മമ്മൂക്ക പിറന്നാളിന് ക്ഷണിക്കാത്തതിൽ നാല് വയസ്സുകാരിയുടെ പരിഭവം വീട്ടിലേക്ക് ക്ഷണിച്ച് താരം.

മലയാളത്തിൻ്റെ പ്രിയതാരം മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു. താരാത്തിന്‍റെ 69-ാം ജന്മദിനത്തിൽ ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിരുന്നു. മമ്മൂട്ടി എന്ന നടനെ പറ്റിയും അതിലുപരി മമ്മൂട്ടി എന്ന മനുഷ്യനെ പറ്റിയുമായിരുന്നു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത് മമ്മൂക്കയുടെ പിറന്നാളിന് ക്ഷണിക്കാത്തതിൽ പരിഭവം പറയുന്ന ഒരു കുട്ടിയാണ്.

വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ മമ്മൂട്ടി കാണുകയും അദ്ദേഹത്തിൻ്റെ ഫേസ്ബുക്കിൽ ഇത് പങ്കുവെക്കുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ തന്നെ 2 ലക്ഷം കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടത്. 3 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി “മമ്മൂക്കനോട് മിണ്ടൂല്ല.മമ്മൂക്ക എന്നെ ഹാപ്പി ബർത്ത് ഡേയ്ക്ക് വിളിച്ചില്ല” എന്ന് ആവർത്തിച്ച് കൊണ്ട് കരയുകയായിരുന്നു. “പിണങ്ങല്ലേ. എന്താ മോളുടെ പേര് ? എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. മമ്മൂക്ക പിറന്നാളിന് ക്ഷണിക്കാത്തതിൽ പരിഭവിച്ച് കരഞ്ഞ ആ കുരുന്ന് ആരെന്ന് ഒടുവിൽ കണ്ടെത്തി. പെരുന്തൽമണ്ണ സ്വദേശികളായ ഹമീദ് അലിയുടെയും സജിലയുടെയും മകളായ ദുവ എന്ന പീലിയാണ് ആ കുഞ്ഞ് ആരാധിക. “ഞാൻ മമ്മുക്കയുടെ കടുത്ത ആരാധകൻ ആണ്. ഫാൻസ് അസോസിയേഷന്റെ ചുമതല ഒക്കെ ഉണ്ട്. രണ്ട് മൂന്ന് ദിവസം മുമ്പ് മമ്മൂക്കയുടെ പിറന്നാളിന് ആശംസ നൽകി മോളെ കൊണ്ട് ഒരു വീഡിയോ എടുത്തിരുന്നു. അത് കഴിഞ്ഞ് മമ്മൂക്കയുടെ പിറന്നാളിന്റെ അന്ന് ഞാനും ഭാര്യയും പുറത്ത് പോയിരുന്നു. തിരിച്ച് വന്നപ്പോൾ മോൾ കരുതി ഞങ്ങൾ മമ്മൂക്കയുടെ പിറന്നാൾ ആഘോഷത്തിന് പോയതാണ് എന്ന്. അവളെ കൂട്ടാതെ പോയതിന് ആയിരുന്നു കരഞ്ഞത്. ” എന്ന് ഹമീദ് അലി പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പുകൾ വഴി കൈമാറിയെത്തിയ വീഡിയോ മമ്മൂട്ടി പങ്കുവെക്കുകയായിരുന്നു. ഒടുവിൽ മമ്മൂട്ടിയുടെ പിആർഒ റോബേർട്ട് കുര്യാക്കോസിൻ്റെ വിളിയുമെത്തി. കോവിഡ് മാറിയാലുടൻ വീട്ടിലെത്തി കാണാനുള്ള സൗകര്യം ഒരുക്കാമെന്ന് അറിയിച്ചതായി കുട്ടിയുടെ പിതാവ് ഹമീദ് അലി പറഞ്ഞു. താരം വീഡിയോ പങ്കുവെച്ചതറിഞ്ഞെങ്കിലും പീലിയുടെ വിഷമം മാറിയിട്ടില്ല. മമ്മൂക്കയെ നേരിട്ട് കണ്ടാലേ പീലിയുടെ സങ്കടം മാറൂ. പെരുന്തൽമണ്ണ മമ്മൂട്ടി ഫാൻസ് ആൻ്റ് വെൽഫേർ അസോസ്സിയേഷൻ്റെ ഓൺലൈൻ പ്രമോട്ടറാണ് പീലിയുടെ പിതാവ്.

Leave a Reply

Your email address will not be published. Required fields are marked *