട്. ഓവർടേക്ക് ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ എതിർവശം കൃത്യമായി മനസ്സിലാക്കുക എന്നതാണ്. എതിർവശം നന്നായി കാണാൻ സാധിക്കുന്നുണ്ട്, എതിർവശത്ത് വാഹനങ്ങൾ ഒന്നും വരുന്നില്ല എന്നിവ ഉറപ്പ് വരുത്തുക. അത് പോലെ, എതിർ വശത്ത് നിന്നും വരുന്ന വാഹനം അടുത്ത് എത്തുന്നതിന് മുൻപ് തന്നെ മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യാനാകും എന്ന ഉറപ്പും ജഡ്ജ്മെൻ്റും കൃത്യമാക്കുക. ഓവർ ടേക്ക് ചെയ്യുമ്പോൾ വളരെ പെട്ടെന്ന് ഓവർ ടേക്ക് ചെയ്യുക. സിംഗിൾ ലൈൻ ഹൈവേയിൽ എതിർ വശത്ത് നിന്നും വാഹനങ്ങൾ വേഗത്തിൽ വന്നു കൊണ്ടിരിക്കുന്നതിനാൽ പെട്ടെന്ന് തന്നെ ഓവർടേക്ക് ചെയ്തിരിക്കണം. അങ്ങനെ വളരെ പെട്ടെന്ന് നിശ്ചിത സമയത്തിനുള്ളിൽ ഓവർ ടേക്ക് ചെയ്യുന്നതിന് നിങ്ങളുടെ വാഹനത്തിന് കൂടുതൽ ടോർക്ക് ആണ് ആവശ്യമുള്ളത്. ഹൈയർ ആർ പി എമ്മിലാണ് കൂടുതൽ ടോർക്ക് ലഭിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ വാഹനം ഫോർത്ത് ഗിയറിൽ ഓടിക്കുന്നുവെങ്കിൽ ആ സമയത്ത് മുന്നിൽ ഒരു ഓട്ടോറിക്ഷ പോകുന്നുണ്ടെന്ന് സങ്കൽപ്പിക്കുക. നിങ്ങൾക്ക് ആ വാഹനത്തെ ഓവർടേക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ അകലെ നിന്ന് ഒരു ബസ് വരുന്നുണ്ട്. ആ ബസ് കടന്നു വരുന്നതിന് മുൻപ് നിങ്ങൾക്ക് ഓട്ടോയെ ഓവർടേക്ക് ചെയ്യണമെങ്കിൽ ഫോർത്ത് ഗിയറിൽ തന്നെ ആക്സിലറേറ്റർ കൂട്ടി കൊടുത്താൽ കുറഞ്ഞ സമയത്തിനുള്ളിൽ ഓട്ടോറിക്ഷയെ ഓവർ ടേക്ക് ചെയ്യാൻ സാധിച്ചെന്ന് വരില്ല. കാരണം ഫോർത്ത് ഗിയർ ഹയർ ഗിയറാണ്. ഇവയിൽ ആർ പി എം വളരെ കുറവായിരിക്കും. ആർ പി എം കുറയുമ്പോൾ ടോർക്കും കുറവായതിനാൽ പെട്ടെന്ന് ഓവർ ടേക്ക് ചെയ്യാനാകില്ല. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഡൗൺ ഷിഫ്റ്റ് ചെയ്ത് കൊടുക്കേണ്ടതുണ്ട്. ഫോർത്തിൽ നിന്നും തേർഡ് ഗിയറിലേക്ക് മാറുമ്പോൾ ആർ പി എം കൂടുകയും ഒപ്പം ടോർക്കും കൂടും. സിംഗിൾ ലൈൻ ഹൈവേയിൽ ഓവർ ടേക്ക് ചെയ്യുമ്പോൾ മനസ്സിലാക്കിയിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണിത്. എഞ്ചിൻ്റെ ടെക്നോളജി മികവുള്ള ഇപ്പോൾ ഇറങ്ങുന്ന കാറുകളിൽ ഹൈയർ ഗിയറിലും അത്യാവശ്യം നന്നായി ടോർക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെയുള്ള കാറുകളിൽ ഡൗൺ ഷിഫ്റ്റ് ചെയ്ത് കൊടുക്കേണ്ടതിൻ്റെ ആവശ്യകത കുറവായിരിക്കും.

അത് പോലെ ഓവർടേക്ക് ചെയ്യുന്ന സമയത്ത് എതിർ വശത്ത്‌ നിന്നും ഒരു വാഹനം വരുകയാണെങ്കിൽ പാസ് ലൈറ്റിട്ട് എതിർവശത്ത് വരുന്ന ഡ്രൈവറെ അലർട്ട്‌ ചെയ്യേണ്ടതുണ്ട്. കാറിൻ്റെ ഇൻഡിക്കേറ്റർ ലിവർ നേരെ മുകളിലേക്ക് പ്രസ്സ് ചെയ്ത് പിടിക്കുമ്പോൾ കാറിൻ്റെ ഹെഡ് ലൈറ്റ് ഹൈ ബീമിലാകും ഓണാകുന്നത്. അതിന് ശേഷം ആ ലിവർ വിട്ട് കൊടുക്കുമ്പോൾ ലൈറ്റ് ഓഫാകും. ഇതിനെയാണ് പാസ് ലൈറ്റ് എന്ന് പറയുന്നത്. ഇത് ഒരു സിഗ്നലാണ്. ഇത് കണ്ടാൽ എതിർവശത്തെ ഡ്രൈവർ തൻ്റെ വാഹനത്തിൻ്റെ സ്പീഡ് കുറയ്ക്കുകയും നിങ്ങൾക്ക് സുരക്ഷിതമായി ഓവർടേക്ക് ചെയ്യാനുമാകും. പല ആവശ്യഘട്ടത്തും ബുദ്ധിപൂർവ്വം ഇത് ഉപയോഗപ്പെടുത്തിയാൽ പല അപകടങ്ങളും ഒഴിവാക്കാം.

ഓവർ ടേക്ക് ചെയ്യുമ്പോൾ മുന്നിലെ വാഹനത്തിൻ്റെ അടുത്തെത്തിയ ശേഷം ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്. നിശ്ചിതമായ അകലം പാലിച്ച് വശത്തേക്ക് നീങ്ങി എതിർവശത്ത് വാഹനമില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഓവർടേക്ക് ചെയ്യുക. നിങ്ങൾ മുന്നിലെ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ പിന്നിലെ വാഹനം നിങ്ങളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. മുന്നിലെ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിന് കുറച്ച് മുൻപ് തന്നെ വലത് സൈഡിലേക്ക് ഇൻഡിക്കേറ്റിട്ട് ഓവർടേക്ക് ചെയ്യുന്നത് നല്ലതാണ്. ഓവർടേക്ക് ചെയ്‌ത ശേഷം ഇടത് വശത്തേക്ക് ഇൻഡിക്കേറ്റിട്ട് കൊടുക്കാം. വളരെ സുരക്ഷിതമായി ഓവർടേക്ക് ചെയ്യാനുള്ള മാർഗ്ഗമാണിത്‌.

ഒരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിന് മുൻപ് ഹോൺ അടിച്ച് അലർട്ട് ചെയ്യുന്നത് വളരെ പ്രധാനമാണ്. പകൽ സമയമെങ്കിൽ ഒന്നോ രണ്ടോ തവണ ഹോൺ അടിച്ച ശേഷം മാത്രം ഓവർടേക്ക് ചെയ്യുക. ഹെവി വാഹനങ്ങളെങ്കിൽ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി സമയമെങ്കിൽ ഹോണിന് പകരം പാസ്സ് ലൈറ്റ് ഉപയോഗിക്കുക. ഓവർടേക്ക് സമയത്ത് ഉണ്ടാകുന്ന ചെറിയ പിഴവുകൾ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം.

ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത ചില സാഹചര്യങ്ങളുണ്ട്. ഇവ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മുന്നിൽ പോകുന്ന വാഹനങ്ങളുടെ ഇടത് വശത്ത് കൂടി ഒരു കാരണവശാലും ഓവർടേക്ക് ചെയ്യരുത്. എത്ര തന്നെ സ്ഥലമുണ്ടെങ്കിലും കാറിൽ സഞ്ചരിക്കുമ്പോൾ ഇടത് വശത്ത് കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്. ജംഗ്ഷനുകളിൽ വെച്ച് ഒരിക്കലും ഓവർടേക്ക് ചെയ്യരുത്. അതിന് മുൻപോ ശേഷമോ ചെയ്യുക. അത് പോലെ വളവുകളിൽ ഓവർടേക്ക് ചെയ്യരുത്. എത്ര തിരക്കുണ്ടെങ്കിലും വളവുകളിൽ ധൃതി പിടിച്ച് ഓവർടേക്ക് ചെയ്യരുത്. ഈ കാര്യങ്ങൾ പാലിച്ച് ഓവർടേക്ക് ചെയ്താൽ വലിയ അപകടങ്ങൾ ഒഴിവാക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *