ഏറെ ജനപ്രീതി നേടി മുന്നോട്ട് പോകുന്ന ഒരു പരമ്പരയാണ് ഉപ്പും മുളകും. ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. അതോടൊപ്പം തന്നെ ഇതിലെ കഥാപാത്രങ്ങളും അത് അവതരിപ്പിക്കുന്നവരും മലയാളികളുടെ മനസ്സിൽ കയറി പറ്റി. ഓരോ കഥാപാത്രങ്ങളും അവരുടേതായ രീതിയിൽ അഭിനയിച്ച് ഫലിപ്പിച്ച് മുന്നേറുകയാണ്. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി രുസ്തഗി ഏറെ ശ്രദ്ധേയമായിരുന്നു. ധാരാളം ആരാധകർ ഉണ്ടായിരുന്ന ജൂഹി പരമ്പരയിൽ നിന്നും കുറച്ച് നാൾ മുൻപ് മാറിയിരുന്നു.
ഉപ്പും മുളകിൽ നിന്നും ലച്ചുവിൻ്റെ പിന്മാറ്റം അണിയറ പ്രവർത്തകർക്ക് വലിയൊരു തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോഴും ലച്ചു തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇനി പരമ്പരയിലേക്ക് തിരിച്ച് വരവ് ഉണ്ടാകില്ലെന്ന് ജൂഹി അറിയിച്ചിരുന്നു. പിന്നാലെ, കോവിഡും ലോക്ക് ഡൗണും വന്നതോടെ ഉപ്പും മുളകും സംപ്രേക്ഷണം ചെയ്തിരുന്നില്ല. പിന്നീട് പരമ്പര ആരംഭിച്ചത് ഒരു സർപ്രൈസോടെ ആയിരുന്നു. പുതിയ കഥാപാത്രങ്ങൾ വന്നതോടെ ഉപ്പും മുളകും വീണ്ടും മുന്നേറി. എന്നാൽ ഇപ്പോഴിതാ മുടിയനും പിന്മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഓണത്തിന് ശേഷം താരത്തെ കാണാനില്ലെന്നാണ് ആരാധകർ പറയുന്നത്. ഉപ്പും മുളകിലെയും ഫ്രീക്കൻ താരമായാണ് മുടിയൻ അറിയപ്പെടുന്നത്. വിഷ്ണു എന്ന മുടിയൻ്റെ കഥാപാത്രം അവതരിപ്പിക്കുന്നത് റിഷി എസ് കുമാറാണ്. വീട്ടമ്മമാരും യുവാക്കളും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന കഥാാപാത്രമാണ് മുടിയന്റേത്. ഒരു നടൻ മാത്രമല്ല തികഞ്ഞ നർത്തകൻ കൂടിയാണ് താൻ എന്ന് ചില എപ്പിസോഡുകളിലൂടെയും, ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെയും മുടിയൻ തെളിയിച്ചിട്ടുണ്ട്. ഡി ഫോര് ഡാൻസിലൂടെയാണ് റിഷി ആദ്യമായി മിനി സ്ക്രീനിലെത്തുന്നത്. മുടിയും വലിയ കണ്ണടയും വെച്ച് അവതരിപ്പിക്കുന്ന മുടിയന് ധാരാളം ആരാധകരുണ്ട്. പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തെ കാണാത്തതിൽ നിരാശയിലാണ് ആരാധകർ.
പാറമട വീട്ടിൽ ഓണം വളരെ ആഘോഷത്തോടെ നടത്തിയിരുന്നു. പാട്ടും ഡാൻസുമൊക്കെയായ് ഓണം ആഘോഷിച്ചത് പ്രേക്ഷകരുടെയും ഇഷ്ടം നേടിയെത്തിരുന്നു. ഓണാഘോഷത്തിന് ഉപ്പും മുളകിലെ പുതിയ താരം പൂജയുമുണ്ടായിരുന്നു. എന്നാൽ ഓണം കഴിഞ്ഞുള്ള എപ്പിസോഡുകളിൽ പൂജയില്ലന്നുള്ളതും ആരാധകർ ചൂണ്ടി കാട്ടുന്നുണ്ട്. പൂജ ജയറാം എന്ന കഥാപാത്രത്തിലൂടെ അശ്വതി നായരാണ് പരമ്പരയിൽ എത്തിയത്. ജൂഹി രുസ്തകിയുമായുള്ള രൂപ സാദൃശ്യമാണ് അശ്വതി സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള കാരണം. തുടക്കത്തിൽ വലിയ പിന്തുണ ലഭിച്ചെങ്കിലും പിന്നീട് അത് വിമർശനമായി മാറി. ഉപ്പും മുളകും കുടുംബത്തിൻ്റെ യൂട്യൂബ് ചാനൽ വീഡിയോസ് കണ്ട് മുടിയനോട് ഇഷ്ടം തോന്നിയതോടെയാണ് പൂജ ജയറാം പാറമട വീട്ടിലെത്തുന്നത്. കുറച്ച് വട്ടുള്ള കഥാപാത്രമായാണ് പൂജയെ അശ്വതി അവതരിപ്പിച്ചത്. എന്നാൽ തുടക്കത്തിൽ വലിയ പിന്തുണ ലഭിച്ചെങ്കിലും പിന്നീട് വിമർശനങ്ങളായി മാറുകയായിരുന്നു. മറ്റ് കഥാപാത്രങ്ങളുമായി യോജിച്ച് പോകുന്നില്ല എന്ന ആരോപണമായിരുന്നു പ്രധാനം. ഇപ്പോഴും ഉപ്പും മുളകിൻ്റെ വീഡിയോകൾക്ക് താഴെ പൂജയെ വിമർശിച്ചുള്ള കമൻ്റുകളാണ് ഏറെയും. ലച്ചുവിനെ തിരികെ കൊണ്ട് വരണമെന്ന ആവശ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. മുടിയനെ കാണാത്തതും റിപ്പോർട്ടുകൾ പുറത്ത് വന്നതും ആരാധകരുടെ നിരാശ കൂട്ടി.