കോവിഡ് കാലത്ത് ജീവിതം അവതാളത്തിലായവർ കുറവല്ല. പലരുടെയും ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്. കോവിഡ് പ്രതിസന്ധികളിൽ പുതിയ ജീവിത മാർഗം തേടുന്നവർ ഇപ്പോഴുമുണ്ട്. ഒരു വാതിലടയുമ്പോൾ മറ്റൊരു വാതിൽ തേടുന്നവർ ധാരാളമാണ്. ജീവിതത്തിൻ്റെ രണ്ട് അറ്റം കൂട്ടി മുട്ടിക്കാൻ സകല വഴികളും അന്വേഷിക്കുന്നവർ. അത്തരമൊരാളെ പരിചയപ്പെടാം.
എറണാകുളം ഹൈ കോടതി ജംഗ്ഷനിൽ നിന്ന് ഗോശ്രീ റോഡിലേക്ക് ഉള്ള യാത്രയിൽ പഴക്കുലകളാൽ അലങ്കരിച്ച് കിടക്കുന്ന ഓട്ടോ കൗതുകമായ കാഴ്ചയാണ്. എന്നാൽ ജയ്സണ് ഇത് കൗതുകമല്ല. ജീവിതമാണ്. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തെ അതിജീവിക്കാൻ ജീവിത വേഷം മാറിയാടുകയാണ് ജയ്സൺ. നാല് വർഷങ്ങൾക്ക് മുൻപ് ഒരു ഏജൻ്റ് മുഖേന മാലിയിലേക്ക് പറന്നിറങ്ങിയത് വളരെ പ്രതീക്ഷയോടെയായിരുന്നു. എന്നാൽ മാലിയിലെ റൂമിലെത്തിയ ശേഷം ഏജൻ്റ് മുങ്ങി. പുറത്തിറങ്ങിയാൽ 3 ലക്ഷം രൂപയും ജയിൽ വാസവും അനുഭവിക്കേണ്ടി വരും. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടമായി നില്ക്കുമ്പോൾ സുഹൃത്തുക്കൾ നല്കിയ നമ്പറിൽ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് രഹസ്യമായി ബാറിൽ ഒരു ജോലി തരപ്പെടുത്തി. ഒന്നര വർഷം അവിടെ പിടിച്ച് നിന്നു. മലയാളി അസോസിയേഷൻ നേതാവ് നാസർ പൊന്നാനിയുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങാനായി.
രണ്ട് വർഷം മുൻപ് ഒരു ഓട്ടോ വാങ്ങി ആലുവ – തെറ്റാലി ജഗ്ഷനിൽ ഓടി തുടങ്ങി. ജീവിതം ഒന്ന് പച്ച പിടിച്ച് വരുമ്പോഴാണ് കോവിഡ് വ്യാപനത്താൽ ആ വരുമാന മാർഗ്ഗവും നഷ്ടമായി. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ ഒട്ടോയിൽ പഴവും കപ്പയുമായി റോഡിലേക്കിറങ്ങി. സവാരിയില്ലെങ്കിലും പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാമെന്ന് കാണിച്ച് തരികയാണ് ജയ്സൺ. ആലുവ സ്വദേശിയായ ജയ്സൻ്റെ കുടുംബം ഭാര്യ നാൻസി, മക്കൾ ജയ്ൻ, ജേക്ക് എന്നിവർ അടങ്ങുന്നതാണ്. റോഡരികിൽ നിന്ന് അധികാരികൾ പറയുമ്പോൾ മാറി കൊടുക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ജയ്സൺ. റോഡരികിൽ വില്ലന നടത്തുന്നവർ എല്ലാവരുടെയും ജീവിതം ഇങ്ങനൊക്കെയാണെന്നും ശാശ്വതമല്ലെന്നുമാണ് പറയുന്നത്. കോവിഡ് കാലത്ത് ഒരു വരുമാന മാർഗ്ഗത്തിനായി കച്ചവടം നടത്താൻ നിരത്തിലിറങ്ങിയവരാണ് പലരും.