ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ആയിരം വർഷങ്ങൾ പഴക്കമുള്ള പരമ്പരാഗത ചൈനീസ്, ഇന്ത്യൻ വൈദ്യ ശാസ്ത്രത്തിൽ ഇത് കൂടുതലായി ഉപയോഗിച്ച് വരുന്നു. ക്യാൻസർ, വിഷാദം, ഹൃദ്‌രോഗം തുടങ്ങിയവയെ ചെറുക്കാൻ ഇത് ഫലപ്രദമാണ്. ഇവയിൽ പ്രോട്ടീൻ, വിറ്റാമിൻ, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നീ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ മഞ്ഞൾ അധികമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ദോഷം മാത്രമാണ് ചെയ്യുന്നത്.
പ്രകൃതിയിലുള്ള ഏത് സാധനമായാലും അതിന് മൂന്ന് ഡോസുണ്ട്. ഒന്ന് നോർമൽ സോസ്, രണ്ട് മെഡിസിനൽ ഡോസ്, മൂന്ന് ലീതൽ ഡോസ്. യാതൊരു രോഗവുമില്ലാത്ത ഒരാൾ എതെങ്കിലും പച്ച മരുന്ന് കഴിക്കുമ്പോൾ നോർമൽ ഡോസിലാണ് കഴിക്കേണ്ടത്. രോഗമുള്ളവർ രോഗം മാറ്റുന്നതിനായി രണ്ടാമത്തെ ഡോസ് കഴിക്കും. എന്നാൽ ചിലർ രോഗം പെട്ടെന്ന് മാറും എന്ന തെറ്റിദ്ധാരണയിൽ മൂന്നാമത്തെ ലീതൽ ഡോസ് കഴിക്കാറുണ്ട്. ഇത് വലിയ അപകടം വരുത്തി വെക്കാവുന്നതും, ജീവന് തന്നെ പ്രശ്നം വരുത്താനുമുള്ള സാധ്യതയുണ്ട്. അതിനാൽ ഒരു കാരണവശാലും കൃത്യമായ അറിവില്ലായ്മ കൊണ്ട് മെഡിസിനുകൾ അധികം കഴിക്കരുത്. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത്തരത്തിൽ കൂടുതൽ ഡോസുകൾ ചെയ്യുക.
പ്രോട്ടീൻ ശരീരത്തിന് വളരെ ആവശ്യമാണ്. എന്നാൽ പ്രോട്ടീൻ അമിതമായി കഴിച്ചാൽ പ്രോട്ടീൻ ടോക്സിസിറ്റി ഉണ്ടാകും. അത് ശരീരത്തിന് വളരെ ദോഷകരമാണ്. പ്രത്യേകിച്ചും ലിവർ പേഷ്യൻ്റ്സ് ഡോക്ടറുടെ കൃത്യമായ നിർദ്ദേശ പ്രകാരം മാത്രം ഇത് കഴിക്കുക. അത് പോലെ, ഓക്സിജൻ അഡ്മിനിസ്റ്റർ ചെയ്യുമ്പോൾ നോർമൽ ഡോസിൽ കൂടുതലായാൽ ഓക്സിജൻ ടോക്സിസിറ്റി ഉണ്ടാകും. ഇത് പോലെ തന്നെയാണ് മഞ്ഞളിൻ്റെ കാര്യവും.
മഞ്ഞൾ കഴിക്കുമ്പോൾ ചിലർക്ക് നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ട്. ഗർഭിണികൾ ഒരു കാരണവശാലും മഞ്ഞൾ അമിതമായി കഴിക്കാൻ പാടില്ല. ഇവർ മഞ്ഞൾ അമിതമായി കഴിച്ചാൽ പറഞ്ഞിരിക്കുന്ന ഡേറ്റിന് മുൻപ് ഡെലിവറി നടക്കാനിടയുണ്ട്. മെറ്റ്‌ഫോമിൻ, ഇൻസുലിൻ പോലെയുള്ള മരുന്നുകൾ കഴിക്കുന്ന പ്രമേഹ രോഗികൾ തീർച്ചയായും മഞ്ഞൾ കഴിക്കുമ്പോൾ വലിയ കരുതൽ വേണം. കാരണം, മഞ്ഞൾ ബ്ലഡിലെ ഗ്ലൂക്കോസ് അളവിനെ താഴ്ത്തുന്നതിനാൽ രണ്ട് മരുന്നും ഒന്നിച്ച് കഴിക്കുന്നത് പ്രശ്നമുണ്ടാക്കും. അധിക രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവരും കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കണം. മഞ്ഞൾ അമിതമായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയാൻ സാധ്യതയുണ്ട്. ബൈൽ, ഗാൾ ബ്ലാഡർ എന്നിവയിലും പ്രശ്നമുള്ളവർ പൂർണമായും മഞ്ഞൾ കഴിക്കുന്നത് ഒഴിവാക്കണം.
ഒരു ടീ സ്പൂൺ 3 നേരം കഴിക്കുന്നത് ഗുണകരമെന്ന് വിശ്വസിച്ച് കഴിക്കുന്നവരുണ്ട്. എന്നാൽ ഇത് വളരെ ദോഷകരമാണ്. ഇങ്ങനെ കഴിക്കുന്നത് വയറ്റിൽ ബ്ലോട്ടിംഗ്, വേദന, നെഞ്ചെരിച്ചിൽ തുടങ്ങിയവ അനുഭവപ്പെടും. ഒരു ടീസ്പൂണിൻ്റെ 1/3 ഭാഗം മാത്രം ഒരു ദിവസം രണ്ട് നേരം കഴിക്കുന്നതാണ് നോർമൽ ഡോസ്. ഇത് ഭക്ഷണത്തിന് മുൻപോ ശേഷമോ ആകാം. രോഗ പ്രതിരോധത്തിനായി കഴിച്ച് തുടങ്ങുമ്പോൾ വളരെ കുറഞ്ഞ അളവിൽ കഴിക്കുക. മഞ്ഞളിൻ്റെ കാപ്സ്യൂളുകൾ ഇപ്പോൾ ഫാർമസികളിൽ ലഭ്യമാണ്. 500 മില്ലി ഗ്രാം മുതൽ 2000 വരെ വ്യത്യസ്ഥ അളവുകളിലാണ് ഉള്ളത്. ആരോഗ്യ സംരക്ഷണത്തിന് മഞ്ഞൾ കാപ്സ്യൂൾ കഴിക്കുന്നവർ ഏറ്റവും ചെറിയ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. പ്രശ്നം ഒന്നുമില്ലെങ്കിൽ മാത്രം ഡോസ് നോർമൽ ലെവലിലേക്ക് മാറ്റാം. അതും ഡോക്ടറുടെ നിർദ്ദേശപ്രകാരമെങ്കിൽ കൂടുതൽ ഉത്തമം. രോഗമില്ലാത്തവരും രോഗമുള്ളവർക്കും മഞ്ഞൾ കഴിക്കുമ്പോൾ സെൻസിറ്റിവിറ്റി പ്രശ്നങ്ങൾ വരാറുണ്ട്. ചൊറിച്ചിൽ, അലർജി, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങൾ തോന്നിയാൽ മഞ്ഞളിൻ്റെ ഉപയോഗം ഉടൻ തന്നെ നിർത്തുക. ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ മഞ്ഞൾ ഉപയോഗിക്കാൻ പാടില്ല. മഞ്ഞൾ ഉപയോഗിക്കുന്നവരും മഞ്ഞൾ ഉപയോഗിക്കാൻ തുടങ്ങുന്നവരും തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.