റേഷൻ കടയിലൂടെ സൗജന്യമായി വിതരണം ചെയ്ത കോവിഡ് അതിജീവന കിറ്റ് കൈപറ്റാത്ത ഉപഭോക്താക്കൾക്ക് റേഷൻ നല്കില്ലെന്ന് സർക്കാർ. കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ രണ്ടാം പകുതി മുതൽ മെയ് അവസാനം വരെ നല്കിയ കരുതൽ കിറ്റ് വാങ്ങാത്ത അന്ത്യോദയ മുൻഗണന സബ്സീഡി കാർഡുകൾക്ക് ഇനി മുതൽ റേഷൻ വിഹിതം നല്കേണ്ടതില്ലെന്ന് നിർദ്ദേശം. ഇവർക്കെതിരെ ആവശ്യമായ നടപടി ക്രമങ്ങൾ സ്വീകരിക്കുകയും കാർഡ് വിവരങ്ങൾ റേഷൻ മാനേജ്മെൻ്റ് സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കാനും ഒരുങ്ങുന്നു.
ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും 17 ഇനം അവശ്യ സാധനങ്ങൾ അടങ്ങിയ സൗജന്യ അതിജീവന കിറ്റാണ് സർക്കാർ നല്കിയിരുന്നത്. ഓരോ കിറ്റിലും ഉപ്പ്, പഞ്ചസാര, ചെറുപയര്‍, കടല, റവ എന്നിവ ഓരോ കിലോഗ്രാം വീതവും, വെളിച്ചെണ്ണ – അര ലിറ്റര്‍, ആട്ട – രണ്ട് കിലോഗ്രാം, തേയില-250 ഗ്രാം, മുളക് പൊടി-100 ഗ്രാം, മല്ലിപ്പൊടി-100 ഗ്രാം, പരിപ്പ്-250 ഗ്രാം, മഞ്ഞള്‍പ്പൊടി-100ഗ്രാം, ഉലുവ-100ഗ്രാം, കടുക്-100ഗ്രാം, സണ്‍ ഫ്‌ളവര്‍ ഓയില്‍-ഒരു ലിറ്റര്‍, ഉഴുന്ന്-ഒരു കിലോഗ്രാം, സോപ്പ്-രണ്ടെണ്ണം എന്നിങ്ങനെയാണ് അടങ്ങിയത്.
സൗജന്യ കിറ്റ് വാങ്ങാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കിയതിന് ശേഷമായിരിക്കും അടുത്ത നടപടിയിലേക്ക് പോകുന്നത്. അത്തരത്തിൽ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ടത് സർക്കാരിൻ്റെ ഭാഗത്ത് നിന്നോ, സപ്ലൈക്കോയുടെ ഭാഗത്ത് നിന്നോ ഏതെങ്കിലും തരത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചാൽ ഇത് കളയാതെ കൃത്യമായി പരിശോധിച്ച ശേഷം ഏത് സാഹചര്യത്തിലാണ് കൈപറ്റാനാവാതെ വന്നത് എന്ന് ബോധിപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ട്. സർക്കാർ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകുന്നത് ഇത്തരമൊരു പ്രതിസന്ധി ഘട്ടമായതിനാലാണ്. കിറ്റുകൾ നിങ്ങൾക്ക് വേണ്ട എന്ന് പറയുമ്പോൾ റേഷൻ വിഹിതവും വേണ്ട എന്ന് മനസ്സിലാക്കുന്നത്. അതിനാൽ ഈ കാര്യങ്ങളുടെ കൃത്യത മനസ്സിലാക്കി മുന്നോട്ട് പോകുക.