പുതിയ വാഹനം വാങ്ങിയെന്നറിഞ്ഞാൽ എല്ലാവരും ആദ്യം ചോദിക്കുന്നത് മൈലേജ് എത്രയുണ്ട് എന്നാകും. ഇന്ധന വിലയില്‍ വരുന്ന മാറ്റം വിപണിയിലെ മൈലേജ് സങ്കൽപങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നു. കമ്പനി 25 മൈലേജ് പറഞ്ഞെങ്കിലും അതിലും കുറവ് മൈലേജ് ഉള്ളൂ എന്ന് പരാതി പറയാത്തവർ ചുരുക്കമാണ്. ഒരേ മോഡൽ കാറുപയോഗിച്ചാലും മൈലേജിൽ വ്യത്യാസം കാണപ്പെടാറുണ്ട്. വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിംഗ് രീതിയും അതിൻ്റെ മൈലേജിനെ ബാധിക്കും.
നമ്മുടെ കാറിന് പരമാവധി മൈലേജ് കിട്ടാൻ ഡ്രൈവ് ചെയ്യേണ്ട രീതികളുണ്ട്. കമ്പനികളുടെ ബ്രോഷറുകളിൽ മൈലേജ് 25 മുതൽ 28 വരെ പല കാറുകളിലായി കാണിക്കാറുണ്ട്. എന്നാൽ ഇത് കിട്ടുന്നില്ല എന്ന് പരാതിപ്പെടുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. അതിന് മുൻപ് മൈലേജ് ടെസ്റ്റ് നടത്തുന്നത് കണ്ട് പിടിക്കുന്നതും എങ്ങിനെയെന്ന് അറിയാം.
മൈലേജ് ടെസ്റ്റ് നടത്തുന്നത് പ്രധാനമായും ഇന്ത്യയിൽ രണ്ട് ഏജൻസികളാണ്. ഇവ ഗവൺമെൻ്റ് എപ്രൂവ്ഡ് ഏജൻസികളാണ്. ഓട്ടോമോട്ടീവ് റിസേർച്ച് അസോസ്സിയേഷൻ ഓഫ് ഇന്ത്യ (എ ആർ എ ഐ), വെഹിക്കിൾ റിസേർച്ച് ആൻ്റ് ഡെവലപ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ്( വി ആർ ഡി ഇ ) എന്നിങ്ങനെയാണ്. ഇവ രണ്ടും ഹോമോ ലൊഗേഷൻ ഏജൻസീസാണ്. ഏത് കമ്പനിയുടെ കാറും ആദ്യം ഇന്ത്യയിൽ ഇറക്കുന്നതിന് മുൻപ് ഈ എജൻസികളിൽ മൈലേജ് ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. മൈലേജ്, ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നടത്തിയതിന് ശേഷം മാത്രമാണ് വാഹനം ഇറക്കാനാകുന്നത്. അതിന് ശേഷമാണ് ആർ ടി ഒയ്ക്ക് സർക്കുലേഷനും മറ്റും നല്കി രജിസ്റ്റർ ചെയ്യാനാകുന്നത്. ഇവർ സർട്ടിഫിക്കേഷൻ നല്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ഇവരുടെ ഏജൻസി ലാബിൽ വെച്ച് തന്നെയാണ് മൈലേജ് ടെസ്റ്റ് നടത്തുന്നത്. രണ്ടാളുകൾ മാത്രമാകും ടെസ്റ്റിംഗ് സമയത്ത് വാഹനത്തിലുണ്ടാകുന്നത്. മൈലേജ് ടെസ്റ്റ് നടത്താൻ 20 മിനിറ്റ് നേരമാകും ഓടിച്ച് നോക്കുന്നത്. എ സി ഓഫ് ചെയ്തായിരിക്കും മൈലേജ് ടെസ്റ്റ് നടത്തുന്നത്. ഫിക്സഡ് ഗിയർ ഉപയോഗരീതിയിൽ വ്യത്യസ്ത സ്പീഡുകളാകും ഓടിക്കുന്നത്. മുൻപ് ഏത് ഗിയറിലാണോ അതിൻ്റെ മാക്സിമം സ്പീഡിൽ ഓടിച്ചു നോക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ സാധാരണയായി നമ്മൾ റോഡിൽ പല സ്പീഡിൽ ഓടിക്കുന്നതിനാലാണ് ടെസ്റ്റ് അങ്ങനെ മാറ്റിയത്. ആൾട്ടോ 800 ൻ്റെ മൈലേജ് 24 ൽ നിന്നും 22 ആയത് മൈലേജ് ടെസ്റ്റിൽ നടത്തിയ മാറ്റത്താലാണ്. പല സ്പീഡിൽ ഓടിച്ച് നോക്കുന്നതിനാലാണ് പല വാഹനങ്ങളുടെയും മൈലേജ് കുറഞ്ഞത്. സാധാരണ ഫ്യുവൽ ഉപയോഗിച്ചാണ് ടെസ്റ്റ് നടത്തുന്നത്. ഈ ആറ് കാര്യങ്ങളാണ് മൈലേജ് ടെസ്റ്റിൽ ഫോളോ ചെയ്യുന്നത്.
കൂടുതൽ മൈലേജ് കിട്ടുന്ന പാകത്തിന് വാഹനം ഓടിക്കേണ്ടതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനം കൃത്യമായി സർവീസ് ചെയ്യുക. എൻജിൻ ഓയിൽ കൃത്യമായി മാറ്റുന്നത് ഫ്രിക്ഷൻ കുറക്കുകയും മൈലേജ് കൂട്ടുകയും ചെയ്യും. ടയറിൻ്റെ എയർ പ്രഷർ കൃത്യമായി നിയന്ത്രിക്കുക. എയർ പ്രഷർ കുറയുമ്പോൾ ടയറിന് റോഡിലെ ഫ്രിക്ഷൻ കൂടുകയും മൈലേജ് കുറയുകയും ചെയ്യും. ഗിയർ ചേഞ്ചിംഗ് വളരെ ശ്രദ്ധിക്കേണ്ടതാണ്. സാധാരണ കാറുകളിൽ 15 കിലോമീറ്ററിൽ സെക്കൻ്റ് ഗിയറിലേക്കും, 25 കി.മീ മൂന്നാമത്തെ ഗിയറിലേക്കും, 35 കി.മീ നാലാമത്തെതും 45 കി.മീ അഞ്ചാമത്തെതിലേക്കും മാറ്റാവുന്നതാണ്. ശേഷം ഫിഫ്ത് ഗിയറിൽ 55-60 സ്പീഡിൽ ഓടിക്കാം. ഇതിന് മുകളിലേക്കും താഴേക്കും സ്പീഡ് പോകാതെ ഓടിച്ചാൽ കൂടുതൽ മൈലേജ് ലഭിക്കും. ഫസ്റ്റ് ഗിയറിൽ പരമാവധി സ്പീഡിൽ കഴിയുന്നത്ര ഓടിച്ച ശേഷമാണ് സെക്കൻ്റിലിടുന്നതെങ്കിൽ ഒരിക്കലും മൈലേജ് കിട്ടില്ല. ഓവർ സ്പീഡിൽ ഓടിക്കുന്നവർക്കും മൈലേജ് കിട്ടില്ല. ടോപ് ഗിയറിൽ ഓടിക്കാതെ മൂന്നാമത്തെ ഗിയർ വരെ മാത്രം ഓടിക്കുന്ന വാഹനങ്ങൾക്കും മൈലേജ് കുറവാകും. എ സിയുടെ ഉപയോഗവും ശ്രദ്ധിക്കേണ്ടതുണ്ട്. എൻജിനിൽ നിന്ന് പവറെടുത്താണ് എസി പ്രവർത്തിക്കുന്നത്. അതിനാൽ അതാവശ്യത്തിന് മാത്രം എസി ഉപയോഗിച്ച് ബാക്കി സമയങ്ങളിൽ ഫാൻ പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കുക. വിൻഡോ ഗ്ലാസ്സുകൾ താഴ്ത്തിയിട്ട് ഡ്രൈവ് ചെയ്യുന്നതും മൈലേജ് കുറയാൻ കാരണമാകും. എസി ഓഫ് ചെയ്ത് ഗ്ലാസ്സ് താഴ്ത്തി ഡ്രൈവ് ചെയ്യുന്നതാണ് നല്ലത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ വാഹനത്തിൻ്റെ മൈലേജ് കൂട്ടാനാകും.
മൈലേജ് ടെസ്റ്റ് ചെയ്യാനായി ആദ്യം ഫുൾ ടാങ്ക് ഫ്യുവൽ അടിച്ച് മുകളിൽ പറഞ്ഞ രീതിയിൽ 40 കി.മീ ഓടിച്ച് വീണ്ടും ഫുൾ ടാങ്ക് ഫ്യുവൽ അടിക്കുക. ഓടിച്ച ദൂരത്തെ ശേഷം ഫുൾ ടാങ്കിന് എത്ര മില്ലി ലിറ്റർ /ലിറ്റർ ആവശ്യമായോ ആ സംഖ്യ കൊണ്ട് ഹരിക്കുക. കിട്ടുന്ന ഉത്തരമാകും നിങ്ങളുടെ വാഹനത്തിൻ്റെ മൈലേജ്.