കഴിഞ്ഞ ദിവസമായിരുന്നു മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 69ാം ജന്മദിനം. ഇന്നലെ മുതൽ വേറിട്ട ജന്മദിനാശംസകളുമായാണ് ആരാധകർ എത്തിയത്. ഇക്കുറി വീട്ടിൽ തന്നെയായിരുന്നു ജന്മദിനം മമ്മൂട്ടി ചിലവിട്ടത്. അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തെ കാണാൻ വീട്ടിലെത്തുകയും ചെയ്തു. പ്രിയപ്പെട്ട വാപ്പിച്ചിക്ക്
സ്നേഹ ചുംബനം നല്കുന്ന ചിത്രമാണ് മകൻ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
“എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവൻ. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവൻ. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നനത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങൾക്കെല്ലാവർക്കും. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം… നിങ്ങൾ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ… ഞങ്ങൾ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.” എന്ന് കുറിച്ചാണ് ദുൽഖർ പങ്കുവെച്ചത്. എന്നാൽ മകൾ സുറുമി വാപ്പിച്ചിക്കായി ഒരു സ്പെഷ്യൽ കേക്കാണ് ചെയ്യിപ്പിച്ചത്. മരങ്ങളും ചെടികളും നടാനും അവയിൽ പഴങ്ങൾ വരുന്നത് കാണാനും ഏറെ ഇഷ്ടമുള്ള മമ്മൂട്ടിക്ക് ചെടികളും പഴങ്ങളും നിറഞ്ഞ് നില്ക്കുന്ന ചെടിയുടെ ആകൃതിയിലുമുള്ള കേക്കാണ് മകൾ സമ്മാനിച്ചത്.
കൊച്ചിയിലുള്ള ‘ ഇൻഡൽജൻസ്’ എന്ന കേക്ക് ബേക്കേഴ്സാണ് സുറുമിയുടെ ഇഷ്ടത്തിനനുസരിച്ച് ഈ കേക്ക് തയ്യാറാക്കി നല്കിയത്. മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയതെന്നും ഇൻഡൽജൻസ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ഈ കേക്ക് നിങ്ങൾക്കൊപ്പം പങ്കുവെക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ഈ ചിത്രം പങ്കു വെച്ചത്. നിമിഷ നേരം കൊണ്ട് കേക്ക് വൈറലായി മാറി.
ഓരോ പിറന്നാൾ ദിനത്തിലും മമ്മൂട്ടിക്ക് പ്രായം കുറയുകയാണ് എന്നാണ് ആരാധകരും സുഹൃത്തുക്കളും പറയുന്നത്. കൊച്ചിയിലെ വീട്ടിൽ ഭാര്യയ്ക്കും, മകൾക്കും, ചെറുമക്കൾക്കുമൊപ്പമായിരുന്നു മമ്മൂട്ടി. പിറന്നാളിനോടനുബന്ധിച്ച് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ടുള്ള മോഹൻലാലിൻ്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. പ്രിയപ്പെട്ട ഇച്ചാക്ക, സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു. എപ്പോഴും താങ്കളെ ഇഷ്ട്ടപ്പെടുന്നു. സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്നാണ് മോഹൻലാൽ നല്കിയ അടിക്കുറിപ്പ്. നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലെ ഏറെ പ്രശസ്തമായ മോഹൻലാലിന്റെ കഥാപാത്രമായ ടോണിയും മമ്മൂട്ടിയും തമ്മിലുള്ള ട്രെയിനുള്ളിലെ രംഗത്തിലെ രണ്ട് ചിത്രങ്ങളാണ് മോഹൻലാൽ പങ്കുവച്ചത്.