നമ്മളിൽ പലർക്കും പാചകം ചെയ്യുമ്പോൾ സംഭവിക്കുന്ന ഒന്നാണ് ചൂടുള്ള പത്രങ്ങൾ പിടിച്ച് കൈ പൊള്ളുന്നത്. പലപ്പോഴും ചൂട് ഉണ്ടെന്നറിഞ്ഞാലും തുണിയോ ഗ്ലോവ്സോ എടുക്കാൻ മുതിരാതെ പെട്ടെന്ന് അടുപ്പിൽ നിന്ന് വാങ്ങി വെക്കാമെന്ന് കരുതിയാണ് ഇത് ചെയ്യുന്നത്. ഒരു സെക്കൻ്റിലെ ആവശ്യത്തിനായി ഗ്ലോവ്സ് കൈകളിലേക്ക് ഇടാൻ വേണം രണ്ട് മിനിറ്റ്. തിരക്കുള്ള സമയങ്ങളിൽ പലപ്പോഴും ഈ ഗ്ലോവ്സ് ഇടുന്നത് ഒരു തലവേദനയാണ്. എന്നാൽ ഇനി ചൂട് പാത്രം പിടിക്കാൻ ഗ്ലോവ്സോ തുണിയോ ഒന്നും വേണ്ട. ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിൽ ഒരു സൂത്രം ചെയ്യാം.
ചൂട് പാത്രം പിടിക്കാൻ പ്രത്യേകം ഹീറ്റ് റസിസ്റ്റൻ്റ് സിലിക്കൺ ഗ്ലോവ്സ് വിപണിയിൽ ലഭ്യയാണ്. എന്നാൽ ഇവയുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമാണ്. വീട്ടിലെ പഴയ ബെഡ്ഷീറ്റ്, പാൻ്റ്, തുടങ്ങി ഏത് തുണി ഉപയോഗിച്ചും ഇത് നിർമ്മിച്ചെടുക്കാവുന്നതാണ്. സിലിക്കൺ ഗ്ലോവ്സ് വാങ്ങുന്ന പണവും ലാഭിക്കാം. ഇത് തയ്യാറാക്കുന്നതിനായി 6 ഇഞ്ച് വീതിയും 8 ഇഞ്ച് നീളവുമുള്ള പേപ്പറെടുത്ത് നടുവേ മടക്കുക. മടക്കിയ ശേഷം 2 അല്ലെങ്കിൽ 2 1/4 അളവിൽ മുകളിൽ നിന്നും താഴേക്ക് മാർക്ക് ചെയ്യുക. കൈ വിരലുകൾക്ക് നീളമില്ലാത്തവർക്ക് 2 ഇഞ്ച് എടുക്കാം. ശേഷം താഴെ വലത്തേ അറ്റത്ത് നിന്ന് ഇടതു വശത്തേക്ക് 1 1/4 ഇഞ്ചും മാർക്ക് ചെയ്യാം. ഒരു സ്കെയിൽ എടുത്ത് മുകളിലെ മാർക്ക് ചെയ്ത പോയിൻ്റിൽ നിന്നും പേപ്പറിൻ്റെ മുകളിലെ മടക്കിയ പോയിൻ്റിലേക്ക് വരക്കുക. ശേഷം വീണ്ടും ആ പോയിൻ്റിൽ നിന്നും താഴെ മാർക്ക് ചെയ്ത പോയിൻ്റിലേക്ക് വരക്കുക. ഇതിന് ശേഷം ആ വരയിലൂടെ വെട്ടി കൊടുക്കാം.
ഈ പേപ്പർ പീസ് മുകളിൽ വെച്ച് ഇതേ അളവിൽ 6-10 പീസുകൾ തുണിയിൽ വെട്ടിയെടുക്കാം. ശേഷം ആ പേപ്പറിൽ തന്നെ 3 ഇഞ്ച് താഴെ നിന്നും മുകളിലേക്ക് മാർക്ക് ചെയ്ത് കുറുകെ വരച്ച് കൊടുക്കുക. അതിൻ്റെ മുകളിലെ പീസിൽ നിന്നും അര ഇഞ്ച് വെട്ടി കളയുക. ശേഷം മുൻപ് വെട്ടി വെച്ച തുണിയിൽ നിന്നും ഓരോ പീസ് ഇപ്പോൾ വെട്ടിയ പേപ്പർ പീസുകളിലേക്ക് വെക്കുക. 2 എണ്ണം മടക്കുള്ളതും 6 എണ്ണം ലെയറുകളായും പീസുകളുണ്ട്. 2 ലെയർ തുണിയുടെ മുകളിലായി മടക്കിയ രണ്ട് ഭാഗങ്ങളും വെക്കുക. ശേഷം ഇതിന് മുകളിൽ 4 ലെയർ വെച്ച് കൊടുക്കാം. ശേഷം താഴെ തയ്ക്കാതെ ബാക്കി വശങ്ങൾ തയ്ച്ചെടുക്കുക. അടിച്ചെടുത്ത ശേഷം മടക്കിയ പീസ് വച്ച ഭാഗത്ത് നിന്ന് ഇത് മറിച്ചിടാം. ശേഷം മടക്ക് പീസ് വരുന്ന ഭാഗത്ത് കൂടി തയ്ച്ച് കൊടുക്കാം. ചെറിയ മടക്ക് ഭാഗത്ത് തളള വിരൽ കയറ്റി വലിയ മടക്കിൽ വിരലുകളും കയറ്റി ഒരു ഗ്ലോവ്സ് പോലെ ഉപയോഗിക്കാം. ഇനി ചൂടു പാത്രങ്ങൾ പിടിക്കാൻ ഗ്ലോവ്സിട്ട് സമയം കളയേണ്ട.