സംസ്ഥാന സർക്കാരിൻ്റെ ഏറെ പ്രതീക്ഷകൾ നല്കിയ ഒന്നായിരുന്നു ഓണക്കിറ്റ് വിതരണം. ഓണത്തിന് റേഷൻ കടകൾ വഴി തന്നെ വിതരണം ചെയ്യാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കിറ്റിൽ പഞ്ചസാര, ചെറുപയർ, അല്ലെങ്കിൽ വൻപയർ, ശർക്കര, മുളക് പൊടി, മല്ലി പൊടി, മഞ്ഞൾ പൊടി, സാമ്പാർ പൊടി, വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ, പപ്പടം സേമിയ അല്ലെങ്കിൽ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. കിറ്റ് വിതരണ പ്രക്രിയ മുതൽ ഉടലെടുത്ത് തുടങ്ങിയ വിവാദങ്ങൾ എത്തിപെടുന്നത് പല ചിന്തകളിലേക്കാണ്. ചില ഭക്ഷ്യ വിഭവങ്ങളുടെ തൂക്ക കുറവ്, ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ തുങ്ങിയവ ഓണ കിറ്റ് വിവാദ കിറ്റാക്കി.
അത്തരത്തിൽ ഏറെ വിവാദങ്ങൾക്കും വാർത്തകൾക്കും വഴിവെച്ച കാര്യമാണ് പണം കൊടുത്താൽ പോരെ? എന്തിനാണ് കിറ്റ് നല്കുന്നത്. അല്ലെങ്കിൽ സർക്കാർ കടകൾ വഴി ഫുഡ് കൂപ്പൺ നല്കി കൂടെ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ. സർക്കാർ നല്കിയ കിറ്റ് വിഷയത്തിൽ ക്യാഷ് ട്രാൻസ്ഫർ എന്ന ആശയവുമായി കേന്ദ്ര സർക്കാർ മുന്നിലുണ്ട്. എന്തു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സംസ്ഥാന സർക്കാർ തന്നെ നല്കിയിരിക്കുകയാണ്.
പണം കൊടുത്താൽ പോരെ എന്ന് ചിന്തിച്ചാൽ ഇത്തരത്തിൽ ലഭിക്കുന്ന പണം വീട്ടിലെത്തുകയല്ലെന്നാണ് സാധാരണക്കാരായ സ്ത്രീകളുടെ അനുഭവം. ഭക്ഷ്യ കിറ്റ് നല്കുന്നത് വഴി ധാന്യങ്ങളും മറ്റും വീട്ടിലെത്തുന്നത് ഉറപ്പിക്കാനാകും. സർക്കാർ കടകളിലൂടെ കൂപ്പൺ നല്കാമെന്ന അഭിപ്രായത്തിൽ സർക്കാർ വിശദീകരിച്ചത് കൂപ്പൺ നല്കുമ്പോൾ കടകൾക്ക് മുന്നിൽ ഈ കോവിഡ് കാലത്തും തിക്കിനും തിരക്കിനും കാരണമാകും. രോഗവ്യാപനം കൂടുന്ന ഈ ഘട്ടത്തിൽ അത്തരമൊരു തീരുമാനം ഉചിതമല്ല. അത് പോലെ, വ്യാജ കൂപ്പൺ പ്രചരിക്കാനുള്ള സാധ്യതയും കണക്കിലെടുക്കേണ്ടതുണ്ട്. ഇവയെല്ലാം കൊണ്ട് റേഷൻ കട വഴിയുള്ള ഭക്ഷ്യ കിറ്റ് തന്നെയാണ് കൂടുതൽ ഫലപ്രദവും സുരക്ഷിതവും.
ടെൻ്ററിൻ്റെ കാര്യത്തിൽ ഇനി ഗുണനിലവാരം ഉറപ്പ് വരുത്തി എമ്പാനൽ ചെയ്തവർക്ക് മാത്രമേ നല്കൂ. ഓണ കിറ്റിലെ പപ്പടവും ശർക്കരയും ഭക്ഷ്യയോഗ്യമല്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഇക്കാരണത്താൽ മായം കലരാൻ സാധ്യതയുള്ള ശർക്കര പോലുള്ള സാധനങ്ങൾ കിറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇനിയുള്ള കിറ്റുകൾക്ക് കർശന നിർദ്ദേശങ്ങൾ ഭക്ഷ്യ വകുപ്പ് സപ്ലൈക്കോക്ക് നല്കിയത്. ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതോടൊപ്പം കിറ്റിലെ സാധനങ്ങളും പാക്കിംഗ് പുരോഗതിയും ഓരോ ദിവസവും ഭക്ഷ്യ വകുപ്പ് അന്വേഷിക്കുന്നതാകും. ഓരോ ഡിപ്പോയിലും സാധനങ്ങളുടെ ക്വാളിറ്റി ഉറപ്പ് വരുത്താൻ ക്വാളിറ്റി കൺട്രോൾ ഓഫീസറെ നിയോഗിക്കും. ഓരോ പാക്കിംഗ് യൂണിറ്റിലും ദിവസേന പാക്ക് ചെയ്യുന്ന കിറ്റുകളുടെ എണ്ണം പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണം അവർ നിറച്ച കിറ്റുകളുടെ എണ്ണം എന്നിവ കൃത്യമായി രേഖപ്പെടുത്തും. വിലകയറ്റവും, കരിച്ചന്തയും, പൂഴ്ത്തിവെപ്പും ഉണ്ടാകാൻ സാധ്യതയുള്ള കാലമാണ്. പച്ചക്കറി ഒഴിച്ച് പല സാധനങ്ങളും കേരളത്തിന് പുറത്ത് നിന്ന് എത്തുന്നവയാണ്. അതിനാൽ ഭക്ഷ്യ കിറ്റ് ഇത്തരത്തിൽ പ്രധാനമാകുന്നു.