മലയാളികളുടെ ചുണ്ടിലും മനസ്സിലും നില്ക്കുകയാണ് ‘വാതിക്കലെ വെള്ളരിപ്രാവ്’ എന്ന ഗാനം. സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് വേണ്ടി എം.ജയചന്ദ്രൻ ഈണമിട്ട ഈ മനോഹരമായ പ്രണയഗാനം മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയയിലും നിറഞ്ഞ് നില്ക്കുകയാണ്. ഇതിനോടകം തന്നെ ഈ ഗാനത്തിന് ധാരാളം കവർ വേർഷനുകളും ചുവടുവയ്പ്പുകളും പുറത്തിറങ്ങി.
ഇപ്പോഴിതാ ഈ പ്രണയഗാനത്തെ താരാട്ടാക്കി മാറ്റി ദിവ്യ എസ് അയ്യർ ഐ എ എസ്. തൻ്റെ മകൻ മൽഹാറിനെ ഉറക്കുന്നതിനായാണ് ദിവ്യ ഈ ഗാനം പാടിയത്. മൽഹാർ കളിക്കുന്നതിനിടെ ദിവ്യ പാടുന്നത് ഭർത്താവും എം എൽ എയുമായ ശബരീനാഥാണ് പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദിവ്യ പാടുന്നതിനൊപ്പം തൻ്റെതായ രീതിയിൽ പാടാൻ ശ്രമിക്കുന്നെങ്കിലും മൽഹാർ കളിത്തിരക്കിലാണ്. പാട്ടിന് മൽഹാറിൻ്റെ വക പുതിയ വരികളുണ്ടെന്നും ശബരീനാഥ് കുറിച്ചു. ഇത്ര മനോഹരമായി പഴയ സബ് കളക്ടർ പാടുമോ എന്ന സംശയം പലർക്കുമുണ്ടെങ്കിലും കുട്ടിക്കാലം മുതൽ യുവജനോത്സവ വേദികളിൽ നിറഞ്ഞ് നിന്ന ദിവ്യ ഇങ്ങനെ പാടുന്നതിൽ അത്ഭുതമില്ലെന്ന് ചിലർ പറയുന്നു. ഫെയിസ്ബുക്കിലൂടെയാണ് ശബരീനാഥ് ഈ വീഡിയോ പങ്ക് വെച്ചത്. ബി കെ ഹരിനാരായണന്‍ വരികളെഴുതിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമ്മൻ, സിയ ഉൾ ഹഖ്, അര്‍ജുൻ കൃഷ്ണ എന്നിവർ ചേര്‍ന്നാണ്. സമീപകാലത്ത് മലയാളികൾ നെഞ്ചിലേറ്റിയ ‘തുളസി കതിർ നുള്ളിയെടുത്ത് ‘ എന്ന കൃഷ്ണഭക്തി ഗാനവും ദിവ്യ മകൻ മൽഹാറിനായി പാടി സോഷ്യൽ മീഡിയയിൽ പ്രശംസ നേടിയിരുന്നു.