ഭൂമിയിലെ മാലാഖമാർ എന്ന് നമ്മൾ നഴ്സുമാരെ വിളിക്കാറുണ്ട്. തൂവെള്ള വസ്ത്രമണിഞ്ഞ നമ്മുടെ മാലാഖമാർ. പരിചരണം, ശുശ്രൂഷ എന്ന വാക്കുകളുടെ അർത്ഥം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്നവരാണ് ഓരോ നഴ്സുമാരും. ആത്മാവിനെയും ശരീരത്തെയും സേവനത്തിന് സമർപ്പിച്ച് ലോകത്തെ ഇത്രയധികം മനോഹരവും സന്തോഷകരവുമാക്കി മാറ്റുന്നവരാണ് ഇവർ. ഒരിക്കലെങ്കിലും അവരുടെ സ്നേഹവും കരുതലും ലഭിക്കാത്ത ആരും ഉണ്ടാകില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രണ്ട് നർസുകളുടെ നല്ല മനസ്സിൻ്റെ കഥയാണ്.
കൊല്ലം കൊട്ടിയം ഹോളി ക്രോസ്സ് ആശുപത്രിയിലെ കാർഡിയാക് ഐ സി യു വിഭാഗത്തിലെ തങ്കശ്ശേരി സ്വദേശിനി മേരി താലിയയും നെഫ്രോ വിഭാഗത്തിലെ നഴ്സ് ഇരവിപുരം സ്വദേശിനി അനു റെയ്നോൾഡുമാണ് മനുഷ്യത്വം കൊണ്ട് ഈ ഓണക്കാലത്ത് താരങ്ങളായത്. തിരുവോണ ദിനത്തിൽ ഉച്ചക്ക് ഏകദേശം 1:30 ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. കൊട്ടിയം തങ്കശേരി റൂട്ടിൽ സർവീസ് നടത്തുന്ന ആതിര എന്ന ബസിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. പഴയാറ്റിൻ പുഴയിൽ എത്തിയപ്പോഴാണ് തിരുവനന്തപുരം സ്വദേശിയായ തോമസ് എന്ന യാത്രക്കാരൻ ബസിൽ കുഴഞ്ഞ് വീണത്. കോവിഡ് ഭീതിയിൽ ആരും അദ്ദേഹത്തോട് അടുത്തില്ല. എന്നാൽ കണ്മുന്നിൽ ഒരാൾ കുഴഞ്ഞ് വീണപ്പോൾ കോവിഡ് ജാഗ്രതയെക്കാൾ ജീവൻ്റെ വിലയെ കുറിച്ചാണ് ഇരുവരും ചിന്തിച്ചത്. തുടർന്ന് ഇരുവരും ചേർന്ന് പ്രാഥമിക ശുശ്രൂഷയായ സി പി ആർ നല്കി. ബസ് ജീവനക്കാർ അതേ ബസിൽ തന്നെ തോമസിനെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് കുതിച്ചു. ഹൃദയമിടിപ്പ് സാവധാനമാകുമ്പോഴേക്കും നഴ്സുമാർ സിപിആർ തുടർന്നു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നലകിയതോടെ അദ്ദേഹം കണ്ണുകൾ തുറന്നത് ഏവർക്കും ആശ്വാസം നല്കി. എങ്കിലും വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരം ആശുപത്രിയിലേക്ക് തോമസിനെ മാറ്റി. നർസുമാരുടെ സമയോചിത ഇടപെടലിൽ തിരുവോണ ദിനത്തിൽ ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് തോമസ്. എല്ലാവരും കോവിഡ് ഭീതിയെ തുടർന്ന് മാറി നിന്നപ്പോഴും ഒരു ജീവന് വേണ്ടി ഇരുവരും ചെയ്ത നന്മയെ പ്രകീർത്തിക്കുകയാണ് സൈബർ ലോകം.