ഉലുവ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടി കൊണ്ടിരിക്കുകയാണ്. ധാരാളം ഔഷധ ഗുണങ്ങളുള്ളതാണ് ഉലുവ. പ്രമേഹരോഗികൾക്കും ഹൃദ്രോഗമുള്ളവർക്കും ഇത് വളരെ ഗുണകരമാണ്. ദിവസവും കിടക്കുന്നതിന് മുൻപ് ഒരു ടേബിൾ സ്പൂൺ ഉലുവ കഴുകി വൃത്തിയാക്കി കുറച്ച് വെള്ളത്തിലിട്ട് വെച്ച് പിറ്റേന്ന് നന്നായി ഞെരടി ആ വെള്ളം അരിച്ച് കുടിക്കാം. എന്നാൽ പലരിലും വ്യത്യസ്ഥ ഫലങ്ങളാണ് ഉണ്ടാകുന്നത്.
ഉലുവ ഔഷധ ഗുണമുള്ളതെങ്കിലും ചിലർ ഇത് കഴിക്കാൻ പാടുള്ളതല്ല. ഈറ്റിംഗ് ഡിസോർഡറുകൾ ഉള്ളവർക്ക് പലപ്പോഴും വിശപ്പ് ഇല്ലാത്തതിനാൽ ഭക്ഷണം കഴിക്കാറില്ല. ഇക്കൂട്ടർ ഒരിക്കലും ഉലുവ കഴിക്കരുത്. ഉലുവ കഴിക്കുമ്പോൾ വിശപ്പ് കുറയും. അതിനാലാണ് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉലുവ കഴിക്കുന്നത്. ദീർഘനാൾ ഉലുവ ഉപയോഗിക്കുമ്പോൾ ചിലരുടെ ശരീരത്തിന് മേപ്പിൾ സിറപ്പിൻ്റെത് പോലെ പ്രത്യേക ഗന്ധം വരുമെന്ന് പറയപ്പെടുന്നു. പ്രമേഹരോഗികൾ മരുന്നിൻ്റെ ഒപ്പം ഉലുവ പരമാവധി ഉപയോഗിക്കാതെ ശ്രദ്ധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ പ്രമേഹരോഗികൾ മരുന്ന് ഒഴിവാക്കി ഉലുവ ഉപയോഗിക്കാം എന്ന് ചിന്തിക്കരുത്. രക്തത്തിലെ രാസഘടനയെ മാറ്റാനുള്ള കഴിവ് ഉലുവയ്ക്കുണ്ട്. ഹൃദയത്തിന് പ്രശ്നമോ, ആഘാതമോ വന്നിട്ടുള്ളവർ ഡോക്ടർ നിർദ്ദേശിച്ച മരുന്നിനൊപ്പം ഉലുവ കഴിക്കരുത്. രക്തത്തിൻ്റെ കട്ടിപ്പ് കുറഞ്ഞ് പ്രഷർ കൂടി ബ്ലീഡിംഗ് ഉണ്ടാകാൻ സാധ്യതയുണ്ട്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നത് ഉലുവ അമിതമായ ഡോസിൽ എടുക്കുന്നത് ഡിഎൻഎ ഡാമേജാകാനും, പ്രത്യുൽപാദന ശേഷി നഷ്ടപ്പെടാനും, നാഡീ സംബന്ധമായ പ്രശ്നങ്ങൾ വരാനും സാധ്യതകളുണ്ട് എന്നാണ്.
പി സി ഒ ഡി പ്രശ്നമുള്ളവർക്ക് ഉലുവ ഉപയോഗിക്കുന്നത് ഗുണകരമാകും. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും കുറയുകയും ചെയ്യുന്നത് നിയന്ത്രിക്കാൻ ഉലുവ പലർക്കും ഫലപ്രദമെങ്കിലും ചിലരിൽ ഫലം കാണില്ല. അതിനാൽ പി സി ഒ ഡി ഉള്ളവർ ഇത് പരീക്ഷിച്ച് നോക്കുന്നതിൽ തെറ്റില്ല. മലബന്ധത്തിന് ഇത് ഗുണകരമെന്ന് പറയപ്പെടുന്നു.
കാൻസർ സെല്ലുകളെ ഇല്ലാതാക്കാനുള്ള കഴിവ് ഉലുവ വെള്ളത്തിനുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിച്ച കാര്യമാണ്. ബ്രസ്റ്റ് കാൻസർ കോശങ്ങളെ ഇത് നശിപ്പിക്കും. പ്രമേഹമുള്ളവർ ഇത് കുടിക്കുമ്പോൾ ശരീരത്തിലേക്ക് ഭക്ഷണം ആകീകരണം ചെയ്യുന്നതിൻ്റെ അളവ് കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുകയും, എച്ച് ബി എ വൺ സി കൃത്യമാക്കാനും ഇത് സഹായിക്കും. കൊളസ്ട്രോൾ കുറക്കാൻ ഉലുവ ഫലപ്രദമാണ്. എന്നിരുന്നാലും ട്രൈഗ്ലിസറൈഡും, എൽ ഡി എൽ, എച്ച് ഡി എൽ കുറയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ശരീരത്തിൽ ടെസ്റ്റോസ്റ്റിരോൺ പ്രശ്നമുണ്ടെങ്കിൽ ഉലുവ വെള്ളം കുടിക്കുന്നതിന് മുൻപ് ആദ്യം ഡോക്ടറെ കണ്ട് നിർദ്ദേശം സ്വീകരിക്കുക. ഇത്തരം പ്രശ്നങ്ങൾ ലൈംഗിക താല്പര്യങ്ങളെ ബാധിക്കുകയും, ക്ഷീണവും മൂഡ് സ്വിംഗ്സ് ഉണ്ടാകുകയും, ഉദ്ദാരണത്തിന് പ്രശ്നമുണ്ടാകുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രമിക്കുക. വ്യായാമം കൃത്യമായി ചെയ്യുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കുക. കൃത്യമായി ഉറങ്ങുക. വൈറ്റമിൻ ഡി കിട്ടുന്നതിന് സൂര്യപ്രകാശം കൊള്ളുക. അശ്വഗന്ധ ഉപയോഗിക്കുക എന്നിവ ചെയ്യാം. എന്നാൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഉലുവയുടെ കൃത്യമായ ഉപയോഗം ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കാൻ സഹായിക്കും. രക്തം കട്ട പിടിക്കാനുള്ള സാധ്യത ഇത് കുറയ്ക്കും. കിഡ്നി രോഗങ്ങൾക്കും, ഗൗട്ടിനും, ഇത് സഹായിക്കും. കിഡ്നി രോഗമുള്ളവർ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക. ആർത്തവ സമയത്തെ വേദനയ്ക്ക് ഇത് ശമനം നല്കും. ലൈംഗിക പ്രശ്നങ്ങൾക്കും, വണ്ണം കുറയ്ക്കാനും ഇത് നല്ലതാണ്. പാർക്കിൻസൻസ് വരാതിരിക്കാനും ആമാശയ സംബന്ധമായ നെഞ്ചെരിച്ചിൽ, ദഹനപ്രശ്നം പോലുള്ളവ മാറാൻ ഉലുവ ഉത്തമമാണ്. കഷണ്ടിക്ക് മരുന്നില്ലെന്ന് പറയുമെങ്കിലും ഉലുവ ഫലപ്രദമാണെന്ന് പറയപ്പെടുന്നു.