സെപ്റ്റംബർ മാസത്തിലെ സൗജന്യ കിറ്റ് വിതരണം വൈകാതെ തുടങ്ങും

സെപ്റ്റംബർ മാസത്തെ സൗജന്യ കിറ്റ് വിതരണം ഉടൻ തുടങ്ങും. 100 ദിവസത്തേക്ക് പ്രത്യേക കർമ്മ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യ മന്ത്രി പിണറായി വിജയൻ. ഇതിൻ്റെ ഭാഗമായി സാജന്യ ഭക്ഷ്യ കിറ്റ് വിതരണം തുടർന്നുള്ള നാല് മാസത്തേക്കും തുടരുന്നതാണ്. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യ കിറ്റാണ് പ്രഖ്യാപിച്ചത്.

സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ഭക്ഷ്യ കിറ്റിൽ 8 തരം ഭക്ഷ്യ സാധനങ്ങൾ ഉണ്ടാകുമെന്നാണ് അറിയിച്ചത്. സെപ്റ്റംബർ മാസത്തിലെ കിറ്റിൻ്റെ വിതരണം ഈ മാസം പകുതിയോട് കൂടി ആരംഭിക്കും. 2020 സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിലാണ് കോവിഡ് കാല പ്രതിസന്ധികൾ മാനിച്ച് കൊണ്ട് സംസ്ഥാന സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്. ഓണ കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്ന് വന്നത്. ഈ സാഹചര്യത്തിൽ കിറ്റുകൾ തയ്യാറാക്കി റേഷൻ കടകളിൽ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം സപ്ലൈക്കോക്കാണ് നല്കിയിരിക്കുന്നത്. സാധനങ്ങൾ ലഭ്യമല്ലാത്ത പക്ഷം ഇനങ്ങളിൽ മാറ്റം വരുത്തുവാൻ അധികാരം നല്കിയിട്ടുണ്ട്. പഞ്ചസാര 1 കിലോ, ഉപ്പ് 1 കിലോ, ആട്ട 1 കിലോ, ചെറുപയർ 750 ഗ്രാം, കടല 750 ഗ്രാം, വെളിച്ചെണ്ണ അര ലിറ്റർ, സാമ്പാർ പരിപ്പ് 250 ഗ്രാം, മുളക് പൊടി 100 ഗ്രാം ഇവയെല്ലാം ഇടുന്നതിന് ഒരു തുണി സഞ്ചി എന്നീ സാധനങ്ങളാണ് സെപ്റ്റംബർ മാസത്തിലെ സൗജന്യ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *