ഒരു വീടിൻ്റെ നെടുംതൂൺ അടുക്കളയാണെന്ന് പറയപ്പെടുന്നു. പഴമക്കാർ അടുക്കളയ്ക്ക് വളരെ പ്രാധാന്യം കൊടുത്തിരുന്നു. പണിയൊഴിയാത്തതിനാൽ അടുക്കള വൃത്തിയായി സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ അടുക്കള വൃത്തിയായും ഭംഗിയായും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വൃത്തിയായി അടുക്കള സൂക്ഷിക്കുന്നത് ആരോഗ്യമുള്ള കുടുംബത്തിന് സഹായിക്കും. അതിനാൽ അടുക്കളയും ഉപകരണങ്ങളും വൃത്തിയായി അടുക്കി സൂക്ഷിക്കേണ്ടതുണ്ട്. ക്യാബിനെറ്റുകൾ പൊടി പിടിക്കാതെയും , കൗണ്ടർ ടോപ്പും സിങ്കിൻ്റെ പരിസരവും, ഗ്യാസ് സ്റ്റൗ, അതോടൊപ്പം ഡൈനിംഗ് ടേബിളും വൃത്തിയാക്കുകയും വേണം.
കൗണ്ടർ ടോപ്പ് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൗണ്ടർ ടോപ്പ് ഒതുക്കിയ ശേഷം അത് നന്നായി തുടച്ച് വൃത്തിയാക്കേണ്ടതും ആവശ്യമാണ്. ഇങ്ങനെ ചെയ്യുന്നത് അടുക്കളയിൽ ഈച്ചകളും പ്രാണികളും വരാതെ സഹായിക്കും. കൗണ്ടർ ടോപ്പുകൾ വൃത്തിയാക്കാൻ പലതരം സ്പ്രേകളും ലോഷനുകളും ഇന്ന് വിപണിയിലുണ്ട്. ഇവയിൽ എല്ലാം തന്നെ കെമിക്കലുകൾ അടങ്ങിയതിനാൽ ശരീരത്തിന് ദോഷകരമാകാം. എന്നാൽ വീട്ടിൽ തന്നെ പ്രകൃതിദത്തമായ ക്ലീനിംഗ് സ്പ്രേ തയ്യാറാക്കാർ നിമിഷ നേരം മതി. ഒരു ക്ലീനർ തയ്യാറാക്കി നമുക്ക് നമ്മുടെ ഒട്ടുമിക്ക എല്ലാ അടുക്കള ഭാഗങ്ങളും വൃത്തിയാക്കാനാകും.
ക്ലീനർ തയ്യാറാക്കുന്നതിന് ഒരു ബൗളിൽ 2 കപ്പ് ചെറു ചൂട് വെള്ളമെടുത്ത് 1/2 കപ്പ് വിനാഗിരി, 1 ടേബിൾ സ്പൂൺ ഡിഷ് വാഷ് ലിക്യുഡ് എന്നിവ ചേർത്ത് കൊടുക്കുക. ആപ്പിൾ സൈഡർ വിനാഗിരി ഇതിനായി ഉപയോഗിക്കാവുന്നതല്ല. ഇതിലേക്ക് 1/2 ടീ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുമ്പോൾ ഇത് പതയാൻ തുടങ്ങും. സുഗന്ധത്തിനായി ഏതെങ്കിലും എസൻഷ്യൽ ഓയിൽ ചേർത്ത് കൊടുക്കാം. എസൽഷ്യൽ ഓയിൽ ഇല്ലെങ്കിൽ റോസ് വാട്ടറോ, പുൽതൈലമോ ചേർത്ത് കൊടുക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി ഏറെ കാലം ഉപയോഗിക്കാം. കിച്ചൻ കൗണ്ടർ ടോപ്പ്, ഗാസ് സ്റ്റൗ, പൈപ്പുകൾ, സിങ്ക്, ഡൈനിംഗ് ടേബിളിൾ തുടങ്ങിയവയെല്ലാം വൃത്തിയാക്കാൻ ഈ ക്ലീനിംഗ് സ്പ്രേ മാത്രം മതി.