കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമായ ഒന്നാണ് മയോണൈസ്. സാൻ്റ് വിച്ചിലും ബർഗറിലുമൊക്കെ ഇത് ഒരു പ്രധാന ചേരുവയാണ്. പല ഭക്ഷണങ്ങൾ കഴിക്കുമ്പോഴും സോസിനൊപ്പം മയോണൈസും ചിലർക്ക് ആവശ്യമാണ്. കുബ്ബൂസിനും ചിക്കൻ ഫ്രൈക്കും എന്ന് വേണ്ട ചപ്പാത്തിക്കൊപ്പം വരെ മയോണൈസ് ഉപയോഗിക്കുന്നവരുണ്ട്. റെസ്റ്റോറൻ്റുകളിൽ മാത്രമല്ല വീട്ടിലും വേണമെങ്കിൽ വളരെ എളുപ്പത്തിൽ മയോണൈസ് ഉണ്ടാക്കാം.
ഒരു കപ്പ് എണ്ണയും രണ്ട് മുട്ടയും മയോണൈസിന് ആവശ്യമാണ്. ഫ്ലേവറുകളില്ലാത്ത റിഫൈൻഡ് ഓയിലാണ് എടുക്കേണ്ടത്. വെളിച്ചെണ്ണ ഉപയോഗിക്കരുത്. സൺ ഫ്ലവർ ഓയിൽ എടുക്കാം. സാധാരണ രീതിയിൽ ചേർത്താൽ മിക്സാകാത്ത രണ്ട് മൂന്ന് ചേരുവകളാണ് മയോണൈസിന് എടുക്കുന്നത്. ഇത് പ്രത്യേകമായ പ്രക്രിയകളിലൂടെ യോജിപ്പിച്ച് എടുക്കുന്നതിനാണ് എമൾഷൻ എന്ന് പറയുന്നത്. എണ്ണയും മുട്ടയും സാധാരണ രീതിയിൽ ചേർത്താൽ യോജിക്കില്ല. എന്നാൽ ഇവയിൽ ഏതെങ്കിലും ഒരു ചേരുവ മിക്സിയിലോ ബ്ലെൻ്ററിലോ അടിച്ചെടുത്ത് രണ്ടാമത്തെ ചേരുവ കുറച്ച് കുറച്ചായി ചേർത്ത് കൊടുത്താൽ യോജിപ്പിക്കാൻ കഴിയും. എമൾഷനെ സ്റ്റെബിലൈസ് ചെയ്ത് അതിൻ്റെ ടെക്സ്ച്ചർ നിലനിർത്തുന്നതിനായി ഒരു എമൾസിഫൈയർ ആവശ്യമാണ്. മുട്ടയിലെ ലെസിത്തിൻ എന്ന ഫാറ്റും ഇതിലടങ്ങിയ പ്രോട്ടീനുകളും എമൾസിഫൈയറാണ്. യഥാർത്ഥ ഫ്രഞ്ച് മയോണൈസിൽ കടുകിൻ്റെ പേസ്റ്റ് ചേർക്കാറുണ്ട്. ഇത് നല്ല ഒരു ഫ്ലേവർ നല്കുന്നതോടൊപ്പം എമസിഫൈയറായി പ്രവർത്തിക്കുകയും ചെയ്യും. ഫ്രഞ്ച് മയോണൈസിൽ മുട്ടയുടെ മഞ്ഞ മാത്രമാണ് ചേർക്കുന്നത്. ഇന്ത്യയിൽ ധാരാളമായും കടുക് പേസ്റ്റ് ചേർക്കാത്ത മയോണൈസാണ് ലഭ്യമായത്. ഇന്ത്യൻ മയോണൈസ് തയ്യാറാക്കുന്ന വിധമാണ് ചുവടെ കൊടുക്കുന്നത്.
അതിനായി വെള്ളത്തിൻ്റെ അംശം ഒട്ടുമില്ലാതെ നന്നായി ഉണങ്ങിയ മിക്സി ജാറെടുത്ത് അതിലേക്ക് മുൻപ് എടുത്തു വച്ച രണ്ട് മുട്ട, 1/4 ടീ സ്പൂൺ ഉപ്പ്, 1/2 ടീ സ്പൂൺ പഞ്ചസാര, 1 – 2 വെളുത്തുള്ളിയുടെ അല്ലി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. ഫ്ലേവറിനായി വെളുത്തുള്ളിക്ക് പകരം പുതിന, കുരുമുളക്, ഇറ്റാലിയൻ ഹെർബ്സ്, ഒലിവ്സ്, തന്തൂരി മസാല, എന്നിങ്ങനെ ഇഷ്ടമുള്ള ഫ്ലേവറുകൾ ചേർത്ത് കൊടുക്കാം. 10-15 സെക്കൻ്റ് ഇത് മിക്സിയിൽ അടിച്ചെടുക്കുക. എടുത്ത് വെച്ചിരിക്കുന്ന എണ്ണയിൽ നിന്നും 1/4 കപ്പ് എണ്ണയൊഴിച്ച് വീണ്ടും 10-15 സെക്കൻ്റ് ബ്ലെൻ്റ് ചെയ്യുക. ഇത് പോലെ 1/4 കപ്പ് എണ്ണ വീതം ചേർത്ത് മൂന്ന് തവണ ഇത് പോലെ ബ്ലൻ്റ് ചെയ്യുക. അങ്ങനെ 1/4 കപ്പ് വീതം നാല് തവണ ചേർക്കുമ്പോൾ എടുത്ത് വെച്ചിരിക്കുന്ന ഒരു കപ്പ് എണ്ണ തീരും. ശേഷം ഇതിലേക്ക് 2 ടീ സ്പൂൺ വിനാഗിരി ചേർത്ത് 10-15 സെക്കൻ്റ് ബ്ലെൻ്റ് ചെയ്തെടുക്കുമ്പോൾ മയോണൈസ് റെഡി. ഫ്ലേവറിനും മയോണൈസ് കേടാകാതെയിരിക്കാനുമാണ് വിനാഗിരി ചേർക്കുന്നത്. വിനാഗിരി ഇല്ലെങ്കിൽ പകരം നാരങ്ങ നീര് ചേർക്കാവുന്നതാണ്. ഈ മയോണൈസ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ 3-4 ദിവസം വരെ കേട് കൂടാതെയിരിക്കും. മുട്ട വേവിക്കാതെ ചേർക്കുന്നതിനാൽ പെട്ടെന്ന് ഉപയോഗിച്ച് തീർക്കുന്നതായിരിക്കും ഉത്തമം. മുട്ട ചേർക്കാതെയും മയോണൈസ് തയ്യാറാക്കാനാകും. മുട്ടയ്ക്ക് പകരമായി 1/2 കപ്പ് കൊഴുപ്പുള്ള പാലോ, ഫ്രഷ് ക്രീമോ, സോയ് മൽക്കോ ഉപയോഗിക്കാവുന്നതാണ്. ഇനി മയോണൈസ് കഴിക്കാൻ തോന്നുമ്പോൾ ഇതൊന്ന് പരീക്ഷിച്ച് നോക്കാം.