സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിൽ അകറ്റി മുടി ഇടതൂർന്നു വളരാൻ പലരും ഉള്ളി ജ്യൂസ് ഉപയോഗിക്കാറുണ്ട്. അധികം ചെലവില്ലാതെ ആർക്കും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മാർഗമാണിത്. ചിലർ ഉള്ളിയുടെ ജ്യൂസ് നേരിട്ട് തലയിൽ പുരട്ടാറുണ്ട്. ചിലർ ഉള്ളി ജ്യൂസ് ഉപയോഗിച്ച് എണ്ണ കാച്ചി ഉപയോഗിക്കാറുണ്ട്. ചിലർക്ക് ഉള്ളി ജ്യൂസ് ഗുണകരമാകുമെങ്കിലും ചിലർക്ക് അത് ദോഷകരമാകാറുണ്ട്. ചിലരിൽ ചൊറിച്ചിലും മുടി കൊഴിച്ചിൽ കൂടുന്നതും നര വരുന്നതും അനുഭവപ്പെടാം.
ശരീരത്തിനെ ബാധിക്കുന്ന ചില കാരണങ്ങളായ ഹോർമോൺ പ്രശ്നങ്ങൾ, ഏതെങ്കിലും രോഗത്തിൻ്റെ ഭാഗമായോ, രോഗത്തിന് ശേഷമോ, പാരമ്പര്യമായോ മുടി കൊഴിച്ചിൽ വരാം. തലമുടിക്ക് ആവശ്യമുള്ള വൈറ്റമിനുകളോ മിനറലുകളോ കിട്ടാത്തതും, ഫംഗസ് ബാധിക്കുന്നതും അമിതമായ ടെൻഷൻ കാരണവും മുടി കൊഴിയാം. ഇത് പരിഹരിക്കാൻ ഉള്ളിയുടെ ജ്യൂസ് ഒറ്റമൂലി പോലെ ഉപയോഗിച്ചാൽ ഫലം കാണില്ല. എന്നാൽ ഉള്ളി ചാറിൽ മുടി കൊഴിച്ചിലിന് ഗുണം ചെയ്യുന്ന ചില ഘടകങ്ങളുമുണ്ട്. സൾഫർ, വൈറ്റമിനുകൾ, ഫ്ലാമിനോയിടുകൾ, ആൻ്റി ഓക്സിഡൻറുകൾ, മറ്റ് മിനറലുകൾ. സൾഫർ മുടി കൊഴിച്ചിലിന് വളരെയേറെ സഹായിക്കും. ഉള്ളി ചാറിന് ആൻ്റിഫംഗൽ ഘടകമുണ്ട്. ഇവ രണ്ടും ചേരുമ്പോഴാണ് പലർക്കും മുടി കൊഴിച്ചിൽ മാറുന്നത്.
തലമുടിയുടെ ഏറ്റവും അകത്തുള്ള കോർട്ടക്സ്, അതിന് പുറത്തായി കാണുന്ന മെഡുല, ഏറ്റവും പുറമേ കാണുന്ന ക്യൂട്ടിക്കിൾ എന്നിവയെല്ലാം ഒന്നാക്കി നാര് പോലെ നിർത്തുന്നത് കൊരാറ്റിൻ എന്ന ലെയറാണ്. ഇത് പ്രോട്ടീനുകൾ പ്ലേറ്റുകൾ പോലെ ചേർത്ത് വെച്ചതാണ്. കെരാറ്റിനിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് തലമുടിയുടെ പല പ്രശ്നങ്ങൾക്കും കാരണം. ചിലർക്ക് മുടി പൊട്ടി പോകുന്നതിൻ്റെ പ്രധാന കാരണവും ഇതാണ്. പ്രോട്ടീൻ പ്ലേറ്റുകളെ ഒന്നിപ്പിച്ച് നിർത്തുന്നത് ഡൈസൾഫൈഡ് ബോണ്ടുകളാണ്. ഇതിന് കേടുപാട് സംഭവിക്കുമ്പോഴാണ് പലപ്പോഴും മുടി പൊട്ടി പോകുന്നത്.
ഉള്ളി ചാറ് തലയിലിടുമ്പോൾ അതിലെ സൾഫർ ഡൈസൾഫൈഡ് ബോണ്ടിന് ഉറപ്പ് നല്കുന്നതിനാലാണ് മുടി കൊഴിച്ചിൽ മാറുന്നത്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പലർക്കും കഷണ്ടി കാണാറുണ്ട്. ഇത് മുടി കൊഴിഞ്ഞ് പോകുന്നതല്ല. പകരം മുടിയുടെ കട്ടി കുറഞ്ഞ് നേർത്ത് വന്ന ശേഷം ക്രമേണ ഇല്ലാതാകും. തലയോട്ടിയിലെ സ്കാൽപിൽ ഡൈ ഹൈട്രോക്സി ടെസ്റ്റോസ്റ്റിരോൺ എന്ന ഹോർമോൺ കൂടുമ്പോഴാണ് ഈ അവസ്ഥ വരുന്നത്. എന്നാൽ കഷണ്ടിയുള്ളവർ ഉള്ളി ചാറിട്ടാൽ മുടിയുടെ കട്ടി കുറയുന്ന പ്രക്രിയ കുറയും. അതിനാൽ മുടി നേർത്ത് വരുന്നവർക്ക് ഉള്ളി ചാറ് ഫലപ്രദമാകും. ചിലർക്ക് തലയോട്ടിയിൽ ഫംഗസ് രോഗങ്ങൾ വരാറുണ്ട്. താരൻ പോലെ ഫംഗസ് പൊഴിയുന്നതിന് ഉള്ളി ചാറ് നല്ല ഒരു പരിഹാരമാണ്. പലർക്കും തലയിൽ ചീർപ്പ് വെച്ച് ചീകുമ്പോൾ കുരു പോലെ വരാറുണ്ട്. ചിലർക്ക് ഇത് ഇൻഫെക്ഷനുമാകാറുണ്ട്. ഇവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകും. ഇത്തരം പ്രശ്നമുള്ളവർക്കും ഉള്ളി ചാറിട്ടാൽ ഗുണകരമാകും. മറിച്ച്, ഹോർമോൺ പ്രശ്നം കാരണമോ, ടെൻഷൻ കാരണമോ, രോഗങ്ങൾക്ക് ശേഷമോ വരുന്ന മുടി കൊഴിച്ചിലിന് ഉള്ളി ചാറ് ഗുണകരമാകില്ല.
ഉള്ളിയുടെ ചാറെടുത്ത് രാത്രി കിടക്കുന്നതിന് മുൻപ് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകുകയോ, കുളിക്കുന്നതിന് 10-15 മിനിറ്റ് മുൻപ് തേച്ച് പിടിപ്പിച്ച് കഴുകി കളയുകയോ ചെയ്യാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്താൽ മതിയാകും. ഉള്ളിക്ക് ഗന്ധം നല്കുന്നത് സൾഫറാണ്. ഈ മണം കളയുന്നതിന് മറ്റ് സാധനങ്ങളായി ചേർക്കുകയോ എണ്ണ കാച്ചുകയോ ചെയ്യുമ്പോൾ സൾഫർ നഷ്ടപ്പെടും. ഒപ്പം ഉള്ളിയുടെ ചാറിന്റെ ഗുണം പോകും.