വിമാനത്തിൽ കുഴഞ്ഞ് വീണ വയോധികയ്ക്ക് തുണയായത് മലയാളി നഴ്സ്

ഭൂമിയിലെ മാലാഖമാരാണ് നഴ്സുമാർ എന്ന് നമ്മൾ പറയാറുണ്ട്. തൂവെള്ള വസ്ത്രമണിഞ്ഞ നമ്മുടെ ഈ മാലാഖമാർ പരിചരണം, ശുശ്രൂഷ എന്ന വാക്കുകളുടെ അർത്ഥം സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്നവരാണ്. ആത്മാവിനെയും ശരീരത്തെയും സേവനത്തിന് സമർപ്പിച്ച് ലോകത്തെ ഇത്രയധികം മനോഹരവും സന്തോഷകരവുമാക്കി മാറ്റുന്നവരാണ് ഇവരുടെ സ്നേഹവും കരുതലും ലഭിക്കാത്ത ആരും ഉണ്ടാകില്ല എന്ന് തന്നെ വേണം പറയാൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു മലയാളി നഴ്സിൻ്റെ നല്ല മനസ്സിൻ്റെ കഥയാണ്.

വിമാനയാത്രക്കിടെ കുഴഞ്ഞ് വീണ വയോധികയുടെ ജീവൻ രക്ഷിക്കാൻ മലയാളി നഴ്‌സ് കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയാണ് കേരളക്കര. അങ്ങനെ ആകാശത്തിലും താരമായി ഭൂമിയിലെ ഈ മാലാഖ. വിമാനയാത്രക്കിടെ ഹൃദ്‌രോഗ ലക്ഷണങ്ങൾ കാണിച്ച 65 വയസുളള വയോധികയുടെ ജീവൻ രക്ഷിച്ചാണ് ഈ മലയാളി നഴ്സ് താരമായത്. സമീപ കാലത്ത് ബസിൽ വച്ച് ഒരാളുടെ ജീവൻ രക്ഷിച്ച രണ്ട് നഴ്സുമാർ സോഷ്യൽ മീഡിയയിൽ കൈയടി നേടിയിരുന്നു. ഇപ്പോൾ ഈ വാർത്തയും നഴ്സുമാരുടെ സമർപ്പണ മനോഭാവത്തെ ചൂണ്ടി കാണിക്കുന്ന ഒന്നാണ്.

ലണ്ടനിൽ നഴ്സായ കാസർഗോട് ചുള്ളിക്കര സ്വദേശി ഷിൻ്റു ജോസാണ് വയോധികയ്ക്ക് തുണയായത്. ഷിൻ്റു ജോസ് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പഞ്ചാബ് സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. വന്ദേ ഭാരത് ദൗത്യത്തിൻ്റെ ഭാഗമായി ടൊറൻ്റോയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം പറന്നുയർന്ന് 4 മണിക്കൂർ കഴിഞ്ഞപ്പോഴാണ് മുൻപ് ഹൃദയ സ്തംബനം വന്നിട്ടുള്ള വയോധികയ്ക്ക് വീണ്ടും ലക്ഷണം കാണിച്ചത്. യാത്രക്കാരിൽ ഡോക്ടർമാരോ നഴ്സുമ്മാരോ ഉണ്ടങ്കിൽ സഹായിക്കണമെന്ന് ഫ്ലൈറ്റ് ക്രൂ അഭ്യർത്ഥിച്ചു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടർ പോലും മടിച്ച് നിന്നപ്പോൾ ഷിൻ്റു മടി കാണിക്കാതെ സ്വയം മുന്നോട്ട് വരുകയായിരുന്നു. വിമാനം എമർജൻസി ലാൻ്റിംഗില്ലാതെ ഡൽഹിയിൽ തന്നെ ഇറക്കാൻ ഷിൻ്റുവിൻ്റെ പ്രവർത്തി മൂലം സാധ്യമായി. ബുധനാഴ്ച്ച നാട്ടിലെത്തിയ ഇവർ ക്വാരൻ്റീനിലാണ്. വയോധികയുടെ ജീവൻ രക്ഷിച്ച ഷിൻ്റുവിന് ആദരവ് നല്കാൻ കാത്തിരിക്കുകയാണ് ലണ്ടനിലെ മലയാളികൾ. തക്ക സമയത്ത് തൻ്റെ സേവനം കൊണ്ട് ഒരാളുടെ ജീവൽ രക്ഷിച്ച ഈ നഴ്‌സിന് ഒരു ബിഗ് സല്യൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *