അടുക്കള ജോലിയും മറ്റ് വീട്ട് പണികളും എളുപ്പമാക്കാൻ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങ് വിദ്യകളുണ്ട്. വീട്ടിലെ പല തലവേദനകളും ഈ കാര്യങ്ങൾ അറിഞ്ഞാൽ പോയി കിട്ടും. ഒപ്പം സമയവും ലാഭിക്കാം.
ചിലപ്പോഴെങ്കിലും വീട്ടിലെ സ്റ്റീൽ ഗ്ലാസ്സ്, സ്റ്റീൽ ബൗൾ, ചില്ല് ഗ്ലാസ്സ് ഇവ രണ്ടെണ്ണം ഒന്നിച്ച് അടുങ്ങി ഇരുന്ന് എടുക്കാൻ പറ്റാത്ത വിധമാകാറുണ്ട്. എത്ര ബലം പ്രയോഗിച്ചാലും ഊരി വരാൻ പ്രയാസമാണ്. ഇത്തരം സന്ദർഭത്തിൽ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. മുകളിലെ ഗ്ലാസ്സും താഴത്തെ ഗ്ലാസ്സും ഒന്നിച്ചിരിക്കുന്നതിൻ്റെ ചുവട് ഭാഗം മുങ്ങുന്ന പാകത്തിന് വെള്ളം എടുക്കാം. ശേഷം മുകളിലെ ഗ്ലാസ്സിൽ നിറയെ ഐസ് ക്യൂബുകൾ ഇട്ട് കൊടുക്കാം. മുകളിലെ ഗ്ലാസ്സ് തണുക്കുമ്പോൾ ചുരുങ്ങുകയും താഴത്തെ ഗ്ലാസ്സുമായി ടെംപറേച്ചറിൽ വ്യത്യാസം വരുന്നതിനാൽ എളുപ്പത്തിൽ ഗ്ലാസ്സ് ഊരിയെടുക്കാനാകും. ഐസ് ക്യൂബിന് പകരം തിളച്ച വെള്ളമൊഴിച്ചും ഇത് പരീക്ഷിക്കാവുന്നതാണ്.
നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന അഴുക്കായ ബക്കറ്റും മഗ്ഗുകളും വൃത്തിയാക്കാൻ ഒരു എളുപ്പവഴിയുണ്ട്. നമ്മൾ ദോഷയുണ്ടാക്കുമ്പോൾ പലപ്പോഴും ദോഷമാവ് കുറച്ച് ബാക്കി വരാറുണ്ട്. ദോഷമാവെടുത്ത പാത്രത്തിൻ്റെ വശങ്ങളിൽ പറ്റിപ്പിടിച്ച മാവ് ഉപയോഗിച്ചാലും മതി. മാവ് പ്ലാസ്റ്റിക്ക് മഗ്ഗിലേക്ക് നന്നായി തേച്ച് പിടിപ്പിച്ച് കഴുകിയെടുത്താൽ ഇവ വൃത്തിയാകും. നമ്മൾ സ്ഥിരമായിടുന്ന കമ്മൽ, മോതിരം, മാല തുടങ്ങിയ സ്വർണ്ണാഭരണങ്ങളിൽ അഴുക്കുകൾ ധാരാളമായി ഉണ്ടാകും. ഇവ വൃത്തിയാകുന്നതിന് കോൾഗേറ്റ് പുരട്ടിയ ശേഷം 10 മിനിറ്റ് വെച്ച് ടൂത്ത് ബ്രഷ് ഉപയോഗിച്ച് കഴുകിയെടുക്കാം. ആഭരണങ്ങൾ വൃത്തിയാകുമെന്ന് മാത്രമല്ല, പുതിയത് പോലെ വെട്ടിത്തിളങ്ങും.
ചിലപ്പോഴെങ്കിലും നമ്മൾ എന്തെങ്കിലും അടുപ്പിൽ വെച്ച് പിന്നീട് അത് മറന്ന് പോകുകയും കരിഞ്ഞ് പിടിക്കാറുമുണ്ട്. ഇത് വൃത്തിയാക്കുന്നതിന് നാരങ്ങയുടെ തൊലി കളയാതെ സൂക്ഷിച്ച് കരിഞ്ഞ പാത്രത്തിൽ മുറിച്ചിടാം. ഇതിലേക്ക് ഉപ്പും വെള്ളവും ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിക്കുക. ശേഷം സാധാരണ കഴുകുന്നത് പോലെ ഡിഷ് വാഷ് ലിക്യുഡ് ഉപയോഗിച്ച് കഴുകിയെടുക്കാം. മുളക്, മഞ്ഞൾ, മസാല എന്നിവ സൂക്ഷിക്കുന്ന കണ്ടെയ്നറിൽ കുറച്ച് ഉപ്പിട്ട് മിക്സ് ചെയ്ത് വെക്കുന്നത് ഏറെ നാൾ ഇത് കേടാകാതെ സൂക്ഷിക്കാൻ സഹായിക്കും. കറിക്ക് ഉപയോഗിക്കുമ്പോൾ ഉപ്പ് അതിനനുസരിച്ച് മാത്രം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ചെറിയ വായ് വട്ടമുള്ള ഫ്ലാസ്ക് വൃത്തിയാക്കാൻ പ്രയാസമാണ്. ഇത് എളുപ്പത്തിൽ വൃത്തിയാക്കാൻ കുറച്ച് ഉപ്പും വിനാഗിരിയും ഇട്ട് കൊടുക്കുക. കൂടുതൽ കറ പിടിച്ചതെങ്കിൽ കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. ശേഷം കുറച്ച് അരി മണികൾ ചേർത്ത് നന്നായി കുലുക്കി കൊടുക്കുക. ഫ്ലാസ്ക് വൃത്തിയാകും. കണ്ടെയ്നറുകൾ വൃത്തിയാക്കി വെക്കുമ്പോൾ പെട്ടെന്ന് ഉണങ്ങുന്നതിന് ഒരു ന്യൂസ് പേപ്പർ വിരിച്ച ശേഷം 3 ക്ലോത്ത് ക്ലിപ്പുകൾ കണ്ടെയ്നറുടെ വായ് ഭാഗത്ത് വെച്ച് പേപ്പറിൽ വെച്ച് കൊടുക്കാം. ഇത് പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും. നമ്മൾ സ്ഥിരമായി ഉപയോഗിക്കാത്ത കോൺ ഫ്ലെയ്ക്ക്സോ ചിപ്പ്സോ കേടാകാതെയിരിക്കാൻ എയർ ടൈറ്റ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. അത് പോലെ, ഇൻസ്റ്റൻ്റ് കോഫീ പൗഡറും പുറത്ത് വെക്കാതെ ഫ്രിഡ്ജിൽ വെക്കാം. പ്ലാസ്റ്റിക്ക് കണ്ടെയ്നറിൽ എന്തെങ്കിലും സൂക്ഷിച്ച ശേഷം സാധനം തീർന്നാലും അതിൻ്റെ ഗന്ധം പാത്രത്തിൽ നില്ക്കും. ഇത് മാറ്റാൻ കുറച്ച് ന്യൂസ് പേപ്പർ ചുരുട്ടി കണ്ടെയ്നറിൽ വെച്ച ശേഷം കുറച്ച് വെള്ളം തളിച്ച് കൊടുക്കാം. 4-5 മണിക്കൂർ വെച്ചാൽ എല്ലാം മണവും പോകും.
ഫ്രിഡ്ജിൽ മുട്ട സൂക്ഷിക്കാൻ ചെറിയ ട്രേയാണ് കിട്ടുന്നത്. അധികം മുട്ടയുണ്ടെങ്കിൽ സൂക്ഷിക്കാൻ ഒരു വിദ്യയുണ്ട്. പഴയ ഒരു പ്ലാസ്റ്റിക്ക് കുപ്പിയെടുത്ത് ഫ്രിഡ്ജിൽ വെക്കാവുന്ന വലുപ്പത്തിൽ മുറിച്ചെടുക്കുക. ശേഷം പപ്പടക്കോല് തീയിൽ കാണിച്ച് പഴുപ്പിച്ച് കുപ്പിയുടെ വശങ്ങളിൽ ദ്വാരങ്ങളിടുക. ഇതിൽ മുട്ട വെച്ചാൽ കേടാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അത് പോലെ മുട്ട പുഴുങ്ങുമ്പോൾ പലപ്പോഴും പൊട്ടി പോകാറുണ്ട്. ഇത് ഒഴിവാക്കാൻ പുഴുങ്ങുന്ന വെള്ളത്തിൽ കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കാം. മുട്ട പൊട്ടാതെ തന്നെ പുഴുങ്ങി എടുക്കാനാകും.