സംസ്ഥാന സർക്കാരിൻ്റെ ഏറെ പ്രതീക്ഷകൾ നല്കിയ ഒന്നായിരുന്നു ഓണക്കിറ്റ് വിതരണം. കോവിഡ് മഹാമാരി മൂലം ദുരിതത്തിലായ ജനങ്ങൾക്ക് ഏകദേശം 930 രൂപ വില വരുന്ന സൗജന്യ കിറ്റുകൾ ഏപ്രിൽ മെയ്യ് മാസങ്ങളിലായി നല്കിയിരുന്നു. ഓണത്തിനും ഇത്തരത്തിൽ തന്നെ വിതരണം ചെയ്യാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കിറ്റിൽ പഞ്ചസാര, ചെറുപയർ, അല്ലെങ്കിൽ വൻപയർ, ശർക്കര, മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി, സാമ്പാർ പൊടി, വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ, പപ്പടം സേമിയ അല്ലെങ്കിൽ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്.
കിറ്റ് വിതരണ പ്രക്രിയ മുതലാണ് വിവാദങ്ങൾ ഉടലെടുത്ത് തുടങ്ങിയത്. ചില ഭക്ഷ്യ വിഭവങ്ങളുടെ തൂക്ക കുറവ്, ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ തുങ്ങിയവ ഓണ കിറ്റ് വിവാദ കിറ്റാക്കി. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇ ടെൻ്റർ മുഖേന എത്തിച്ച ശർക്കരയാണ് ഏറ്റവും കൂടുതൽ വിവാദങ്ങൾക്ക് വഴി വെച്ചത്. പല ഡിപ്പോകളിൽ നിന്നും വിതരണത്തിനെത്തിച്ച ശർക്കര പിൻവലിക്കുകയുണ്ടായി. ആ ഭാഗങ്ങളിലേക്ക് പിന്നീട് വിതരണം ചെയ്തത് ഒന്നര കിലോ പഞ്ചസാരയായിരുന്നു. എന്നാൽ അതിന് മുമ്പ് വിതരണം ചെയ്ത ശർക്കര ഭക്ഷ്യ യോഗ്യമാണോ എന്ന് ആരും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ചില ശർക്കര പാക്കറ്റുകളിൽ തൂക്ക കുറവിന് പുറമേ ചില പ്രാണികൾ, പുകയില ഉത്പന്നങ്ങളുടെ കവറുകൾ, കുപ്പിച്ചില്ല് തുങ്ങിയവ കണ്ടെത്തിയത് പൊതു ജനങ്ങളിൽ ആശങ്കയും സൃഷ്ടിച്ചു. ഇതേ സമയം തന്നെയാണ് കിറ്റിലെ ഉത്പന്നങ്ങൾക്ക് വില കൂട്ടി പ്രിൻ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ വന്നതും അത് പിൻവലിക്കുകയുൾപ്പടെ ഉള്ള കാര്യങ്ങൾ നടന്നത്. ഓണ കിറ്റിൻ്റെ ഗുണ നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിതരണം ചെയ്തെന്ന് തെളിയിച്ചെങ്കിലും കമ്പനിക്കെതിരെ നടപടിയെടുക്കാതെ സപ്ലെെക്കോയും. വിതരണക്കാരെ ഉടൻ കരിം പട്ടികയിൽ പെടുത്താനും പിഴയീടാക്കാനും വ്യവസ്ഥയുള്ളപ്പോഴും നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ട്.
പരാതികളുണ്ടായ സാഹചര്യത്തിൽ ഓണ കിറ്റിലെ പപ്പടം കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിൻ്റെ ഫലം വന്ന ശേഷം കമ്പനികൾക്കെതിരെ നടപടി തീരുമാനിക്കുമെന്നാണ് സപ്ലൈക്കോയുടെ വിശദീകരണം. സംസ്ഥാനത്ത് വിതരണത്തിനായി തയാറാക്കിയ 95% ഓണ കിറ്റുകളും ഉപഭോക്താക്കളുടെ കയ്യിലെത്തി. നിലവാരം കുറവ് എന്ന് കേട്ടത് ശർക്കരയിലും, പപ്പടത്തിലുമാണ്. പരാതികൾ വ്യാപകമാകുമ്പോഴും ഈ ഉത്പന്നങ്ങൾ എത്തിച്ച കമ്പനികൾക്കെതിരെ ഒരു നടപടിയുമായിട്ടില്ല. വിതരണത്തിനായി എത്തിച്ച 500 ലോഡ് ശർക്കരയിൽ നിന്ന് സംശയം തോന്നിയ 71 സാംപിളുകളാണ് സപ്ലൈക്കോ പരിശോധനകൾക്കായി അയച്ചത്. ഇതിൽ 35 ലോഡുകളും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. എന്നാൽ വിതരണത്തിൽ ക്രമക്കേട് നടത്തിയ വിതരണക്കാർക്ക് എതിരെ ഒരു അടിയന്തിര നടപടിയും ഇതുവരെയും സപ്ലെെക്കോ എടുത്തില്ല. കുറ്റക്കാരായ കമ്പനികൾക്കെതിരെ നടപടികൾ വൈകിയാൽ ഇനി വരുന്ന കിറ്റുകളിലും ഇത്തരം മായം ചേർത്ത കൊള്ളലാഭം നടത്താനാകും ഇത്തരക്കാരുടെ ശ്രമം. വിതരണം കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും സാധാരണക്കാർക്കും സർക്കാരിനുമുണ്ടായ നഷ്ടം ഇവരിൽ നിന്ന് ഇടാക്കുകയും വേണം. സംസ്ഥാനത്ത് തന്നെയുള്ള കുടുംബശ്രീ സംരംഭകർ മറ്റ് ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങൾ ഇനിയുള്ള കിറ്റിൽ ഉൾപ്പെടുത്തിയാൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ എത്തിച്ചേരും. മാത്രമല്ല, സംരംഭകർക്കും, സർക്കാരിനും നേട്ടമുണ്ടാകുകയും ചെയ്യും.