ഇന്ന് കേരളക്കരയിലെ ഏറ്റവും പോപ്പുലറായ ബാലതാരം പാറുക്കുട്ടി തന്നെയാണ്. ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് പാറുക്കുട്ടി. പ്രേക്ഷകരുടെ മുന്നിലായിരുന്നു പാറുക്കുട്ടിയുടെ വളർച്ച. ജനിച്ച് നാലാം മാസം മുതൽ കാമറയ്ക്ക് മുന്നിലെത്തിയ പാറുക്കുട്ടിക്ക് ധാരാളം ആരാധകരാണ്. ചെറിയ പ്രായത്തിൽ തന്നെ വീട്ടുകാർക്ക് പണം സമ്പാദിച്ചു നൽകുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്നൊക്കെ ട്രോളന്മാർ പാറുക്കുട്ടിയെ വിശേഷിപ്പിക്കുകയും ചെയ്തു.
സീരിയലിലെ പാറുക്കുട്ടിയെന്ന കഥാപാത്രത്തെ ജീവിച്ച് അവതരിപ്പിക്കുന്ന കുഞ്ഞുതാരം നമ്മെ ഓരോരുത്തരെയും സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. പാറുക്കുട്ടി എല്ലാവർക്കും സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ്. അതിനാൽ തന്നെ പാറുക്കുട്ടിയുടെ കുസൃതികളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വാർത്തയാകാറുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞ് ഉപ്പും മുളകിലേക്ക് തിരികെ വന്ന പാറുക്കുട്ടി ഇപ്പോൾ കൂടുതൽ ആക്ടീവാണ്. പാറുക്കുട്ടിയുടെ ഫാൻ പേജ് പങ്കുവെച്ച ഒരു രസകരമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എല്ലാവരുടെയും മനം കവരുകയാണ്. സെറ്റിൽ കേക്ക് മുറിക്കാനൊരുങ്ങുമ്പോൾ ഇതെൻ്റെ കേക്കാണെന്നും ഞാൻ മുറിച്ചോളാമെന്നുമൊക്കെ പറയുകയാണ് പാറുക്കുട്ടി. കുട്ടിത്തം നിറഞ്ഞ സംസാരവും നിഷ്ക്കളങ്കമായ പാറുക്കുട്ടിയുടെ ചിരിയും ഇഷ്ടപ്പെടാത്തവർ കാണില്ല. സ്ക്രിപ്റ്റില്ലാതെ അഭിനയിക്കുന്ന താരമെന്ന് വിശേഷിപ്പിക്കുന്ന പാറുക്കുട്ടിയാണ് ഇപ്പോൾ ഉപ്പും മുളകിൻ്റെ ഹൈ ലൈറ്റ്.
ഇപ്പോൾ രണ്ട് വയസ്സാകുന്ന പാറുക്കുട്ടിയുടെ യഥാർത്ഥ പേര് അമേയ എന്നാണ്. വീട്ടിൽ ചക്കി എന്ന് വിളിക്കുമെങ്കിലും പാറുക്കുട്ടിയെന്ന് വിളിക്കാനാണ് ഏവർക്കും ഇഷ്ടം. ഓച്ചിറയ്ക്കടുത്തുള്ള പ്രയാറുള്ള അനിൽ – ഗംഗാലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അമേയ. പാറുക്കുട്ടിയ്ക്ക് ഒരു ചേച്ചിയും ഒരു അനിയനുമുണ്ട്.