സൈബർ ലോകത്ത് കുറച്ച് നാളുകളായി വലിയൊരു തർക്കം നടക്കുകയാണ്. വലിയ ഗുരുതരമല്ലെങ്കിലും വഴക്ക് ഇപ്പോഴും തുടരുകയാണ്. അതും ഒരു ഡ്രസ്സിൻ്റെ നിറത്തെ ചൊല്ലിയാണ് തർക്കം. പലർക്കും ഇത് കേൾക്കുമ്പോൾ കൗതുകം തോന്നുമായിരിക്കാം. എന്നാൽ സംഗതി എന്തെന്നാൽ ഈ ഡ്രസ്സിൻ്റെ നിറം പറയുന്നത് അത്ര എളുപ്പമല്ല. കോടിക്കണക്കിന് ട്വീറ്റുകളും, റീ ട്വീറ്റുകളും ഷെയറുകളുമൊക്കെയായി ഈ ഡ്രസ്സിൻ്റെ ചിത്രം ഇപ്പോഴും ഇൻ്റർനെറ്റിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ആഗോള തർക്ക വിഷയമായി ഈ ഉടുപ്പിൻ്റെ ചിത്രം കുറച്ച് നാളുകൾ കൊണ്ട് മാറി കഴിഞ്ഞു.
ഈ ഉടുപ്പിൻ്റെ നിറം നീലയും കറുപ്പുമെന്ന് വാദിക്കുന്നവരും സ്വർണ നിറവും വെള്ളയുമെന്ന് വാദിക്കുന്ന മറ്റ് ചിലരുമുണ്ട്. ഹോളിവുഡ് താരവും പോപ് ഗായകരുമെല്ലാം ഈ തർക്കത്തിൽ ഇരുപക്ഷങ്ങളിലായി ചേർന്നു. എന്തിനേറെ പറയുന്നു ഇൻ്റർനെറ്റിൽ നിന്ന് മാറി ഇപ്പോഴിത് നാട്ടിലും വീട്ടിലും വരെ തർക്കമായി. ടംബ്ലർ എന്ന സോഷ്യൽ മീഡിയ നെറ്റ് വർക്കിംഗ് സൈറ്റിലാണ് ആദ്യം ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. കാത്ലീൻ മക്ക്നീൽ എന്ന സ്കോട്ടിഷ് ഗായികയാണ് ചിത്രം പോസ്റ്റ് ചെയ്തത്. മക്ക്നീലിന് തൻ്റെ അമ്മ അയച്ച ചിത്രമാണിത്. മകളുടെ കല്യാണത്തിന് എടുത്ത വസ്ത്രം ഇഷ്ടപ്പെട്ടോ എന്നറിയാനാണ് ചിത്രം അയച്ച് കൊടുത്തത്. ചിത്രത്തിൻ്റെ യഥാർത്ഥ നിറം നീലയും കറുപ്പും തന്നെ. എന്നാൽ ഓരോരുത്തരുടെയും കണ്ണ് വിവിധ തരംഗ ദൈർഘ്യമുള്ള പ്രകാശ കിരണങ്ങളെ സ്വീകരിക്കുന്ന രീതിയനുസരിച്ച് തലച്ചോറ് വർണങ്ങളെ വ്യത്യസ്തമായി കാണുന്നു എന്നാണ് വിദഗ്ദർ നല്കുന്ന ശാസ്ത്രീയ വിശദീകരണം. ഇത്തരത്തിൽ ഒരു ഓഡിയോയും സമീപകാലത്ത് വൈറലായിരുന്നു. എന്തൊക്കെ വിശദീകരണം ലഭിച്ചാലും ഈ തർക്കം പെട്ടെന്നങ്ങനെ നിർത്താൻ സൈബർ ലോകം ഒരുക്കമല്ല.