കോഴി മുട്ട ഉദ്പാദനം കച്ചവടമാക്കാനാണ് പലരും കോഴികളെ വാങ്ങുന്നത്. എന്നാൽ ഇവയിലെ മുട്ടയുദ്പാദനം കുറയുന്നത് ഒരു പ്രശ്നം തന്നെയാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇവയുടെ മുട്ടയുദ്പാദനം കുറയുന്നത്. പോഷകസമ്പുഷ്ടമായ തീറ്റയാണ് മുട്ടയുദ്പാദനത്തിന് ഏറ്റവും ആവശ്യം. ചോറും ഭക്ഷണാവശിഷ്ടങ്ങളും മാത്രം നല്കിയാൽ പോഷക സംമ്പുഷ്ടമാകില്ല. കൂട്ടിലടച്ചിട്ട് വളർത്തുന്ന കോഴികളിൽ പോഷകങ്ങളുടെ അളവ് കുറയാറുണ്ട്. കോഴികളിൽ വിരശല്യം ഉണ്ടാക്കുന്നതും മുട്ടയുദ്പാദനം കുറയാൻ കാരണമാകും. ഇവയെല്ലാം ശ്രദ്ധിച്ച് കോഴികൾക്ക് കൊടുക്കേണ്ട ചില പരിചരണങ്ങൾ നല്കിയാൽ മുട്ടയുദ്പാദനം കൂട്ടാം.
കോഴികളെ എവിടുന്നെങ്കിലും വാങ്ങിയാലുടൻ ചെയ്യേണ്ടത് അവയ്ക്ക് വിരയ്ക്കുള്ള മരുന്നു കൊടുക്കുക എന്നതാണ്. എവിടുന്നാണോ വാങ്ങുന്നത് അവരോട് മരുന്ന് കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കുക. കൊടുത്തിട്ടില്ലെങ്കിൽ അൽബമാർ കൊടുക്കാവുന്നതാണ്. എന്നാൽ ഇത് നല്കുന്നതിന് കൃത്യമായ അളവുണ്ട്. പ്രായമായ കോഴിയെങ്കിൽ 6 തുള്ളിയും 3 -4 മാസം പ്രായമായ കോഴിയെങ്കിൽ 2 – 3 തുള്ളിയും കൊടുക്കാം. എല്ലാ മാസവും ഇത് കൊടുക്കേണ്ടതുണ്ട്. ഒരു തവണ കൊടുത്തതിന് ശേഷം പിന്നീട് കൊടുക്കാതിരിക്കുന്നത് മുട്ട ഉദ്പാദനത്തെ ബാധിക്കും. അതിനാൽ മരുന്ന് എല്ലാ മാസവും കൂത്യമായി കൊടുക്കുക.
സൂര്യപ്രകാശത്തിന് കീഴിൽ വളരുന്ന കോഴിക്ക് മുട്ടയിടാനുള്ള കഴിവ് കൂടുതലാണ്. വെയിലുള്ള സമയത്ത് കോഴികൾക്ക് ഇരയെ പിടിക്കാൻ എളുപ്പമാണ്. കോഴികളെ തുറന്ന് വിടുമ്പോൾ അവ ഇല കൊത്തി തിന്നാറുണ്ട്. എന്നാൽ ഏതെങ്കിലും ഇല തിന്നത് കൊണ്ട് ഗുണമില്ല. കോഴികൾക്ക് ഇഷ്ടപ്പെട്ടതും പോഷകഗുണമുള്ളതുമായ ഇലകൾ കഴിക്കുന്നത് കോഴികളുടെ മുട്ട ഉദ്പാദനം കൂട്ടാൻ സഹായിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ ഇത്തരത്തിലുള്ള ഏതെങ്കിലും ഇല കൊടുക്കാൻ ശ്രദ്ധിക്കുക.
ഏറ്റവും കൂടുതൽ പോഷകങ്ങളടങ്ങിയ ഒന്നാണ് തോട്ടപയർ. തൊടികളിലും, തോട്ടങ്ങളിലും റോഡരികിലുമൊക്കെ ഇത് ധാരാളമായി കണ്ട് വരുന്നു. ഇവയുടെ തളിരിലകളെടുത്ത് ചെറിയ കഷ്ണങ്ങളാക്കി കോഴി തീറ്റയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. മുരിങ്ങയില മനുഷ്യർക്ക് മാത്രമല്ല, കോഴികൾക്കും വളരെ ഫലപ്രദമാണ്. മുരിങ്ങയില നന്നായി അരച്ചെടുത്ത് അതിൻ്റെ നീര് കോഴികൾക്ക് കൊടുക്കാം. അത് പോലെ, പപ്പരക്കയുടെ ഇലകളും പാഷൻ ഫ്രൂട്ടിൻ്റെ ഇലയും ചെറിയ കഷ്ണങ്ങളാക്കി കോഴികൾക്ക് കൊടുക്കുക. എല്ലാ ഇലകളും മാറി മാറി ഒന്നിടവിട്ട ദിവസങ്ങളിൽ കൊടുക്കാം. ഇവയിൽ ഏതെങ്കിലും ഒരു ഇലയാണ് ലഭ്യമെങ്കിൽ അത് കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് കോഴികളിൽ നിന്നും ധാരാളം മുട്ട ലഭിക്കാൻ സഹായിക്കും.